കൊൽക്കത്ത: ലോകകപ്പിൽ വീണ്ടും ഇന്ത്യ-ഓസ്‌ട്രേലിയ സ്വപ്ന ഫൈനൽ. കൊൽക്കത്തയിൽ നടന്ന രണ്ടാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തകർത്താണ് ഓസ്‌ട്രേലിയ ലോകകപ്പിൽ എട്ടാം ഫൈനലിന് അർഹരായത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 16 പന്ത് ബാക്കി നിർത്തി ഓസീസ് മറികടന്നു. തുടക്കത്തിൽ തകർത്തടിച്ച ട്രാവിസ് ഹെഡും ഡേവിഡ് വാർണറും ഓസീസിന് മികച്ച തുടക്കമിട്ടു.

എന്നാൽ ഷംസിയും കേശവ് മഹാരാജും പന്തെറിയാനെത്തിയതോടെ തകർന്നടിഞ്ഞ ഓസീസ് 137-5 ലേക്ക് വീണെങ്കിലും സ്റ്റീവ് സ്മിത്തും ജോഷ് ഇംഗ്ലിസും ചേർന്ന് ഓസീസിനെ വിജയത്തിന് അടുത്തെത്തിച്ചു. വിജയത്തിനടുത്ത് സ്മിത്തും ഇംഗ്ലിസും മടങ്ങിയെങ്കിലും പതറാതെ പൊരുതിയ മിച്ചൽ സ്റ്റാർക്കും പാറ്റ് കമിൻസും ചേർന്ന് ഓസീസിനെ വിജയവര കടത്തുകയായിരുന്നു.

പ്രാഥമിക റൗണ്ടിൽ മികച്ച വിജയങ്ങളുമായി മുന്നേറിയ ശേഷം വീണ്ടുമൊരിക്കൽ കൂടി ലോകകപ്പ് സെമിയിൽ ദക്ഷിണാഫ്രിക്കയുടെ കണ്ണീർ കാണാനായിരുന്നു ആരാധകരുടെ വിധി. 1999, 2007, 2015 വർഷങ്ങളിൽ ലോകകപ്പ് സെമിയിൽ പിടികൂടിയ ദുർഭൂതം 2023-ലും പ്രോട്ടീസിനെ വിട്ടകന്നില്ല. വീണ്ടുമൊരിക്കൽ കൂടി ഓസ്‌ട്രേലിയയുടെ പോരാട്ട വീര്യത്തിന് മുന്നിൽ പ്രോട്ടീസ് നിര മത്സരം കൈവിട്ടു.

സെമിയിൽ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് കീഴടക്കി ഓസ്ട്രേലിയ തങ്ങളുടെ എട്ടാം ലോകകപ്പ് ഫൈനലിന് ടിക്കറ്റെടുത്തു. അഞ്ചു തവണ ജേതാക്കളായ ഓസീസ് ആറാം കിരീടം ലക്ഷ്യമിട്ട് നവംബർ 19-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്കെതിരായ കലാശപ്പോരിനിറങ്ങും.

ദക്ഷിണാഫ്രിക്ക ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് സംഘം 47.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഗ്രൂപ്പ് ഘട്ടത്തിൽ ഓസീസ് ദക്ഷിണാഫ്രിക്കയോട് തോൽവി വഴങ്ങിയിരുന്നു. 1999, 2007 ലോകകപ്പ് സെമിയിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഫൈനലിൽ കടന്ന ഓസീസ് ഇത്തവണയും അതാവർത്തിച്ചു.

ഓസീസ് ബാറ്റിങ്ങിനെ കാര്യമായി പരീക്ഷിച്ചാണ് ദക്ഷിണാഫ്രിക്ക കീഴടങ്ങിയത്. അർധ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിന്റെയും നിർണായക ഘട്ടങ്ങളിൽ മികച്ച ഇന്നിങ്സ് കാഴ്ചവെച്ച ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, ജോഷ് ഇംഗ്ലിസ് എന്നിവരുടെയും പ്രകടനങ്ങളാണ് കടുത്ത പോരാട്ടത്തിൽ ഓസീസിനെ തുണച്ചത്.

