ന്യൂഡൽഹി: കർഷകരുടെയും ഗുസ്തിക്കാരുടെയുമെല്ലാം നാടാണ് ഹരിയാന. ഗുസ്തി ജീവിചത്തിന്റെ ഭാഗമായി തന്നെ കൊണ്ടു നടക്കുന്നവർ. ഒരു കാലത്ത് നീരജ് ചോപ്രയും കരുതിയത് താനും ഗുസ്തിക്കാരനാകുമെന്നാണ്. എന്നാൽ, ജീവിതത്തിൽ സംഭവിച്ചത് തിരിച്ചാണ്, ജാവലിൻ ത്രോയിലെ ലോകത്തിലെ രാജാവായി നീരജ് മാറി. ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് അത്‌ലറ്റിക്‌സിൽ നിന്നും ആദ്യ സ്വർണ്ണമെഡൽ സമ്മാനിച്ച നീരജ് ചോപ്ര ഇപ്പോൾ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും സ്വർണ മെഡിൽ നേടിയതിലൂടെ രാജ്യത്തിന്റെ പ്രതീക്ഷ കാത്തു. 88.17 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണം നേടിയത്.

കായിക രംഗത്ത് എളുപ്പും ശോഭിക്കാൻ ക്രിക്കറ്റ് ബാറ്റേന്തുന്നവർ നിരവധിയുള്ള നാട്ടിൽ ആദ്യം കായിക സ്വപ്നങ്ങൾ പോലും നീരജ് ചോപ്രയെന്ന ചെറുപ്പക്കാരന് ഉണ്ടായിരുന്നില്ല. പാനിപ്പറ്റിനെ കൂട്ടുകുടുംബത്തിൽ വളർന്ന നീരജ് വലിയ കടുംബത്തിലെ അംഗമായിരുന്നു. ഭക്ഷണപ്രിയനായ ചോപ്ര മധുരപലാഹരങ്ങൾ തിന്ന് നല്ല തടിയനായി മാറിയിരുന്നു. ഈ തടിയെ കൂട്ടുകാർ കളിയാക്കി തുടങ്ങിയപ്പോൾ ഉണ്ടായ നാണക്കേടാണ് നീരജിനെ ഒരു കായികതാരമാക്കിയത്.

തടി കുറയ്ക്കാൻ ലക്ഷ്യമിട്ട നീരജ് ചോപ്ര പിന്നീട് പോയത് ജിമ്മിലേക്കാണ്. ജിമ്മലേക്ക് പോയിരുന്നത് ശിവാജി സ്റ്റേഡിയം കടന്നായിരുന്നു. ഈ സ്റ്റേഡിയത്തിൽ കായികതാരങ്ങൾ പ്രാക്ടീസ് ചെയ്യുന്നത് കണ്ട് ചോപ്രയും അങ്ങോട്ട് കണ്ണെറിഞ്ഞു. ജാവലിൻ ത്രോ പരിശീലനം നടത്തുന്ന അത്‌ലറ്റുകളെ നീരജ് കണ്ടതോടെ ഈ കായിക ഇനത്തോട് നീരജിനും ഇഷ്ടമായി.

സ്റ്റേഡിയത്തിൽ എത്തി ജാവലിൻ പരിശീലിക്കാൻ തുടങ്ങിയത് ഒറ്റക്കായിരുന്നു. ബിഞ്ചോളിലെ ജാവലിൻ ത്രോ താരം ജയ്വീറിനെ കണ്ടുമുട്ടിയതാണ് നീരജിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. ജാവലിൻ ത്രോയിൽ താൽപ്പര്യം അറിയിച്ചതോടെ കൂടുതൽ പരിശീലനങ്ങളിലേക്ക് കടന്നു നീരജ്. 14-ാം വയസ്സിൽ പാഞ്ച്കുലയിലെ സ്പോർട്സ് നഴ്‌സറിയിലെത്തി അവിടെ നിന്നാണ് പരിശീലനം തുടങ്ങിയത്. സിന്തറ്റിക് ട്രാക്കുകൾ പതിവായി തുടങ്ങിയകാലത്ത് സിന്തറ്റിക്ക് ട്രാക്കിലെ ആദ്യ ജാവലിൻ പരിശീലനം. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല ജാവലിൻ ത്രോയിലെ ഈ മിന്നും താരത്തിന്.

