ലണ്ടൻ: പ്രായമേറിയവരേയും അതുപോലെ ഗുരുതരമായ മറ്റു രോഗങ്ങൾ ഉള്ളവരേയുമാണ് കോവിഡ് മരണത്തിലേക്ക് നയിക്കുക എന്ന പൊതുവിശ്വാസത്തിനെതിരായി ഇംഗ്ലണ്ടിൽ ഇതുവരെ കോവിഡ് മൂലം മരണമടഞ്ഞ 377 പേർ 60 വയസ്സിൽ താഴെയുള്ളവരും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവരും ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. എൻ എച്ച് എസിന്റെ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോർട്ട്.ഈ കണക്കനുസരിച്ച് ഇംഗ്ലണ്ടിലെ വിവിധ ആശുപത്രികളിൽ കോവിഡിനായി ചികിത്സതേടിയെത്തി മരണമടഞ്ഞവരിൽ 1,911 പേർക്ക് മറ്റ് രോഗങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

ഇതിൽ 40 നും 59 നും ഇടയിൽ പ്രായമുള്ളവരുടെ എണ്ണം 338 ആയിരുന്നു. 20 നും 39 നും ഇടയിൽ പ്രായമുള്ള 44 പേരും കോവിഡിന് കീഴടങ്ങി മരണമടഞ്ഞിട്ടുണ്ട്. 19 വയസ്സിൽ താഴെയുള്ള ആറുപേരാണ് കോവിഡിന്റെ ആക്രമണത്തിൽ മരണം പുൽകിയത്. അതേസമയം, മറ്റ് ഗുരുതരമായ രോഗങ്ങൾ ഉണ്ടായിരുന്നവർക്കിടയിൽ 45,770 പേരാണ് കൊറോണയ്ക്ക് മുന്നിൽ കീഴടങ്ങിയത്. ഇതിൽ 21 പേർ 20 വയസ്സിൽ താഴെ പ്രായമുള്ളവരായിരുന്നു. 20 നും 39 നും ഇടയിൽ പ്രായമുള്ള 263 പേരും, 40 നും 59 നും ഇടയിൽ പ്രായമുള്ള 2,926 പേരും ഉണ്ടായിരുന്നു.

കണക്കുകൾ ഭയാനകമാണെങ്കിലും നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തണമെന്ന ആവശ്യവുമായി മുൻ ബ്രെക്സിറ്റ് എം പി ക്ലെയർ ഫോക്സ് രംഗത്തെത്തി. 60 വയസ്സിൽ താഴെയുള്ള, മറ്റു രോഗങ്ങളില്ലാത്ത 377 പേർ മാത്രമാണ് മരണമടഞ്ഞത്. ഇത് തീർത്തും ദുഃഖകരം തന്നെയാണ്. എന്നാൽ, വൈറസ് എല്ലാ വിഭാഗക്കാർക്കും അപകടകാരിയല്ല എന്നും ഇത് തെളിയിക്കുന്നുണ്ട് എന്ന് അവർ പറയുന്നു. പൊതുവേ എല്ലാവർക്കുമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ അപകടസാധ്യത കൂടുതലുള്ളവരുടെ കാര്യത്തിൽ അധിക ശ്രദ്ധ നൽകുവാൻ കഴിയാതെ പോകുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

ആവശ്യത്തിന് ജീവനക്കാരില്ലാതെ വലയുന്ന എൻ എച്ച് എസ് ആശുപത്രികൾ

കൊറോണയുടെ പുതിയ അവതാരം എൻ എച്ച് എസിനേയും വലയ്ക്കുകയാണ്. രോഗവ്യാപനം കടുത്തതോടെ പത്തിലൊന്ന് ജീവനക്കാർ സിക്ക് ലീവിലോ, ഐസൊലേഷനിലോ പോയിരിക്കുകയാണ്. കൊറോണയുടെ ഒന്നാം വരവിൽ ആരംഭിച്ച നൈറ്റിംഗേൽ താത്ക്കാലിക ആശുപത്രികൾ പ്രവർത്തിപ്പിക്കുവാൻ മതിയായ ജീവനക്കാർ ഇല്ലെന്നും ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷന്റെ കോവിഡ് ഉപദേഷ്ടാവ് ഡോ. ഡേവിഡ് സ്ട്രെയിൻ പറഞ്ഞു. ജോലിസ്ഥലത്തിനു പുറത്ത് കോവിഡ് ബാധിച്ചവരുമായുള്ള സമ്പർക്കം മൂലം സെൽഫ് ഐസൊലേഷനിൽ പോയവരുടെ എണ്ണം കൂടി ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

കഷ്ടിച്ച് ആവശ്യത്തിന് തികയുന്നത്ര ഡോക്ടർമാരും നഴ്സുമാരുമായാണ് കഴിഞ്ഞ 10- 15 വർഷക്കാലമായി എൻ എച്ച് എസ് പ്രവർത്തിക്കുന്നത്. അപ്പോൾ അതിൽ 10 ശതമാനം പേർ അവധിയിലാണ് എന്നുപറഞ്ഞാൽ മതിയായ ആരോഗ്യപ്രവർത്തകർ ഇപ്പോൾ ആശുപത്രികളിൽ ഇല്ല എന്നാണർത്ഥം എന്ന് ഡോ. സ്ട്രെയിൻ ചൂണ്ടിക്കാട്ടുന്നു. കോവിഡ് വ്യാപനം ഇനിയും കനക്കുന്ന പക്ഷം ഒരു പക്ഷെ എൻ എച്ച് എസ് സംവിധാനങ്ങൾ താറുമാറായേക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

എന്നാൽ, ഈ കണക്കുകൾ വസ്തുതക്ക് നിരക്കുന്നതല്ല എന്നാണ് എൻ എച്ച് എസ് വക്താവ് അറിയിച്ചത്. കോവിഡിന്റെ ആദ്യവരവിലെ മൂർദ്ധന്യഘട്ടത്തിൽ ഉണ്ടായത്ര ജീവനക്കാരുടെ ക്ഷാമം ഇപ്പോൾ നേരിടുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല, 10 ശതമാനം പേർ ലീവിലാണെന്നതും ശരിയായ വസ്തുതയല്ല എന്ന് ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തിൽ ലഭ്യമായ ഏറ്റവും പുതിയ വിവരം ഓഗസ്റ്റ് മാസത്തിലേതാണെന്നും അതുപ്രകാരം അവധി നിരക്ക് 3.9 ശതമാനം മാത്രമാണെന്നും വക്താവ് പറഞ്ഞു.