കോഴിക്കോട്: കേരളത്തിലെ ഏറ്റവും വിലകുറഞ്ഞതും ജനപ്രിയവുമായ മദ്യമാണ് ജവാൻ. എന്നാൽ ഇത് അടിക്കുമ്പോൾ കൂമ്പ് കരിയാതെ നോക്കണം.ജവാൻ മദ്യത്തിന് രാസപരിശോധനയിൽ വീര്യം കൂടുതലെന്ന് കണ്ടെത്തൽ. ഇതേത്തുടർന്ന് മദ്യത്തിന്റെ വിൽപ്പന മരവിപ്പിക്കാൻ ഉത്തരവ്. ജുലൈ 20-ാം തിയ്യതിയിലെ മൂന്ന് ബാച്ച് മദ്യത്തിന്റെ വിൽപ്പനയാണ് അടിയന്തരമായി നിർത്തിവെക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

രാസപരിശോധനയിൽ സെഡിമെന്റ്സ് (മട്ട്) അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേരള സർക്കാരിനു കീഴിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡാണ് ജവാൻ റമ്മിന്റെ നിർമ്മാതാക്കൾ.ജൂലൈ 20-ലെ 245, 246, 247 ബാച്ചുകളുടെ വിൽപ്പനയാണ് നിരോധിച്ചത്. സാമ്പിൾ പരിശോധിച്ചപ്പോൾ മദ്യത്തിന്റെ വീര്യം 39.09% ്/്, 38.31% ്/്, 39.14% ്/് ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് നടപടിയെടുക്കാൻ എല്ലാ ഡിവിഷനുകളിലേയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണർമാർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.

ജനപ്രിയ ബ്രാൻഡ് ആയതുകൊണ്ട് ഇതിൽ വൻ തോതിൽ വ്യാജനും ഇറങ്ങുന്നുണ്ടെന്ന് പരാതിയുണ്ട്. നേരത്തെ കോഴിക്കോട് മുക്കത്ത് മലയോരം എന്ന ബാർ ജവാനിൽ വ്യാജൻ കണ്ടത്തിയതിനാൽ എക്സൈസ് അധികൃതർ അടച്ചുപൂട്ടിയിരുന്നു. മലയോരം ഗേറ്റ് വേ ബാറിന്റഎ ലൈസൻസും താത്ക്കാലികമായി സസ്പെന്റ് ചെയ്തിട്ടുണ്ട്. എസ്സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണന്റെ ഉത്തരവ് പ്രകാരമാണ് നടപടി. മലയോരം ഗേറ്റ് വേ ബാറിൽ നിന്ന് മദ്യം വാങ്ങി കഴിച്ച ചിലർക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതിൽ ഒരാൾ പരാതി നൽകിയതിനെത്തുടർന്ന് എക്സൈസ് സംഘം ബാറിലെത്തി മദ്യം പിടിച്ചെടുത്തു. ഇത് ലാബിൽ പരിശോധിച്ചപ്പോഴാണ് വ്യാജമദ്യമാണ് വിൽപ്പന നടത്തിയതെന്ന് കണ്ടെത്തിയത്.

മെയ് 29 നാണ് മലയോരം ബാറിൽ നിന്ന് ത്രിബിൾ എക്സ് ജവാൻ റം കഴിച്ചവർക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഇവിടെ നിന്ന് പിടിച്ചെടുത്ത രണ്ടു കുപ്പി മദ്യം റീജിയണൽ കെമിക്കൽ ലാബിൽ പരിശോധിക്കുകയായിരുന്നു. പരിശോധനാ ഫലത്തിൽ വിറ്റത് വ്യാജമദ്യമായിരുന്നെന്ന കണ്ടെത്തലുണ്ടായി. ഒരു കുപ്പി മദ്യത്തിൽ ഉണ്ടായിരിക്കേണ്ട ആൽക്കഹോളിന്റെ അളവിലും കൂടുതലായിരുന്നു ബാറിൽ നിന്ന് പിടിച്ചെടുത്ത മദ്യത്തിലുണ്ടായിരുന്നത്. ആൽക്കഹോളിന്റെ അളവ് പരമാവധി 42.18 ശതമാനമാണ് ഉണ്ടാവാനേ പാടുള്ളൂ. ബാറിൽ നിന്ന് പരിശോധനക്ക് അയച്ച കുപ്പിയിൽ 62.51 ശതമാനമായിരുന്നു ആൽക്കഹോളിന്റെ അളവ്.

ഇതേ സമയം ലാബ് റിപ്പോർട്ടിനെക്കുറിച്ച് തങ്ങൾക്കറിയില്ലെന്നും സർക്കാറിന്റെ മദ്യം വാങ്ങി വിൽപ്പന നടത്തുക മാത്രമാണ് തങ്ങൾ ചെയ്തിട്ടുള്ളതെന്നുമായിരുന്നു ബാർ അധികൃതരുടെ വാദം. സർക്കാർ ബിവറേജസ് കോർപ്പറേഷൻ വഴി വിൽപ്പന നടത്തിയ മദ്യത്തിൽ എങ്ങിനെ ഇത്തരമൊരു കാര്യമുണ്ടായെന്ന് വിശദമായ അന്വേഷണം നടത്തണം. പരിശോധിച്ച ലാബിൽ നിന്നോ എക്സൈസ് ഓഫീസിൽ നിന്നോ എന്തെങ്കിലും തെറ്റ് സംഭവിച്ചതാകാമെന്നും ബാർ അധികൃതർ പറഞ്ഞിരുന്നു. എന്നാൽ മറ്റു സ്ഥലങ്ങളിൽ നിന്ന് ഇത്തരമൊരു പരാതി വരാത്തതുകൊണ്ട് ബാറുകാർ കൃത്രിമം കാണിച്ചതാവാമെന്ന് എക്സൈസുകാർ അന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് കേസെടുത്തതല്ലാതെ മറ്റ് നടപടി സ്വീകരിച്ചിരുന്നില്ല. അധികൃതർക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുമ്പോഴാണ് എക്സൈസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം ബാർ ഹോട്ടൽ അടച്ചുപൂട്ടിയത്.