ചെറിയ വിജയലക്ഷ്യമായിരുന്നെങ്കിലും സ്പിന്നർമാർ പന്തെറിയാനെത്തിയാൽ പാടുപെടുമെന്ന് തിരിച്ചറിഞ്ഞ ഓസീസ് ഓപ്പണർമാരായ ഡേവിഡ് വാർണറും ട്രാവിസ് ഹെഡും തകർത്തടിച്ചാണ് തുടങ്ങിയത്.ആദ്യ ആറോവറിൽ 60 റൺസാണ് ഇരുവരും അടിച്ചെടുത്തത്.

ട്രാവിസ് ഹെഡും ഡേവിഡ് വാർണറും ചേർന്ന് 37 പന്തിൽ 60 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഓസീസ് മേൽക്കൈ നേടി. എന്നാൽ ഏഴാം ഓവറിൽ വാർണറെ മടക്കി ഏയ്ഡൻ മാർക്രം ഈ കൂട്ടുകെട്ട് പൊളിച്ചു. 18 പന്തിൽ നിന്ന് ഒരു ഫോറും നാല് സിക്‌സുമടക്കം 29 റൺസെടുത്താണ് വാർണർ മടങ്ങിയത്.

പിന്നാലെയെത്തിയ മിച്ചൽ മാർഷിനെ അക്കൗണ്ട് തുറക്കും മുമ്പ് റബാദ മടക്കി. എന്നാൽ അർധ സെഞ്ചുറി നേടിയ ഹെഡ് ഓസീസിനെ മുന്നോട്ടുനയിച്ചു. 15-ാം ഓവറിൽ ഹെഡിനെ കേശവ് മഹാരാജ് മടക്കി. 48 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്‌സുമടക്കം 62 റൺസായിരുന്നു ഹെഡിന്റെ സമ്പാദ്യം.

തുടർന്ന് മാർനസ് ലബുഷെയ്നെ കൂട്ടുപിടിച്ച് സ്മിത്ത് സ്‌കോർ 133 വരെയെത്തിച്ചു. പിന്നാലെ 22-ാം ഓവറിൽ ലബുഷെയ്നെ തബ്രൈസ് ഷംസി വിക്കറ്റിന് മുന്നിൽ കുടുക്കി. 31 പന്തിൽ നിന്ന് 18 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെ അപകടകാരിയായ ഗ്ലെൻ മാക്സ്വെല്ലിന്റെ (1) കുറ്റി തെറിപ്പിച്ച ഷംസി ഓസീസിനെ ശരിക്കും പ്രതിരോധത്തിലാക്കി.

തുടർന്ന് ആറാം വിക്കറ്റിൽ ഇംഗ്ലിസിനെ കൂട്ടുപിടിച്ച് സ്മിത്ത് 37 റൺസ് ചേർത്തതോടെ ഓസീസിന് വീണ്ടും പ്രതീക്ഷ കൈവന്നു. എന്നാൽ 62 പന്തിൽ നിന്ന് 30 റൺസെടുത്ത സ്മിത്തിനെ 34-ാം ഓവറിൽ കോട്ട്സി പുറത്താക്കി. തുടർന്ന് പിടിച്ചുനിന്ന ഇംഗ്ലിസിനെ 40-ാം ഓവറിൽ പുറത്താക്കിയ കോട്ട്സി കളിയെ വീണ്ടും അനിശ്ചിതത്വത്തിലാക്കി. 49 പന്തുകൾ നേരിട്ട് 28 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

എന്നാൽ സ്റ്റാർക്കും കമ്മിൻസും ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ ഓസീസിനെ ഫിനിഷിങ് ലൈൻ കടത്തി. സ്റ്റാർക്ക് 16 റൺസോടെയും കമ്മിൻസ് 14 റൺസോടെയും പുറത്താകാതെ നിന്നു.

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 49.4 ഓവറിൽ 212 റൺസിന് ഓൾഔട്ടായിരുന്നു. തുടക്കം തകർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഡേവിഡ് മില്ലറുടെയും ഹെന്റിച്ച് ക്ലാസന്റെയും ഇന്നിങ്‌സുകളാണ് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. ബാറ്റിങ് തകർച്ചയ്ക്കിടെ സെഞ്ചുറി നേടിയ മില്ലർ 116 പന്തിൽ നിന്ന് എട്ട് ഫോറും അഞ്ച് സിക്‌സുമടക്കം 101 റൺസെടുത്തു.

