മേരിക്കൻ സൈന്യത്തെ പരിഭ്രാന്തിയിലാഴ്‌ത്തി റഷ്യയുടെ അത്യാധുനിക മിസൈൽ പരീക്ഷണം. മുങ്ങിക്കപ്പലുകളിൽ നിന്നും വിമാനത്തെ ലക്ഷ്യമാക്കി നാല് മിസൈലുകൾ പാഞ്ഞതാണ് യുഎസ് സൈന്യത്തെ വട്ടം കറക്കിയത്. റഷ്യൻ ഫാർ ഈസ്റ്റിലെ ഒഖോത്സ്‌ക് കടലിലാണ് മിസൈൽ പരീക്ഷണം നടന്നത്. റഷ്യയുടെ മുങ്ങിക്കപ്പലുകളിൽ നിന്ന് നാല് മിസൈലുകളാണ് ഡെമ്മി വിമാനങ്ങൾക്കു നേരെ വിക്ഷേപിച്ചത്.

മിസൈലുകളെ മുൻകൂട്ടി കണ്ടെത്തിയ യുഎസ് സൈനിക ഉപഗ്രഹങ്ങൾ അധികൃതർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു. ഇതോടെ ജർമനിയിലെ യുഎസ് സൈനിക വ്യോമതാവളത്തിൽ അപായസൂചന നൽകുകയും ചെയ്തു. എന്നാൽ, സംഭവിച്ചത് റഷ്യൻ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണമാണെന്ന് പിന്നീട് യുഎസ് സൈനികർ തിരിച്ചറിഞ്ഞു. ഇതോടെ മുന്നറിയിപ്പ് സൂചന അബദ്ധത്തിൽ സംഭവിച്ചതാണെന്നും അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു.

റഷ്യയുടെ മിസൈൽ വിക്ഷേപണത്തെ കുറിച്ച് യുഎസ് മിലിറ്ററി എയർബേസിന്റെ ഫേസ്‌ബുക് പേജിലും പോസ്റ്റ് ചെയ്തിരുന്നു. മിസൈൽ കുതിച്ചുയരുന്നത് കണ്ടതോടെ സൈനികർ അടിയന്തര നടപടിക്രമങ്ങൾ പാലിക്കുകയും കൈസർലൗട്ടൻ മിലിട്ടറി കമ്മ്യൂണിറ്റിയിലെ ഉദ്യോഗസ്ഥർക്ക് സമയബന്ധിതവും കൃത്യവുമായ അറിയിപ്പുകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ, മിസൈൽ വിക്ഷേപണം ഒരു പരിശീലന ദൗത്യത്തിന്റെ ഭാഗമാണെന്നും കെഎംസി പ്രദേശത്തിന് ഭീഷണിയല്ലെന്നും അധികൃതർ തന്നെ അറിയിക്കുകയായിരുന്നു.