ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് പിന്നാലെ വെസ്റ്റ് ഇൻഡീസിനെതിരെ ജൂലൈ 22 മുതൽ 27 വരെ അവരുടെ നാട്ടിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവർക്കും വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനും പരമ്പരയിൽ വിശ്രമം അനുവദിച്ചു.

ഓപ്പണർ ശിഖർ ധവാനാകും ഇന്ത്യയെ നയിക്കുക. രവീന്ദ്ര ജഡേജയാണു വൈസ് ക്യാപ്റ്റൻ. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ഏകദിന പരമ്പരകൾക്കു ശേഷമാകും വിൻഡീസിനെതിരെ ഇന്ത്യ ഏകദിന പരമ്പര കളിക്കുക. ഇതിനു പിന്നാലെ 5 മത്സരങ്ങളുടെ ട്വന്റി20 പരമ്പരയും വിൻഡീസിനെതിരെ ഇന്ത്യ കളിക്കുന്നുണ്ട്. ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല.

മലയാളി താരം സഞ്ജു സാംസണും ഒരിടവേളയ്ക്കു ഇന്ത്യൻ ഏകദിന ടീമിലേക്കു മടങ്ങിയെത്തി. ഇഷാൻ കിഷനു പിന്നിൽ രണ്ടാം നമ്പർ വിക്കറ്റ് കീപ്പറായാണു സഞ്ജു 16 അംഗ ടീമിൽ ഇടം പിടിച്ചത്. 2021ൽ ഒരേയൊരു ഏകദിനം മാത്രമാണു സഞ്ജു ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളത്. മത്സരത്തിൽ 46 റൺസ് നേടിയെങ്കിലും സഞ്ജുവിനു പിന്നീട് ഏകദിന ടീമിൽ ഇടം ലഭിച്ചിട്ടില്ല.

അയർലൻഡിനെതിരായ മത്സരത്തിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് തുണയായത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിലും സഞ്ജു ഇടം നേടിയിട്ടുണ്ട്.

വിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ഏകദിന ടീം: ശിഖർ ധവാൻ (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശാർദുൽ ധാക്കൂർ, യുസ്വേന്ദ്ര ചെഗൽ, അക്ഷർ പട്ടേൽ, ആവേശ് ഖാൻ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്.