2012-ൽ ലക്ക്‌നൗവിൽ ആദ്യ ദേശീയ ജൂനിയർ സ്വർണം നേടിയതോടെയാണ് ദേശീയ തലത്തിൽ നീരജ് ചോപ്ര ശ്രദ്ധേയനാകുന്നത്. 68.46 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോഡും തിരുത്തിയിരുന്നും അദ്ദേഹം. എന്നാൽ അന്താരാഷ്ട്ര തലത്തിൽ നിറം മങ്ങിയ തുടക്കമാണ് നീരജിന് ലഭിച്ചത്. 2013-ൽ യുക്രെയ്‌നിൽ നടന്ന ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ ലഭിച്ചത് 19-ാം സ്ഥാനം മാത്രമായിരുന്നു ലഭിച്ചത്. രണ്ടു വർഷങ്ങൾക്ക് ശേഷം ചൈനയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഒമ്പതാം സ്ഥാനവുമായി മടങ്ങേണ്ടിവന്നു.

ഇതോടെ വിദേശത്ത് പോയി പരിശീലനം നേടിയ നീരജ് ലോക റെക്കോഡുകാരനായ ഉവെ ഹോഹ്നയുടേയും (ജാവലിൻ 100 മീറ്റർ പായിച്ച ജർമൻ താരം) വെർണർ ഡാനിയൽസിന്റേയും ഗാരി കാൽവേർട്ടിന്റേയും ക്ലൗസ് ബർട്ടോനിയെറ്റ്‌സിന്റേയും ശിഷ്യനായി. നീരജിന്റെ കരിയറിൽ തന്നെ നിർണായകമായിരുന്നു ഈ വിദേശ കോ്ച്ചുമാരുടെ സേവനം. ഈ വിദേശ പരിശീലനമാണ് നീരജിന് സ്വർണ്ണമെഡൽ സമ്മാനിച്ചത്.

2016-ന് ശേഷം നീരജിന്റെ ജൈത്രയാത്രയാണ് കണ്ടത്. ലോക അണ്ടർ -20 ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി. 86.48 മീറ്റർ എറിഞ്ഞ് ലോക ജൂനിയർ റെക്കോഡും ഇന്ത്യൻ താരം സ്വന്തം പേരിൽ കുറിച്ചു. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. 2018-ൽ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണത്തിലേക്ക് എറിഞ്ഞു.

ഇതിനിടയിൽ കൈമുട്ടിന് പരിക്കേറ്റത് നീരജ് ചോപ്രയെ കുറച്ചുകാലം വലച്ചു. ഒടുവിൽ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നു. ഇതോടെ 2019-ലെ ലോക അത്‌ലറ്റിക്‌സ്് ചാമ്പ്യൻഷിപ്പിലും ദേശീയ ഓപ്പൺ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും നീരജിന് പങ്കെടുക്കാനായില്ല. 2020-ൽ കോവിഡിനെ തുടർന്ന പരിശീലനവും മുടങ്ങി. എന്നാൽ 2021-ൽ തിരിച്ചുവരവ് കണ്ടു. ആ വർഷം നടന്ന അഞ്ച് മത്സരങ്ങളിൽ നാല് എണ്ണത്തിലും 83 മീറ്ററിന് മുകളിൽ ജാവലിൻ പായിച്ചു.

ഒളിംപിക്‌സ് ചരിത്രത്തിൽ ആദ്യമായി അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക് മെഡൽ നേട്ടം ചോപ്ര നേടിയത് കൃത്യമായ പരിശീലനത്തിലൂടെയാണ്. ടോക്യോയിൽ ഇന്ത്യയുടെ ആദ്യ സ്വർണം. 2008ലാണ് ഇന്ത്യ വ്യക്തിഗത ഇനത്തിൽ അവസാനമായി സ്വർണം നേടിയത്. ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്രയിലൂടെയായിരുന്നു അത്.

