ന്യൂഡൽഹി: മറ്റൊരു തെരെഞ്ഞടുപ്പിന് കൂടി കാഹളമൊരുങ്ങുമ്പോൾ കേന്ദ്രത്തിനെതിരെ പോരാട്ടം കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം.അതിനാൽ തന്നെ തങ്ങളോട് കൂടെ ചേർക്കാൻ കഴിയുന്ന പാർട്ടികളെയത്രയും കൂടെ കൂട്ടാനാണ് കോൺഗ്രസ്സിന്റെ തീരുമാനം.ഒപ്പം കേന്ദ്രത്തിനെതിരെ അണിചേരണമെന്നു കാഴ്‌ച്ചപ്പാടുള്ള പാർട്ടികളൊക്കെയും പ്രതിപക്ഷത്തിനൊപ്പം അണിചേരുന്നുമുണ്ട്.ഇങ്ങനെ പ്രതിപക്ഷത്തിലെ സമവായങ്ങൾ മാറിമറിയുന്ന കാഴ്‌ച്ചയ്ക്കാണ് സഭ സമ്മേളനങ്ങൾ സാക്ഷിയാകുന്നത്.

ഭരണപക്ഷത്തോടു ചേർന്നുനിന്നിരുന്ന ടിആർഎസ് കഴിഞ്ഞ 2 ദിവസങ്ങളിലും കോൺഗ്രസ് വിളിച്ച പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്തു. ഇന്നലെ രാജ്യസഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളുടെ കൂട്ടത്തിൽ ടിആർഎസ്സും ആം ആദ്മി പാർട്ടിയും ഉണ്ടായിരുന്നു. അതിനൊപ്പം കൂടാതിരുന്ന തൃണമൂൽ പിന്നാലെ ഒറ്റയ്ക്ക് ഇറങ്ങിപ്പോയി. സമാജ്വാദി പാർട്ടിയും അതേപാത പിന്തുടർന്നു.

എന്നാൽ കഴിഞ്ഞ സമ്മേളനത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നിരയ്‌ക്കൊപ്പം കേന്ദ്രസർക്കാരിനെതിരെ പോരാടിയ തൃണമൂൽ ഇത്തവണ സ്വന്തം നിലയിലാണു പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത്.ഇതിന് പുറമെ വിവിധ പാർട്ടികളിൽ നിന്ന് അണികളെ തങ്ങൾക്കൊപ്പം ചേർക്കാനും എല്ലാ സംസ്ഥാനങ്ങളിലേക്കും പാർട്ടിയുടെ കരുത്ത് വ്യാപിപ്പിക്കാനും തൃണമുൽ ലക്ഷ്യമിടുന്നുണ്ട്.മമതയുടെ കീഴിൽ അത്ഭുതങ്ങൾ പ്രതീക്ഷിച്ചാണ് തൃണമുൽ ഇത്തവണ പോരാടുന്നത്.

കോൺഗ്രസിൽനിന്നു നേതാക്കളെ അടർത്തിയെടുക്കാൻ ശ്രമിക്കുന്ന തൃണമൂൽ, പാർലമെന്റിൽ അവരുമായി സഹകരിക്കേണ്ടെന്ന നിലപാടിലാണ്. അതേസമയം, സംസ്ഥാനങ്ങളിൽ പാർട്ടികൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും പാർലമെന്റിൽ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്.