നീതി അയോഗിന്റെ അടൽ ഇന്നൊവേഷൻ മിഷൻ (എ.ഐ.എം) 2019 ൽ നടത്തിയ എ.ടി.എൽ ടിങ്കറിങ് മാരത്തണിൽ വിജയികളായി തലശ്ശേരി അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥികൾ. ഇന്ത്യയിൽ നിന്ന് അയ്യായിരത്തിലേറെ അടൽ ടിങ്ക റിംങ് ലാബുകൾ പങ്കെടുത്ത മത്സരത്തിൽ വൃന്ദ ദേവ് ,ആദി ദേവ് കെ, സ്‌നേഹ കെ എന്നിവരടങ്ങുന്ന എ.വി ഇന്നൊവേറ്റർസ് എന്ന സംഘമാണ് ആദ്യത്തെ ഇരുപത് വിജയികളുടെ പട്ടികയിൽ സ്ഥാനം നേടിയത്. ചെന്നൈ അമൃത വിദ്യാലയവും മികച്ച ഇരുപത് പേരുടെ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ഇതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊജെക്ട് ഇന്ത്യൻ രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ അവതരിപ്പിക്കാൻ കഴിയും.

'റിസർച്ച്, ഐഡിയറ്റ്, ഇന്നൊവേറ്റ്, ഇംപ്ലിമെന്റ് - മൈൻഡ്ഫുൾ ഇന്നൊവേഷൻ ഫോർ ദി ഗ്രേറ്റർ ഗുഡ്' എന്നതായിരുന്നു ഈ വർഷത്തെ മാരത്തണിന്റെ പ്രമേയം. 'സോണിക് പവർ സേവർ' എന്ന പ്രൊജെക്ട് ചുറ്റുമുള്ള ശബ്ദ മലിനീകരണത്തെ (ശബ്ദതരംഗങ്ങളെ) വൈദ്യുതി ആയി രൂപാന്തരപ്പെടുത്താൻ കഴിയുന്നതെങ്ങിനെ എന്ന വിഷയത്തെ കുറിച്ച് വിശദീകരിക്കുന്നു. ക്ലാസ് മുറികൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, മെട്രോ സിറ്റികൾ എന്നിങ്ങനെയുള്ള പൊതു സ്ഥലങ്ങളിൽ ഉണ്ടാകുന്ന ശബ്ദങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയതിൽ നിന്നാണ് വിദ്യാർത്ഥികൾക്ക് ഇത്തരമൊരു ആശയം ലഭിച്ചത്.ഇന്ന് രാജ്യത്ത് നാം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് പ്രകൃതി വിഭവങ്ങളുടെ അപചയവും വൈദ്യുതി പാഴാക്കലും. ഇതിനു പരിഹാരമെന്ന നിലയിലാണ് ക്ലാസ് മുറികളിലും പൊതു സ്ഥലങ്ങളിലും വരുന്ന ശബ്ദത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനും സംരക്ഷിക്കാനുമുള്ള ഒരു ശബ്ദ സംവിധാനം തലശ്ശേരി അമൃത വിദ്യാലയത്തിലെ കുട്ടികൾ കണ്ടുപിടിക്കുന്നത്. തുടർന്ന് അവർ ഈ ശബ്ദത്തെ വൈദ്യുതിയാക്കി മാറ്റി. ഈ വൈദ്യുതി ഉപയോഗിച്ച് വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ സാധിക്കുകയും ഇതിലൂടെ വൈദ്യുത സംരക്ഷണം നടത്താമെന്നും ഇവർ കണ്ടെത്തി. ഗ്രീൻ ക്യാമ്പസ് എന്ന പ്രധാന ലക്ഷ്യത്തെ മുൻനിർത്തിയാണ് വിദ്യാർത്ഥികൾ പഠനം നടത്തിയിരിക്കുന്നത്.