മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്ത് അധികാരമേറ്റ പിറ്റേ ദിവസം തന്നെ പഞ്ചായത്ത് പ്രസിഡന്റ് ടി വിജിത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചത് ഇസ്ലാമിലേക്ക് മതം മാറാനുള്ള സമ്മർദം സഹിക്കാനാകാതെയാണെന്നും പ്രചാരണം. എന്നാൽ സംഭവം വ്യാജപ്രചാരണമെന്ന് കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലി പറഞ്ഞു. ഉത്തരേന്ത്യയിലെ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് ഇത്തരം വ്യാജ വാർത്ത പ്രചരിക്കുന്നതെന്നും ഇതിന് പിന്നിൽ ഡൽഹിയിലെ ഒരു മാധ്യമ പ്രവർത്തകനാണെന്നും നൗഷാദ് അലി വ്യക്തമാക്കി. ഇക്കാര്യം ചോദിച്ച് ഡൽഹിയിലെ ഒരു പത്രപ്രവർത്തക സുഹൃത്ത് തന്നെ ഫോണിൽ വിളിച്ചു അന്വേഷിച്ചു. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായ വിജിത് ഇസ്ലാമിലേക്ക് മതം മാറാനുള്ള സമ്മർദം സഹിക്കാനാകാതെ ആത്മഹത്യക്കു ശ്രമിച്ചുവെന്ന വിഷം പുരട്ടിയ വാർത്ത ഉത്തരേന്ത്യയിലെ പതിനായിരക്കണക്കിന് വാട്സാപ്പ് ഗ്രൂപ്പുകളിൽ ആളിപ്പടരുന്നതായി അദ്ദേഹം പറഞ്ഞതായും നൗഷാദലി പറഞ്ഞു.

സംഭവത്തിന്റെ യാഥാർഥ്യം അറിയാനാണ് അദ്ദേഹം വിളിച്ചത്. തേഞ്ഞിപ്പലം പഞ്ചായത്തിലെ പതിനൊന്നാം വാർഡായ പാണമ്പ്രയിൽ നിന്നാണ് 'കണക്ക' സമുദായാംഗമായ വിജിത്ത് ജയിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അദ്ദേഹം ലീഗിനനുവദിച്ച സീറ്റിലാണ് മത്സരിച്ചത്. അപ്രതീക്ഷിതമായി കൈവന്ന പഞ്ചായത്ത് പ്രസിഡന്റ് പദവി തീർത്ത സമ്മർദവും, അമ്പരപ്പുമാണ് ഈ യുവാവിനെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്. സുഖം പ്രാപിച്ചു വരുന്നുണ്ടെന്നും കെ പി നൗഷാദ് അലി ഫേസ്‌ബുക്കിൽ കുറിച്ചു. വർഗീയതയുടെ ബലികുടീരത്തിൽ ഇന്ധനം പകരാൻ തക്കം പാർത്തവർ രംഗം കൈയടക്കിയിരിക്കുന്നു.

ശൂന്യാവസരങ്ങളിൽ നിന്നു പോലും വിഷം പുരട്ടിയ വാർത്തകൾ സൃഷ്ടിച്ച് അധികാരമേറിയവർ ഇന്ത്യ ഭരിക്കുമ്പോൾ നിയമ നടപടികൾ അസ്ഥാനത്താണ്. പക്ഷെ, ലൗ ജിഹാദ്, ഫുഡ് ജിഹാദ്, ഡ്രസ്സ് ജിഹാദ്... തുടങ്ങി ഇസ്ലാമോഫോബിയ തീർത്ത് ആഘോഷിക്കുന്നവരിൽ ഒട്ടും പ്രതീക്ഷിക്കാത്ത മുഖങ്ങളും, പ്രസ്ഥാനങ്ങളും കടന്നു വരുമ്പോൾ വലിയ ദുഃഖം തോന്നുന്നു. മത വെറി പൂണ്ട് വിഷപ്പുക തുപ്പുന്ന അൽപ്പന്മാരിൽ നിന്നും ഭാരതാംബയെ ദൈവം കാത്തുരക്ഷിക്കട്ടെ' അദ്ദേഹം പറഞ്ഞു.

അതേ സമയം പഞ്ചായത്ത് പ്രസിഡന്റായ അധികാരമേറ്റ പിറ്റേദിവസം തന്നെ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായ ടി.വിജിത്ത് ആത്മഹത്യാശ്രമം നടത്തിയതിന് പിന്നിൽ ദുരൂഹത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വിജിത്ത് നിലിവിൽ പകടനില തരണം ചെയ്തിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വാർഡിൽ ചികിത്സയിലുള്ള വിജിത്ത് വെള്ളവും മറ്റും കഴിഞ്ഞ ദിവസം കഴിച്ചിരുന്നു.പൊലിസ് വിജിത്തിന്റെ വീട്ടുകാരിൽ നിന്നും ആദ്യവട്ടം മൊഴിയെടുത്തു. സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റ ശേഷം വിജിത്ത് ആരോടും അധികം സംസാരിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. നിലവിൽ പഞ്ചായത്തിൽ പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് മിനി നിർവ്വഹിക്കുന്നുണ്ട്.

എസ്.സി സംവരണ വാർഡിൽ വിജിത്തിനെ മത്സരിപ്പിച്ചത് ലീഗിൽ മെമ്പർഷിപ്പ് എടുപ്പിച്ചാണെന്ന് ആരേരോപിച്ച് ൽ.ഡി.എഫ്. സ്ഥാനാർത്ഥി നിർണ്ണയയോഗത്തിൽ ലീഗുകാർ പരസ്പരം അടി കൂടുകയുംചെയ്തിരുന്നു. തുടർന്ന് ആത്മഹത്യാശ്രമത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് എൽ. ഡി. എഫും രംഗത്തുവന്നിട്ടുണ്ട്. എസ് സി സംവരണ വാർഡായ പതിനൊന്നാം വാർഡിൽ വിജിത്തിനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ മുസ്ലിം ലീഗിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ടാവുകയും സ്ഥാനാർത്ഥി നിർണ്ണയയോഗത്തിൽ ലീഗുകാർ പരസ്പരം അടി കൂടുകയും ചെയ്തതാണ്.

തുടർന്ന് ഈ വാർഡിൽ തന്നെ മത്സരിച്ചു ജയിച്ച വിജിത്തിനെ പ്രസിഡന്റാക്കിയപ്പോൾ ലീഗിലെ ഇരു പക്ഷവും കോൺഗ്രസും വിജിത്തിനെ സമർദ്ദത്തിലാക്കി എന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിൽ വിജിത്തിന്റെ ആത്മഹത്യാ ശ്രമം സമഗ്രമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.അതേ സമയം ടി വിജിത്തിന്റെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് എൽ ഡി എഫ് ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് യു ഡി എഫ് തേഞ്ഞിപലം പഞ്ചായത്ത് കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.