കൊൽക്കത്ത: ലോകകപ്പ് കിരീടമെന്ന വലിയ സ്വപ്‌നവുമായി എത്തി പ്രാഥമിക റൗണ്ടിൽ മികച്ച വിജയങ്ങളിലൂടെ മുന്നേറി സെമിവരെ എത്തിയെങ്കിലും നോക്കൗട്ട് റൗണ്ടിൽ ദക്ഷിണാഫ്രിക്കയെ കാത്തിരുന്നത് തോൽവിയുടെ കണ്ണീർ. ടൂർണമെന്റിൽ നാല് സെഞ്ചറികളുമായി മികച്ച ഫോമിലുള്ള ക്വിന്റൻ ഡികോക്കും അതിവേഗ സെഞ്ചുറികളുമായി ആരാധകരെ ത്രസിപ്പിച്ച എയ്ഡൻ മാർക്രവും ഹെന്റിച്ച് ക്ലാസനും ഒക്കെ അണിനിരന്നിട്ടും സെമിയിൽ മികച്ച സ്‌കോർ ഉയർത്താൻ പ്രോട്ടീസിനായില്ല.

എന്നാൽ കുഞ്ഞൻ വിജയലക്ഷ്യം അവസാനംവരെ പ്രതിരോധിക്കാൻ പരാമാവധി നോക്കി പ്രോട്ടീസ് നിര. ഓസ്‌ട്രേലിയയുടെ പോരാട്ടവീര്യത്തെ വിക്കറ്റുകൾ വീഴ്‌ത്തി പലതവണ വിറപ്പിച്ചു. എന്നാൽ പടിക്കൽ കലമുടയ്ക്കുന്ന പതിവു രീതിക്ക് മാറ്റമില്ലെങ്കിലും കരുത്ത് ചോർന്നിട്ടില്ലെന്ന് അറിയിച്ചു തന്നെയാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിനോട് വിടപറയുന്നത്.

ഓസീസ് ബാറ്റിങ് നിരയിലെ വമ്പന്മാരെ വീഴ്‌ത്തി ടീമിനെ തോൽവിയുടെ വക്കോളം എത്തിച്ചാണ് അവർ മൂന്ന് വിക്കറ്റിന് കീഴടങ്ങിയത്. സാധാരണ ഗതിയിൽ ബാറ്റർമാർക്ക് അനുകൂലമാകുന്ന ഈഡൻ ഗാർഡൻസിലെ പിച്ച് ഇന്ന് ബോളർമാരുടെ വിളനിലമായി. പ്രതികൂല സാഹചര്യത്തിലും സെഞ്ചറി നേടിയ ഡേവിഡ് മില്ലറുടെ ഇന്നിങ്‌സ് വേറിട്ടതായി. മില്ലറെ പിന്തുണയ്ക്കാൻ മറ്റൊരു ബാറ്റർ കൂടി ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഇന്നത്തെ മത്സരഫലം തന്നെ മറ്റൊന്നാകുമായിരുന്നു. മുപ്പതോ നാൽപ്പതോ റൺസ് കൂടി പ്രോട്ടീസിന്റെ സ്‌കോർബോർഡിൽ ഉണ്ടായിരുന്നെങ്കിൽ മത്സരത്തിന്റെ ഫലം മറ്റൊന്നായേനെ.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ ഓസീസ് ബോളർമാർ തുടക്കം മുതൽ വെള്ളംകുടിപ്പിച്ചു. ഒരുഘട്ടത്തിൽ 4ന് 24 എന്ന നിലയിൽ വൻ തകർച്ച മുന്നിൽക്കണ്ട പ്രോട്ടീസിനെ ഹെയ്ന്റിച്ച് ക്ലാസനും ഡേവിഡ് മില്ലറും ചേർന്നാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഓസീസ് പേസർമാരുടെ മൂർച്ചയേറിയ ബോളിങ്ങിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെയാണ് നാല് മുൻനിര ബാറ്റർമാർ ഇതിനിടെ കൂടാരം കയറിയത്.

ജോഷ് ഹെയ്‌സൽവുഡും മിച്ചൽ സ്റ്റാർക്കും തുടക്കമിട്ട പേസാക്രമണത്തിലേക്ക് പിന്നീട് നായകൻ പാറ്റ് കമ്മിൻസും ചേരുന്ന കാഴ്ചയ്ക്കും ഈഡൻ ഗാർഡൻ സാക്ഷിയായി. സ്റ്റാർക്കിന്റെ ആദ്യ ഓവറിൽ റൺ നേടാനാവാതെ പുറത്താകാനായിരുന്നു പ്രോട്ടീസ് ക്യാപ്റ്റൻ ടെംബ ബാവുമയുടെ യോഗം. പന്തിന്റെ ഗതി മനസ്സിലാക്കാതെ ബാറ്റുവച്ച ബാവുമ ജോഷ് ഇംഗ്ലിസിനു ക്യാച്ചു നൽകി മടങ്ങി.

