തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ശ്രദ്ധേയ മത്സരം നടക്കുന്ന മൂന്ന് ജില്ലകളിൽ യുഡിഎഫ് വിജയപ്രതീക്ഷയിൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ദയനീയ പ്രകടനം കാഴ്‌ച്ചവെച്ച യുഡിഎഫ് ഇക്കുറി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നില മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാകട്ടെ ബിജെപി മൂന്നിടത്ത് വിജയം പ്രതീക്ഷിക്കുന്നു. ആലപ്പുഴയിൽ കോൺഗ്രസ് മൂന്നിടത്ത് അട്ടിമറി വിജയം പ്രതീക്ഷിക്കുന്നുണ്ട്. കോല്ലം ജില്ലയിൽ ആകട്ടെ അഞ്ച് സീറ്റിൽ വരെ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വിജയസാധ്യതയുണ്ട്.

തിരുവനന്തപുരത്ത് ആറിടങ്ങളിൽ വീതം എൽഡിഎഫും യുഡിഎഫും

ഇരുമുന്നണികൾക്കുമൊപ്പം എൻ.ഡി.എ. കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്ന ജില്ലയാണ് തിരുവനന്തപുരം. ആറു സീറ്റിൽ വീതം ഇരുമുന്നണികൾക്കും സാധ്യതയുണ്ട്. മൂന്നിടത്തു വിജയിക്കുമെന്നാണ് ബിജെപി.യുടെ പ്രതീക്ഷ. മൂന്നു മണ്ഡലത്തിലെങ്കിലും രണ്ടാംസ്ഥാനവും പ്രതീക്ഷിക്കുന്നുണ്ട്. ത്രികോണമത്സരം നടക്കുന്ന നേമത്തും കഴക്കൂട്ടത്തും പ്രവചനം അസാധ്യമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ കഴക്കൂട്ടത്ത് രണ്ടുശതമാനത്തോളവും നേമത്ത് നാലുശതമാനത്തോളവും പോളിങ് കുറഞ്ഞു. ഇതാരെ ബാധിക്കുമെന്നതാണ് മുന്നണികളുടെ ആശങ്ക.

ശബരിമല വിഷയം കൂടുതൽചർച്ചയായ കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരിയ മേൽക്കൈയുണ്ട്. എന്നാൽ, അവസാന അടിയൊഴുക്കുകളും സാമുദായിക സമവാക്യങ്ങൾ മാറിയതും ശോഭാ സുരേന്ദ്രനും എസ്.എസ്. ലാലിനും സാധ്യത നിലനിർത്തുന്നു. നേമത്ത് അവസാനലാപ്പിൽ ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിലേക്ക് ഏകീകരിച്ചതായാണ് സൂചന. ഇതോടെ കെ. മുരളീധരനും കുമ്മനം രാജശേഖരനും തമ്മിലായി പോരാട്ടം.

എൽ.ഡി.എഫിന്റെ സിറ്റിങ് മണ്ഡലങ്ങളായ ചിറയിൻകീഴ്, വാമനപുരം എന്നിവിടങ്ങളിൽ അട്ടിമറിസാധ്യത നിലനിൽക്കുന്നുണ്ട്. നെയ്യാറ്റിൻകരയിലും മുൻ എംഎ‍ൽഎ.യും യു.ഡി.എഫ്. സ്ഥാനാർത്ഥിയുമായ ആർ. സെൽവരാജ് നിലവിലെ എംഎ‍ൽഎ. ആൻസലന് വെല്ലുവിളി ഉയർത്തുന്നു.

ഇരുമുന്നണിയും ഒപ്പത്തിനൊപ്പമായിരുന്ന നെടുമങ്ങാട്ട് അവസാനലാപ്പിൽ യു.ഡി.എഫ്. നേരിയ മേൽക്കൈ നേടിയെന്നാണ് സൂചന. എൽ.ഡി.എഫിന് മുൻതൂക്കമുള്ള വട്ടിയൂർക്കാവിൽ എൻ.ഡി.എ.യുമായിട്ടാണ് മത്സരം. കോൺഗ്രസ് ഇവിടെ പ്രവർത്തനത്തിൽ മൂന്നാംസ്ഥാനത്തേക്ക് പോയി. തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി.യുടെ സ്വാധീനം ഇരുമുന്നണികളെയും ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. എൻ.ഡി.എ.യിലേക്ക് പോകുന്ന വോട്ടുകൾ മറ്റുമുന്നണികളിലൊന്നിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളാം.

