ന്യൂഡൽഹി: ഏകദിന ലോകകപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെ ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസണിനെ റിസർവ് താരമായി മാത്രം ഉൾപ്പെടുത്തുകയും അഞ്ച് മുംബൈ ഇന്ത്യൻസ് താരങ്ങളെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തതിൽ വിമർശവുമായി ആരാധകർ. ഏകദിന ക്രിക്കറ്റിൽ മികച്ച റെക്കോർഡുണ്ടായിട്ടും സഞ്ജു സാംസണെ റിസർവ് താരമായി മാത്രം പരിഗണിച്ചപ്പോൾ വിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ മാത്രം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ യുവതാരം തിലക് വർമ ഏഷ്യാ കപ്പ് ടീമിലെത്തി.

ഏകദിനത്തിൽ വലിയ ഇന്നിങ്‌സുകൾ ഒന്നും ഇതുവരെ കണ്ടെത്താൻ കഴിയാത്ത സൂര്യകുമാർ യാദവ് പോലും 17 അംഗ ടീമിൽ സ്ഥാനം നിലനിർത്തി. ശ്രേയസ് അയ്യരും കെ എല് രാഹുലും തിരിച്ചെത്തുമ്പോൾ പ്ലേയിങ് ഇലവനിൽ സുര്യകുമാറിന് ഇടമുണ്ടാകില്ലെങ്കിലും സൂര്യയെ 17 അംഗ ടീമിൽ നിലനിർത്തിയതും ആരാധകരെ ചൊടിപ്പിച്ചു. തിലക് വർമക്കും സൂര്യകുമാറിനും പുറമെ ക്യാപ്റ്റൻ രോഹിത് ശർമ, ഇഷാൻ കിഷൻ, ജസ്പ്രീത് ബുമ്ര എന്നിവരാണ് മുംബൈയുടെ താരങ്ങളായി ഏഷ്യാ കപ്പിനുള്ള ടീമിലെത്തിയത്. ശ്രേയസ് അയ്യരും ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ താരമാണ്. ചീഫ് സെലക്ടർ അജിത് അഗാർക്കറും മുംബൈയുടെ താരമായിരുന്നു.

മോശം പ്രകടനത്തിന്റെ പേരിലാണ് സഞ്ജുവിനെ മാറ്റിനിർത്തിയതെങ്കിൽ, സൂര്യകുമാർ യാദവും തിലക് വർമയും ഉൾപ്പെടെയുള്ളവർക്ക് അവസരം നൽകിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് ആരാധകർ ചോദിക്കുന്നു. ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ വിശദാംശങ്ങൾ പങ്കുവച്ച് ബിസിസിഐ എക്‌സ് പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) പങ്കുവച്ച പോസ്റ്റിനു താഴെ കമന്റുകളായും സഞ്ജുവിനെ റിസർവ് താരമാക്കി ഒതുക്കിയതിലുള്ള അമർഷം നിറയുകയാണ്.

0, 1 എന്നിങ്ങനെയാണ് തിലക് വർമയുടെ അവസാന രണ്ട് ഇന്നിങ്‌സുകളിലെ സ്‌കോർ. സൂര്യകുമാർ യാദവിന് ആകട്ടെ, ഇതുവരെ കളിച്ച 26 മത്സരങ്ങളിൽനിന്ന് 24 റൺസ് ശരാശരി മാത്രമാണുള്ളത് ഏകദിനത്തിൽ ഇതുവരെ 13 മത്സരങ്ങളിൽ മാത്രമേ സഞ്ജുവിന് അവസരം ലഭിച്ചിട്ടുള്ളൂ. എന്നിട്ടും ശരാശരി 55നു മുകളിലാണ്. നാലാം നമ്പറിൽ പ്രഹരശേഷി 125ഉം. എന്നിട്ടും സഞ്ജുവിനെ റിസർവ് താരമായി ഒതുക്കിയെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ മത്സരത്തിൽ അയർലൻഡിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജു ഏഷ്യാകപ്പ് ടീമിൽ ഉൾപ്പെടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇഷാൻ കിഷൻ വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിൽ ഉൾപ്പെട്ടെങ്കിലും സ്‌പെഷലിസ്റ്റ് ബാറ്ററായി സഞ്ജുവിനെ പരിഗണിച്ചേക്കുമെന്നായിരുന്നു വിലയിരുത്തൽ. മധ്യനിരയ്ക്ക് കരുത്തുപകരാൻ നിലവിൽ മികച്ച താരം സഞ്ജുവാണെന്നും ക്രിക്കറ്റ് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

