മുംബൈ: ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളിയായ സഞ്ജു വി സാംസണ് ഇടമില്ല. രോഹിത് ശർമ്മയാണ് ക്യാപ്ടൻ. കെഎൽ രാഹുൽ ടീമിൽ തിരിച്ചെത്തി. ഇതോടെയാണ് സഞ്ജുവിന് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി ടീമിലെത്താൻ കഴിയാതെ പോകുന്നത്. ഇഷാൻ കിഷനും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. തിലക് വർമ്മയും പ്രസീദ് കൃഷ്ണയും ടീമിലെത്തി. എന്നാൽ സഞ്ജു റിസർവ്വ് താരമായി പട്ടികയിലുണ്ട്. ആർക്കെങ്കിലും പരിക്ക് പറ്റിയാൽ സഞ്ജുവിന് ടീമിലെത്താൻ കഴിയും.

വിൻഡീസിനെതിരായ ടി20 പരമ്പരയിൽ തിളങ്ങിയ യുവതാരം തിലക് വർമ ഏഷ്യാ കപ്പ് ടീമിലിടം നേടിയപ്പോൾ ഏകദിനത്തിൽ മികച്ച റെക്കോർഡില്ലെങ്കിലും സൂര്യകുമാർ യാദവും സ്ഥാനം നിലനിർത്തി. പരിക്കിനെ തുടർന്ന് ഒരു വർഷം പുറത്തായിരുന്ന പേസർ ജസ്പ്രീത് ബുംമ്ര ഏകദിന ടീമിൽ തിരിച്ചെത്തിയപ്പോൾ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും പേസർമാരായി. വിൻഡീസിൽ തിളങ്ങിയ മുകേഷ് കുമാർ പുറത്തായപ്പോൾ അയർലൻഡിനെതിരെ തിളങ്ങിയ പ്രസിദ്ധ് കൃഷ്ണ നാലാം പേസറായി ടീമിലെത്തി.സ്പിന്നർമാരായി അക്‌സർ പട്ടേലും കുൽദീപ് യാദവും രവീന്ദ്ര ജഡേജയും സ്ഥാനം നിലനിർത്തിയപ്പോൾ യുസ്വേന്ദ്ര ചാഹൽ വീണ്ടും പുറത്തായി. അശ്വിനെ പരിഗണിച്ചില്ല.

ഈ മാസം 30ന് പാക്കിസ്ഥാൻ-നേപ്പാൾ മത്സരത്തോടെ തുടങ്ങുന്ന ഏഷ്യാ കപ്പിൽ സെപ്റ്റംബർ രണ്ടിന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ശ്രീലങ്കയിലെ കാൻഡിയാണ് ഇന്ത്യ-പാക് മത്സരത്തിന് വേദിയാവുക. ഒക്ടോബർ അഞ്ചിന് മുമ്പ് തുടങ്ങുന്ന ഏകദിന ലോകകപ്പിനു മുമ്പ് ഇന്ത്യക്ക് ടീം ഒരുക്കാൻ ലഭിക്കുന്ന അവസാന അവസരമാണ് ഏഷ്യാ കപ്പ്. ഇതിനുശേഷം സെപ്റ്റംബറിൽ ഓസ്‌ട്രേലിയക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ലോകകപ്പിനു മുമ്പുള്ള ഇന്ത്യയുടെ അവസാന പരമ്പര.

ഇത്തവണ കരുത്തുറ്റ താരനിരയാണ് ഇന്ത്യക്കുള്ളത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം സംതുലിതമാണ്. മികച്ച പ്രകടനം കാഴ്ചവെക്കാൻ ശേഷിയുള്ള താരങ്ങളാണ് ഇന്ത്യക്കൊപ്പമുള്ളത്. രോഹിത് ശർമ, വിരാട് കോലി എന്നിവരുടെ ബാറ്റിലാണ് ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും. ശ്രീലങ്കയിലാണ് ഇത്തവണ ഇന്ത്യയുടെ മത്സരങ്ങൾ നടക്കാൻ പോകുന്നത്. കോലിക്കും രോഹിത്തിനും ശ്രീലങ്കയിൽ ഗംഭീര റെക്കോഡ് അവകാശപ്പെടാം. വിരാട് കോലിയാണ് അവസാന അഞ്ച് ഏഷ്യാ കപ്പിൽ മൂന്ന് തവണയും ഇന്ത്യയുടെ റൺവേട്ടക്കാരിൽ തലവനായത്. രണ്ട് തവണ ധവാൻ ഈ നേട്ടത്തിലെത്തി. ഇത്തവണ ധവാൻ ഇന്ത്യൻ ടീമിലില്ല. ഗില്ലിന്റെ ബാറ്റിംഗും നിർണ്ണായകമാകും.

ഏഷ്യാ കപ്പിനുള്ള ടീമിനെയാണ് തെരഞ്ഞെടുക്കുന്നതെങ്കിലും സെലക്ടർമാരുടെ കണ്ണും മനസും ഇന്ത്യ വേദിയാവുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലാണ്. ലോകകപ്പിന് മുൻപ് കെട്ടുറപ്പുള്ള ടീമിനെ കണ്ടെത്തുകയാണ് ലക്ഷ്യം. നാലാം നമ്പർ ബാറ്ററെ കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി. വിൻഡീസിനെതിരായ പരമ്പരയിൽ പ്രതീക്ഷിച്ച മികവിലേക്ക് എത്താതിരുന്ന സഞ്ജു സാംസണ് ലോകകപ്പിൽ പ്രതീക്ഷകളുണ്ട്.

ഇന്ത്യൻ ടീം
രോഹിത് ശർമ്മ(ക്യാപ്ടൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംമ്ര, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷാമി, ഇഷാൻ കിഷൻ, ഷാർദ്ദുൾ താക്കൂർ, അക്‌സർ പട്ടേൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, പ്രസീദ് കൃഷ്ണ