ജോഹന്നാസ്ബർഗ്: ഇന്ത്യയിൽ നിന്ന് കോവിഡ് വാക്സിൻ വാങ്ങാനൊരുങ്ങി ദക്ഷിണാഫ്രിക്ക. പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 15 ലക്ഷം ഡോസ് കോവിഡ് വാക്സിനാണ് ദക്ഷിണാഫ്രിക്ക വാങ്ങുക. രാജ്യത്തെ ആരോഗ്യപ്രവർത്തകർക്കായാണ് വാക്സിൻ വാങ്ങുന്നതെന്ന് ദക്ഷിണാഫ്രിക്കൻ ആരോഗ്യമന്ത്രി സ്വെലിനി മഖൈസ് വ്യക്തമാക്കി. ആദ്യ ഘട്ടമായി ഈ മാസം 10 ലക്ഷം ഡോസ് വാക്സിനും ഫെബ്രുവരിയോടെ അഞ്ച് ലക്ഷം ഡോസ് വാക്സിനും വാങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

ഓക്സഫഡും ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീൽഡ് വാക്സിനാണ് ദക്ഷിണാഫ്രിക്ക വാങ്ങുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നേരിട്ടാണ് ദക്ഷിണാഫ്രിക്കയുടെ ആരോഗ്യ വകുപ്പ് വാക്സിൻ വാങ്ങുന്നത്.

ആദ്യഘട്ടത്തിലെ കോവിഡ് വ്യാപനത്തിനു ശേഷം ദക്ഷിണാഫ്രിക്കയിൽ രണ്ടാം ഘട്ട വ്യാപനം രൂക്ഷമായിരിക്കുകയാണ് ഇപ്പോൾ. വ്യാപനശേഷി കൂടിയ പുതിയ വൈറസ് വകഭേദമാണ് ദക്ഷിണാഫ്രിക്കയിൽ ഇപ്പോൾ പടരുന്നതെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച 21,832 പുതിയ കോവിഡ് കേസുകളും 844 മരണവുമാണ് ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തത്. മിക്കവാറും ആശുപത്രികൾ രോഗികളേക്കൊണ്ട് നിറഞ്ഞതായാണ് റിപ്പോർട്ട്.