ഇന്ത്യൻ ക്രിക്കറ്റിനെ ഭരിക്കുന്നത് മുംബൈ ലോബിയാണെന്നും അതുകൊണ്ടാണ് ഇത്രയും മുംബൈ താരങ്ങൾ ഇന്ത്യൻ ടീമിലിടം നേടിയതെന്നും ആരാധകർ വിമർശിക്കുന്നു. സഞ്ജുവിനെപ്പോലെ പേസർമാരായ മുകേഷ് കുമാർ,അർഷ്ധീപ് സിങ്, സ്പിന്നർ യുസ്വേന്ദ്ര ചാഹൽ എന്നിവരെല്ലാം പുറത്തായത് മുംബൈ ലോബിയുടെ ആധിപത്യത്തിന് തെളിവാണെന്നും ആരാധകർ പറയുന്നു.

ബിസിസിഐ പ്രസിഡന്റ് ജയ് ഷായും ക്യാപ്റ്റൻ രോഹിത് ശർമയും ചീഫ് സെലക്ടർ അഗാർക്കറും ചേർന്ന് തങ്ങളുടെ ഇഷ്ടക്കാരെ മാത്രം ടീമിൽ കുത്തിനിറച്ചപ്പോൾ സഞ്ജു അടക്കം അർഹരായ പലതാരങ്ങളും ടീമിൽ നിന്ന് പുറത്തായെന്നും ആരാധകർ വിമർശിക്കുന്നു.

ഇഷാൻ കിഷൻ ടീമിന് വലിയ ബാധ്യതയാകുമെന്നും ഓപ്പണറായി മാത്രമെ കിഷനെ കളിപ്പിക്കാൻ കഴിയൂവെന്നും ചൂണ്ടിക്കാട്ടുന്ന ആരാധകർ അങ്ങനെ കളിച്ചാൽ വിരാട് കോലിക്ക് ബാറ്റിങ് ക്രമത്തിൽ താഴേക്കിറങ്ങേണ്ടിവരുമെന്നും വ്യക്തമാക്കുന്നു. സഞ്ജുവിനെ ആയിരുന്നു ടീമിലെടുത്തത് എങ്കിൽ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമായിരുന്നുവെന്നും പക്ഷെ അങ്ങനെ ചെയ്താൽ അവർക്ക് മുംബൈ ലോബിയെ തൃപ്തിപ്പെടുത്താനാവില്ലെന്നും അവർ പറയുന്നു. പ്രകടനമല്ല, കോച്ചിന്റെയോ ക്യാപ്റ്റന്റെയോ ഇഷ്ടക്കാരാവുകയും ലോബിയിംഗുമാണ് ഇന്ത്യൻ ടീമിൽ സ്ഥാനം നിലനിർത്താനുള്ള വഴികളെന്നും ആരാധകർ പറയുന്നു.

ഓഗസ്റ്റ് 30നാണ് ഏഷ്യാകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. സെപ്റ്റംബർ 2ന് ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പിനു മുന്നോടിയായുള്ള പ്രധാന ടൂർണമെന്റ് ആയതിനാൽ മത്സരങ്ങളെ ഗൗരവത്തോടെയാണ് ടീം മാനേജ്‌മെന്റ് നോക്കിക്കാണുന്നത്.

നിലവിൽ അയർലൻഡിനെതിരെ നടക്കുന്ന പരമ്പരയിൽ ടീമിന്റെ ഭാഗമാണ് സഞ്ജു. കഴിഞ്ഞ മത്സരത്തിൽ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുന്ന സഞ്ജു, ടീമിന്റെ സ്‌കോർ ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. 26 പന്തിൽ 40 റൺസാണ് താരം അടിച്ചുകൂട്ടിയത്. ബുധനാഴ്ചയാണ് ഈ പരമ്പരയിലെ അവസാന മത്സരം.