കോട്ടയം: വ്യാജ സമ്മതപത്രം നൽകിയതിനെ തുടർന്ന് പി.എസ്.സി ജോലി നഷ്ടപ്പെട്ട സംഭവത്തിൽ പരാതിക്കാരിയായ പാമ്പാടി കോത്തല സ്വദേശിനി എസ്. ശ്രീജക്ക് നിയമന ഉത്തരവ് കൈമാറി. രാവിലെ കോട്ടയം പി.എസ്.സി ഓഫീസിലെത്തിയാണ് നിയമന ഉത്തരവ് ശ്രീജ കൈപ്പറ്റിയത്. പി.എസ്.സി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ശ്രീജയല്ല സമ്മതപത്രം നൽകിയിരിക്കുന്നതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നൽകാൻ തീരുമാനിച്ചത്. സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലാണ് നിയമനം നൽകി. നീതി ലഭിച്ചെന്ന് ശ്രീജ മാധ്യമങ്ങളോട് പറഞ്ഞു.

ജോലി കിട്ടിയതിൽ വലിയ സന്തോഷമുണ്ടെന്നും നിയമന ഉത്തരവ് കൈപ്പറ്റിയ ശേഷം ശ്രീജ പ്രതികരിച്ചു. വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. ജോലി നഷ്ടപ്പെട്ട വിവരം പുറംലോകത്തെ അറിയിച്ച മാധ്യമങ്ങൾ അടക്കമുള്ളവരോട് നന്ദിയുണ്ടെന്നും ശ്രീജ പറഞ്ഞു. സപ്ലൈകോ അസി. സെയിൽസ്മാൻ തസ്തികയിലേക്കുള്ള കോട്ടയം ജില്ലയിലെ റാങ്ക്‌ലിസ്റ്റിൽ 233ാം റാങ്ക് നേടിയ ശ്രീജ, 268ാം റാങ്ക് വരെയുള്ളവർക്ക് നിയമനം ലഭിച്ചതിനെ തുടർന്നാണ് പി.എസ്.സി ഓഫിസിൽ അന്വേഷണം നടത്തിയത്. സർക്കാർ ജോലി ഉള്ളതിനാൽ ഈ ജോലി ആവശ്യമില്ലെന്ന് ശ്രീജ സമ്മതപത്രം നൽകിയിരുന്നതായി പി.എസ്.സി അധികൃതർ അറിയിച്ചു.

എന്നാൽ, ജോലിയില്ലാത്ത ശ്രീജ അത്തരത്തിലൊരു സമ്മതപത്രം നൽകിയിരുന്നില്ല. തുടർന്ന് പി.എസ്.സി ഓഫിസിൽ പരാതി നൽകി. അന്വേഷണത്തിൽ, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കൊല്ലം സ്വദേശി ആവശ്യപ്പെട്ടതിനെ തുടർന്ന് മൈനാഗപ്പള്ളി സ്വദേശിനിയായ എസ്. ശ്രീജയാണ് സമ്മതപത്രം നൽകിയതെന്ന് കണ്ടെത്തി. ഇരുവരുടെയും പേരും ഇനീഷ്യലും മാത്രമല്ല, ജനനത്തീയതിയും ഒന്നാണ്.

എന്നാൽ, മൈനാഗപ്പള്ളി സ്വദേശിനി സിവിൽ സപ്ലൈസ് അസി. സെയിൽസ്മാൻ പരീക്ഷ എഴുതിയിരുന്നില്ല. റാങ്ക്‌ലിസ്റ്റിൽ തന്റെ പേരുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സമ്മതപത്രം എഴുതി വാങ്ങിയതെന്നാണ് റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്ന ഇവരുടെ വിശദീകരണം. സമ്മതപത്രം വാങ്ങാൻ തന്നോട് നിർദേശിച്ചത് കോട്ടയം സ്വദേശിയായ അസോസിയേഷൻ ഭാരവാഹിയാണെന്ന് കൊല്ലം സ്വദേശിയും വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ സമ്മതപത്രം നൽകിയ ആൾക്കെതിരെയും കൂട്ടുനിന്നവർക്കെതിരെയും നടപടിയെടുക്കാനും ശ്രീജക്ക് നിയമന ശിപാർശ നൽകാനും പി.എസ്.സി തീരുമാനിക്കുകയായിരുന്നു.