ടൂർണമെന്റിൽ നാല് സെഞ്ചറികളുമായി മികച്ച ഫോമിൽ തുടരുന്ന ക്വിന്റൻ ഡികോക്കിനെ ഹെയ്‌സൽവുഡ് കമ്മിൻസിന്റെ കൈളിലെത്തിച്ചു. 14 പന്തു നേരിട്ട ഡികോക്കിന് ആകെ നേടാനായത് 3 റൺസാണ്. ടീം സ്‌കോർ 8ൽ എത്തിയപ്പോഴേക്കും ദക്ഷിണാഫ്രിക്കൻ ഓപ്പണർമാർ പുറത്തായി. എന്നാൽ അവിടെ നിർത്താൻ പേസ് ദ്വയം തയാറായിരുന്നില്ല. 6 റൺസെടുത്ത റസ്സീ വാൻഡർ ദസ്സനെ ഹെയ്‌സൽവുഡ് മടക്കിയപ്പോൾ 10 റൺസെടുത്ത എയ്ഡൻ മാർക്രത്തെ സ്റ്റാർക്ക് പറഞ്ഞയച്ചു. ഇതോടെ പ്രോട്ടീസ് പ്രതിരോധത്തിലായി.

ക്ലാസനും മില്ലറും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം ദക്ഷിണാഫ്രിക്കയെ വൻ തകർച്ചയിൽനിന്ന് കരകയറ്റി. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 95 റൺസാണ്. തുടക്കം മുതൽ ഇരുവരും പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. സ്‌കോർ 119ൽ നിൽക്കേ 47 റൺസ് നേടിയ ക്ലാസൻ, ട്രാവിസ് ഹെഡിന്റെ പന്തിൽ ബോൾഡായി. 48 പന്തു നേരിട്ട ക്ലാസൻ 2 സിക്‌സും 4 ഫോറുമുൾപ്പെടെയാണ് 47 റൺസ് നേടിയത്. പിന്നാലെയിറങ്ങിയ മാർകോ യാൻസൻ അതേ ഓവറിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയതോടെ പ്രോട്ടീസ് വീണ്ടും തകർച്ച മുന്നിൽക്കണ്ടു.

ജെറാൾഡ് കോട്‌സീ (39 പന്തിൽ 19), കേശവ് മഹാരാജ് (8 പന്തിൽ 4) എന്നിവർ മടങ്ങിയപ്പോഴും മില്ലർ ശാന്തനായി ബാറ്റിങ് തുടർന്നു. വ്യക്തിഗത സ്‌കോർ 95ൽ നിൽക്കേ സികസറടിച്ച് മില്ലർ സെഞ്ചറി പൂർത്തിയാക്കി. ഒപ്പം ടീം സ്‌കോർ 200 കടത്തുകയും ചെയ്തു. പിന്നാലെ ട്രാവിസ് ഹെഡിന് ക്യാച്ചു നൽകി മടങ്ങിയെങ്കിലും ടീമിനെ നാണക്കേടിൽനിന്ന് രക്ഷിക്കാനായെന്ന് മില്ലറിന് ആശ്വസിക്കാം. 116 പന്തിൽ 5 സിക്‌സും 8 ഫോറും ഉൾപ്പെടെ 101 റൺസ് നേടിയാണ് താരം പുറത്തായത്.

വാലറ്റത്ത് കഗിസോ റബാഡ വമ്പനടികൾക്ക് മുതിർന്നെങ്കിലും നേടിയ ഒരു സിക്‌സറിൽ ആശ്വാസം കണ്ടെത്തേണ്ടിവന്നു. 12 പന്തിൽ 10 റൺസെടുത്ത റബാഡയെ കമ്മിൻസ് മാക്‌സ്വെലിന്റെ കൈകളിലെത്തിച്ചതോടെ പ്രോട്ടീസ് ഇന്നിങ്‌സിന് പരിസമാപ്തിയായി. 49.4 ഓവറിൽ 212 റൺസിന് അവർ പുറത്തായി. ദക്ഷിണാഫ്രിക്കയുടെ പത്തിൽ എട്ട് വിക്കറ്റും പേസർമാർ പങ്കിട്ടു. സ്റ്റാർക്കും കമ്മിൻസും മൂന്നു വീതവും ഹെയ്‌സൽവുഡ് രണ്ട് വിക്കറ്റും നേടി. ട്രാവിസ് ഹെഡാണ് ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ പിഴുതത്. വിക്കറ്റു പ്രതീക്ഷയുമായെത്തിയ ആദം സാംപ 7 ഓവറിൽ 55 റൺസ് വിട്ടുനൽകി. 10 ഓവർ എറിഞ്ഞ ഗ്ലെൻ മാക്‌സ്വെൽ 35 റൺസ് മാത്രമാണ് വഴങ്ങിയത്.

