പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രകൾ കുറയ്ക്കുകയല്ല വർദ്ധിപ്പിക്കുകയാണ് വേണ്ടതെന്ന് പ്രശസ്ത സഞ്ചാരിയും സഫാരി ടിവി എംഡിയുമായ സന്തോഷ് ജോർജ് കുളങ്ങര. വിമർശനങ്ങൾ കാരണം പ്രധാനമന്ത്രി യാത്ര കുറയ്ക്കുകയല്ല, വർദ്ധിപ്പിക്കുകയാണ് വേണ്ടതെന്ന് സന്തോഷ് തന്നോട് പറഞ്ഞതായി ബിജെപി വക്താവ് സന്ദീപ് വാര്യർ വ്യക്തമാക്കുന്നു. സന്തോഷ് ജോർജ് കുളങ്ങരയെ മരങ്ങാട്ട്പള്ളിയിൽ സന്ദർശിച്ച വിവരം ഫേസ്‌ബുക്കിലൂടെയാണ് വാര്യർ കുറിച്ചത്.ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-'മലയാളിയെ യാത്ര ചെയ്യാൻ മോഹിപ്പിച്ച സഞ്ചാരിയെ, സന്തോഷ് ജോർജ് കുളങ്ങരയെ മരങ്ങാട്ട്പള്ളിയിൽ സന്ദർശിച്ചു.

ഒരു മണിക്കൂറോളം സമയം അദ്ദേഹത്തിന്റെ സഞ്ചാരാനുഭവങ്ങളും കാഴ്ചപ്പാടുകളും നേരിട്ടു കേൾക്കാൻ കഴിഞ്ഞു. കേരളത്തെ സംബന്ധിച്ച , മാറേണ്ട മലയാളി മനഃസ്ഥിതിയെപ്പറ്റിയുള്ള സന്തോഷ് ജോർജ് കുളങ്ങരയുടെ കാഴ്ചപ്പാടുകൾ യുവ രാഷ്ട്രീയ പ്രവർത്തകർ നിർബന്ധമായും കേൾക്കേണ്ടതാണ്. ഭാവി കേരളത്തെ സംബന്ധിച്ച എന്റെ ചിന്തകളും അദ്ദേഹത്തിന്റെ വീക്ഷണങ്ങളും തമ്മിൽ ഏറെ സാമ്യതകൾ ഉള്ളതായി തോന്നി.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശനം കാരണം യാത്രകൾ കുറയ്ക്കുകയല്ല യാത്രകളുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് വേണ്ടതെന്നാണ് സന്തോഷ് ജോർജ് കുളങ്ങരയുടെ അഭിപ്രായം . ലോകത്ത് എല്ലാ പ്രശ്‌നങ്ങൾക്കും പ്രതിവിധികൾ ഉണ്ട്. ലോകത്ത് നടക്കുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാനും പുതിയ ആശയങ്ങൾ സ്വായത്തമാക്കാനും യാത്രകൾ സഹായിക്കും. അങ്ങനെ സ്വായത്തമാക്കുന്ന പുതിയ അറിവുകൾ , ആശയങ്ങൾ ഇന്ത്യാക്കാർക്ക് വേണ്ടി നടപ്പിലാക്കാൻ കഴിയുന്നത് പ്രധാനമന്ത്രിക്ക് മാത്രമാണ്.

സീറോ ഗ്രാവിറ്റി എന്ന അനുഭവം എന്താണെന്ന് എങ്ങനെ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കും എന്നതാണ് കെന്നഡി സ്പേസ് സ്റ്റേഷനിലെ പരിശീലനത്തിനു ശേഷം താൻ നേരിട്ട പ്രതിസന്ധി എന്ന് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. യാത്രകൾ നൽകുന്ന അനുഭവവും അനുഭൂതിയും പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.അദ്ദേഹത്തിന്റെ കയ്യൊപ്പിട്ട ഒരു പുസ്തകവും സമ്മാനിച്ചാണ് ലേബർ ഇന്ത്യ ആസ്ഥാനത്തു നിന്നും യാത്രയാക്കിയത്'.