അന്ന് ഫൈനലിൽ ആദ്യ ശ്രമത്തിൽ നീരജ് കണ്ടെത്തിയത് 87.03. രണ്ടാം ശ്രമത്തിൽ 87.58 എന്ന ദൂരമാണ് നീരജ് ചോപ്ര സ്വന്തമാക്കിയത്. മൂന്നാം ശ്രമത്തിൽ 76.79 ആണ് നീരജിന് കണ്ടെത്താനായത്. 90ന് മുകളിൽ ദൂരം കണ്ടെത്തിയിരുന്ന ലോക ഒന്നാം നമ്പർ താരം ജർമനിയുടെ ജൊഹനസ് വെറ്ററായിരുന്നു നീരജിന് മുൻപിലെ പ്രധാന വെല്ലുവിളി. ജൊഹനസ് വെറ്റർ 85.30 ആണ് ആദ്യ ത്രോയിൽ കണ്ടെത്തിയത്. എന്നാൽ വെറ്ററിന് രണ്ടാമത്തെ അവസരത്തിൽ കണ്ടെത്താനായത് 82.52 മാത്രംമായിരുന്നു.

കളിക്കളത്തിന് പുറത്തും അടിമുടി ജെന്റിൽമാനാണ് നീരജ് ചോപ്ര. ജാവലിനെ തന്റെ മുഖ്യ എതിരാളി പാക്കിസ്ഥാന്റെ അർഷദ് നദീമിനെതിരെ സൈബർ ആക്രമണം ഉണ്ടായപ്പോവും പ്രതിരോധിച്ച് നീരജ് രംഗത്തുവന്നിരുന്നു. തന്റെ പേരു പറഞ്ഞ് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഇറങ്ങിയവരെയും നീരജ് തള്ളിപ്പറയുകയുണ്ടായി.

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായാണ് നീരജ് ചോപ്ര മാറിയിരിക്കുന്നത്. രണ്ടാമത്തെ ശ്രമത്തിൽ നേടിയ 88.17 മീ. ദൂരമാണ് നീരജിനെ ജേതാവാക്കിയത്. മൂന്നാം ശ്രമത്തിൽ 86.32 മീറ്ററും, നാലാം ശ്രമത്തിൽ 84.64 മീറ്ററും, അവസാന ശ്രമത്തിൽ 83.98 മീറ്ററുമാണ് കണ്ടെത്തിയത്. രണ്ടാം ശ്രമത്തിൽ നേടിയ 88.17 മീ, പിന്നീടുള്ള ശ്രമങ്ങളിൽ മെച്ചപ്പെടുത്താനായില്ലെങ്കിലും, സ്വർണം നീരജിന് തന്നെയായി. 87.73 മീറ്റർ എറിഞ്ഞ പാക്കിസ്ഥാന്റെ അർഷദ് നദീം രണ്ടാം സ്ഥാനത്താണ് എത്തിയത്.

ഫൈനലിലെത്തിയ ഇന്ത്യൻ താരങ്ങളായ കിഷോർ ജെന, ഡി.പി. മനു എന്നിവർ നാലും അഞ്ചും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു. 84.77 മീറ്ററാണ് കിഷോർ ജെനയുടെ മികച്ച ദൂരം. മനു 84.14 മീറ്റർ വരെ എറിഞ്ഞു. നീരജ് ചോപ്രയുടെ ആദ്യശ്രമം ഫൗൾ ആയി പോയി. അതേസമയം, ഇന്ത്യയുടെ ഡി പി ബിനു 78.44 മീ. എറിഞ്ഞ് മികച്ച തുടക്കമിട്ടു. എന്നാൽ, ആറാമതായിരുന്നു. കിഷോർ ജേന 75.70 മീ. എറിഞ്ഞു. ആദ്യ ത്രോയിൽ ഫിൻലൻഡിന്റെ ഒളിവർ ഹീലാൻഡർ 83.38 മീ. മായി മുന്നിട്ടുനിന്നു.

രണ്ടാമത്തെ ത്രോയിൽ നീരജ് താൻ ആരാണെന്ന് കാട്ടി കൊടുത്തു. 88.17 മീറ്റർ ദൂരം എറിഞ്ഞിട്ടും. ഇതോടെ പിന്നിലാക്കി നീരജ് ഒന്നാമതെത്തി. ബിനുവിന്റെ രണ്ടാമത്തെ ത്രോ ഫൗളായി. മൂന്നാമത്തെ ശ്രമത്തിൽ 86.32 മീ. താണ്ടാനേ കഴിഞ്ഞുള്ളുവെങ്കിലും നീരജ് തന്നെയായിരുന്നു ടോപ്പർ. പാക്കിസ്ഥാന്റെ അർഷദ് നദീം 87.82 മീ. എറിഞ്ഞെങ്കിലും, നീരജിനെ മറികടക്കാനായില്ല.