തിരുവനന്തപുരം: കോവിഡ് പ്രതിസന്ധികൾക്കിടെ നാളെ തുടങ്ങുന്ന സർവകലാശാലാ പരീക്ഷകൾക്കെതിരെ ശശി തരൂർ എംപി. നാളെ മുതൽ നടക്കാനിരിക്കുന്ന സർവകലാശാല പരീക്ഷ നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ട് തരൂർ ഗവർണറെ കണ്ടു. അനുഭാവപൂർണ്ണമായ പ്രതികരണമാണ് ഗവർണറുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും മുഖ്യമന്ത്രിയോട് സംസാരിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി തരൂർ അറിയിച്ചു.

സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ ബിരുദ-ബിരുദാനന്തര പരീക്ഷകളാണ് നാളെ മുതൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. കോവിഡ് പ്രതിസന്ധികൾക്കിടെ നടത്തുന്ന പരീക്ഷക്കെതിരെ ഒരു വിഭാഗം വിദ്യാർത്ഥികൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷവും പരീക്ഷ മാറ്റിവെക്കണമെന്ന നിലപാടിലാണ്.

രോഗവ്യാപനം കൂടൂന്ന സമയത്ത് ഓഫ് ലൈൻ പരീക്ഷ നടത്തുന്നതിന്റെ ആശങ്കയാണ് വിദ്യാർത്ഥികൾക്കുള്ളത്.വാക്‌സിൻ എല്ലാവർക്കും ലഭിച്ചില്ലെന്നതടക്കമുള്ള ആശങ്കയാണ്ഭൂരിപക്ഷം വിദ്യാർത്ഥികളും പങ്ക് വെക്കുന്നത്. പരീക്ഷ മാറ്റിവെയ്ക്കുന്നത് അക്കാദമിക് രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും സർവകലാശാലകൾ വ്യക്തമാക്കുന്നു.

സർവകലാശാലയുടെ അധികാര പരിധിക്ക് പുറത്തുള്ള കോളേജുകളിൽ 435 കുട്ടികൾക്ക് പരീക്ഷകന്ദ്രങ്ങൾ അനുവദിച്ചെന്ന് കേരള സർവ്വകലാശാല അറിയിച്ചു.. ബിഎസ്സി ,ബിക്കോം പരീക്ഷകൾ രാവിലെയും ബിഎ പരീക്ഷകൾ ഉച്ചക്കുമാണ് നടക്കുക. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കും. പരീക്ഷകൾ നടത്താൻ സർക്കാറും സർവ്വകലാശാലകളോട് ആവശ്യപ്പെട്ടിരുന്നു.