മറുപടി ബാറ്റിങ്ങിൽ ക്ഷമയോടെയാണ് ഓസീസ് തുടങ്ങിയത്. എന്നാൽ രണ്ട് ഓവർ പിന്നിട്ടതോടെ അവർ സ്‌കോറിങിന് വേഗം കൂട്ടി. പതിവു ശൈലിയിൽ ബൗണ്ടറികളുമായി കളം നിറഞ്ഞ ഡേവിഡ് വാർണർ ഏഴാം ഓവറിൽ ക്ലീൻ ബോൾഡായി. 18 പന്തിൽ 29 റൺസ് നേടിയ വാർണർ ഒന്നാം വിക്കറ്റിൽ ട്രാവിസ് ഹെഡിനൊപ്പം 60 റൺസ് ചേർത്താണ് മടങ്ങിയത്. 4 സിക്‌സും ഒരു ഫോറും ഉൾപ്പെടുന്നതാണ് വാർണറുടെ ഇന്നിങ്‌സ്. തൊട്ടടുത്ത ഓവറിൽ മിച്ചൽ മാർഷിനെ (0) റബാഡ വാൻഡർ ദസ്സന്റെ കൈകളിലെത്തിച്ചു.

മികച്ച രീതിയിൽ മുന്നേറിയ ട്രാവിസ് ഹെഡ് സ്റ്റീവ് സ്മിത്തിനെ സാക്ഷിയാക്കി അർധ സെഞ്ചറി പൂർത്തിയാക്കി. 48 പന്തിൽ 62 റൺസ് നേടിയ ഹെഡിനെ കേശവ് മഹാരാജ് ക്ലീൻ ബോൾഡാക്കി. ഇതോടെ ഓസീസ് ബാറ്റർമാർ പ്രതിരോധത്തിലേക്ക് വലിഞ്ഞു. എന്നാൽ മാർനസ് ലബുഷെയ്‌നിനേയും ഗ്ലെൻ മാക്‌സ്വെലിനേയും ഓരോ ഓവറിന്റെ ഇടവേളയിൽ കൂടാരം കയറ്റി തബ്രയിസ് ഷംസി ഓസീസിനെ ഞെട്ടിച്ചു. 34ാം ഓവറിൽ ജെറാൾഡ് കോട്‌സിയുടെ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച സ്റ്റീവ് സ്മിത്തിനെ ഡീകോക്ക് കൈപ്പിടിയിലൊതുക്കി. 62 പന്തിൽനിന്ന് 30 റൺസാണ് സ്മിത്തിന്റെ സമ്പാദ്യം. 28 റൺസ് നേടിയ ജോഷ് ഇംഗ്ലിസിനെ കോട്‌സീ മടക്കിയതോടെ ഓസീസ് വിറച്ചു. മത്സരം ഏതു ഭാഗത്തേക്കും തിരിയാമെന്ന അവസ്ഥയിലേക്ക് മാറി.

നായകൻ പാറ്റ് കമ്മിൻസ് മിച്ചൽ സ്റ്റാർക്കിനൊപ്പം പ്രതിരോധം തീർത്തതോടെ 48ാം ഓവറിൽ ഓസീസ് വിജയ തീരമണഞ്ഞു. തോറ്റെങ്കിലും മികച്ച പോരാട്ടം നടത്തിയ ബവുമയ്ക്കും കൂട്ടർക്കും തലയുയർത്തി തന്നെ മടങ്ങാം. തബ്രയിസ് ഷംസിയും ജെറാൾഡ് കോട്‌സീയും തീർത്ത ബോളിങ് പ്രകടനത്തിലൂടെ ഓസ്‌ട്രേലിയയുടെ ജയം വൈകിപ്പിക്കാൻ അവർക്കായി. ടൂർണമെന്റിലെ ആകെ പ്രകടനത്തിൽ ഓസീസിനും ഒരുപടി മുന്നിൽത്തന്നെയാണെന്നും അവർക്ക് ആശ്വസിക്കാം.

2015നു ശേഷം വീണ്ടും ഫൈനലിലെത്തുന്ന ഓസീസിന് ആറാം കിരീടമെന്ന സ്വപ്ന നേട്ടത്തിന് ഇനി അവശേഷിക്കുന്നത് കേവലം ഒരു മത്സരം മാത്രമാണ്. എന്നാൽ മറുഭാഗത്ത് ടൂർണമെന്റിലെ അജയ്യരായ ടീം ഇന്ത്യയാണെന്ന യാഥാർഥ്യം അവർക്കുമുന്നിലെ വലിയ വെല്ലുവിളിയാണ്.