തിരുവനന്തപുരം: എട്ടുമാസത്തിന് ശേഷം തിരുവനന്തപുരം മ്യൂസിയത്തിന്റെയും കാഴ്ചബംഗ്ലാവിന്റെയും കവാടങ്ങൾക്ക് കാഴ്ചക്കാർക്കായി തുറന്നു. മ്യൂസിയം തുറന്നതോടെ ഏറെ ആശ്വാസമായത് പ്രഭാതത്തിലും വൈകുന്നേരവും നടക്കാനെത്തുന്നവർക്കാണ്. ആദ്യദിവസം വ്യായാമങ്ങൾക്കും മൃഗങ്ങളെ കാണാനും വലിയ തിരക്ക് പ്രകടമായില്ല.

മ്യൂസിയത്തിലെ നടപ്പാതകളിൽ വീണ്ടും കാൽപെരുമാറ്റം കേട്ടുതുടങ്ങി. ഏറെക്കാലം അടഞ്ഞുകിടന്നതിനാൽ പൂക്കളെല്ലാം വിടർന്ന് പച്ചപ്പ് നിറഞ്ഞിരിക്കുന്ന മ്യൂസിയം പരിസരം. ആളനക്കം കേട്ടതിന്റെ പ്രസരിപ്പ് മൃഗങ്ങളിലും. ഏറെക്കാലത്തിന് ശേഷം മൃഗങ്ങളെകാണാൻ കൊച്ചുകുട്ടികൾ ഉൾപ്പടെയെത്തി.

പുലർച്ചെ നാലേമുക്കാലിന് മ്യൂസിയം കവാടം പ്രഭാവതസവാരിക്കാർക്കായി തുറന്നു. പ്രായവ്യത്യാസമന്യേ ആളുകൾ പ്രഭാവസവാരിക്കെത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരു ദിശയിലേക്ക് മാത്രമാണ് എല്ലാവരേയും നടക്കാൻ അനുവദിക്കുന്നത്.

റേഡിയോ പാർക്കിലെ ബെഞ്ചുകളിൽ വിശ്രമിക്കാം. ലോക്ഡൗൺ കാലത്ത് വ്യായാമം ചെയ്യാൻ ബുദ്ധിമുട്ടിയവർക്ക് മ്യൂസിയം കവാടം തുറന്നത് ആശ്വാസമായി കോവിഡ് ഭീതിയുണ്ടെങ്കിലും വരും ദിവസങ്ങളിൽ പതിവു പോലെ സഞ്ചാരികൾ മ്യൂസിയത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.