നേരത്തെ ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ മുൻനിര അവിശ്വസനീയമായി തകർന്നടിഞ്ഞപ്പോൾ സെഞ്ചുറിയുമായി പൊരുതി ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്‌കോറിലെത്തിച്ചത്. 24-4 എന്ന സ്‌കോറിൽ ക്രീസിലെത്തിയ മില്ലർ 101 റൺസെടുത്ത് 48-ാം ഓവറിൽ പുറത്താവുമ്പോൾ ദക്ഷിണാഫ്രിക്ക 200 കടന്നിരുന്നു. 116 പന്തിൽ എട്ട് ഫോറും അഞ്ച് സിക്‌സും പറത്തി മില്ലർ 101 റൺസടിച്ചപ്പോൾ 47 റൺസെടുത്ത ഹെന്റിച്ച് ക്ലാസനും ദക്ഷിണാഫ്രിക്കക്കായി പൊരുതി.

മോശം തുടക്കമായിരുന്നു പ്രോട്ടീസിന്റേത്. തുടക്കത്തിൽ ഓസീസ് പേസർമാർക്കെതിരേ റൺസെടുക്കാൻ ബാറ്റർമാർ നന്നേ ബുദ്ധിമുട്ടി. 24 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകളും വീണു. ഇന്നിങ്‌സിലെ ആദ്യ ഓവറിൽ തന്നെ ഓപ്പണറും നായകനുമായ തെംബ ബവൂമയെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. വെറും നാല് പന്ത് മാത്രം നേരിട്ട ബവൂമ റൺസെടുക്കാതെ മടങ്ങി. പിന്നാലെ റൺസെടുക്കാൻ ബുദ്ധിമുട്ടിയ ഡിക്കോക്കും പുറത്തായി. 14 പന്തിൽ നിന്ന് മൂന്ന് റൺസ് മാത്രമെടുത്ത ഡിക്കോക്കിനെ ജോഷ് ഹെയ്‌സൽവുഡ് പാറ്റ് കമ്മിൻസിന്റെ കൈയിലെത്തിച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക എട്ട് റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.

പിന്നാലെ ക്രീസിലൊന്നിച്ച എയ്ഡൻ മാർക്രവും റാസ്സി വാൻ ഡെർ ദസ്സനും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും നടന്നില്ല. 20 പന്തിൽ 10 റൺസെടുത്ത മാർക്രത്തെ പുറത്താക്കി സ്റ്റാർക്ക് വീണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി നൽകി. ഇതോടെ ദക്ഷിണാഫ്രിക്ക പതറി. പിന്നാലെ ദസ്സനെയും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക 24-ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.

പിന്നാലെ അഞ്ചാം വിക്കറ്റിൽ 95 റൺസ് ചേർത്ത ഹെന്റിച്ച് ക്ലാസൻ - ഡേവിഡ് മില്ലർ സഖ്യമാണ് അവരെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. എന്നാൽ 31-ാം ഓവറിൽ ക്ലാസനെ മടക്കി ട്രാവിസ് ഹെഡ് ഈ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടടുത്ത പന്തിൽ മാർക്കോ യാൻസനെയും (0) മടക്കിയ ഹെഡ്, ദക്ഷിണാഫ്രിക്കയെ വീണ്ടും പ്രതിരോധത്തിലാക്കി. 48 പന്തിൽ രണ്ട് സിക്സും നാല് ഫോറുമടക്കം 47 റൺസെടുത്താണ് ക്ലാസൻ മടങ്ങിയത്. ജെറാൾഡ് കോട്ട്‌സീ 39 പന്തിൽ നിന്ന് 19 റൺസെടുത്തു. ഓസ്‌ട്രേലിയക്കായി സ്റ്റാർക്കും കമ്മിൻസും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. ഹെയ്‌സൽവുഡ്, ട്രാവിസ് ഹെഡ് എന്നിവർ രണ്ടു വിക്കറ്റെടുത്തു.