വർക്കല, ആറ്റിങ്ങൽ, മണ്ഡലങ്ങളിൽ എൽ.ഡി.എഫ്. മേൽക്കൈയുണ്ട്. പാറശ്ശാലയിൽ എൽ.ഡി.എഫും യു.ഡി.എഫും പ്രതീക്ഷവെക്കുന്നുണ്ട്. അരുവിക്കരയിലും സിറ്റിങ് എംഎ‍ൽഎ. കെ.എസ്. ശബരീനാഥന് നേരിയ മുൻതൂക്കമുണ്ട്. കോവളം നിലനിർത്താനാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. നേതൃത്വം. കാട്ടാക്കടയിൽ എൽ.ഡി.എഫിന് മേൽക്കൈ അവകാശപ്പെടാം.

കൊല്ലത്ത് യുഡിഎഫ് പ്രതീക്ഷിക്കുന്നത് വമ്പൻ അട്ടിമറികൾ

കൊല്ലം ജില്ലയിൽ ഇക്കുറി അതിശക്തമായ മത്സരം കാഴ്‌ച്ചവെക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കഴിഞ്ഞതവണത്തെപ്പോലെ ഇടതുമുന്നണി 11 മണ്ഡലങ്ങളിലും ജയിച്ചുകയറുമെന്ന പ്രതീക്ഷ ഇടതു മുന്നണിക്ക് ഇക്കുറിയില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ പതിനൊന്നിടത്തും നേടിയ മേൽക്കൈ ഈ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാനാകുമെന്ന് യു.ഡി.എഫും സ്വപ്നം കാണുന്നില്ല. ഇരുപക്ഷത്തെയും പൂർണമായി നിരാശപ്പെടുത്താതെയുള്ള വിധിയെഴുത്താവും ഇക്കുറിയെന്നാണ് പൊതുവേ കരുതുന്നത്. കൊല്ലം, കുണ്ടറ, ചവറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് മത്സരം നടന്നെന്ന് ഇടതുപക്ഷംതന്നെ സമ്മതിക്കുന്നു. കൊട്ടാരക്കര, ഇരവിപുരം, പുനലൂർ, ചടയമംഗലം, പത്തനാപുരം, ചാത്തന്നൂർ മണ്ഡലങ്ങളിൽ അവർക്ക് തീരെ ആശങ്കയില്ല. കുന്നത്തൂരിൽ ജനമനസ്സിന് ചെറിയ ചാഞ്ചാട്ടമുണ്ടെന്ന് കാണാതിരിക്കാനാവില്ല.

അഞ്ചുസീറ്റുവരെ കിട്ടുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. കുന്നത്തൂരും അവർ കണക്കുകൂട്ടുന്നുണ്ട്. കൊല്ലത്ത് എം. മുകേഷിനെതിരെ ബിന്ദു കൃഷ്ണയും കുണ്ടറയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്‌ക്കെതിരേ പി.സി. വിഷ്ണുനാഥും കരുനാഗപ്പള്ളിയിൽ ആർ. രാമചന്ദ്രനെതിരേ സി.ആർ. മഹേഷും കനത്ത വെല്ലുവിളി ഉയർത്തി. കഴിഞ്ഞതവണ കൈവിട്ട ചവറ സീറ്റ് തിരിച്ചുപിടിക്കുമെന്ന് ആർ.എസ്‌പി.യിലെ ഷിബു ബേബിജോൺ ഉറപ്പിക്കുന്നു.

ജില്ലയിൽ ശരിക്കും ത്രികോണമത്സരം നടന്ന ചാത്തന്നൂരിൽ ബിജെപി. പ്രതീക്ഷ വെച്ചുപുലർത്തുന്നു. കഴിഞ്ഞവട്ടം അവരുടെ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാർ ഇവിടെ രണ്ടാമതെത്തിയിരുന്നു. എന്നാൽ, സിപിഐ.യുടെ ജി.എസ്. ജയലാൽ ഹാട്രിക് നേടുമെന്നതിൽ ഇടതുപക്ഷത്തിന് ആശങ്കയേതുമില്ല. മുൻ എംപി. എൻ. പീതാംബരക്കുറുപ്പാണ് കോൺഗ്രസ് സ്ഥാനാർത്ഥി. പുനലൂരിൽ പി.എസ്. സുപാൽ, ചടയമംഗലത്ത് ചിഞ്ചുറാണി എന്നിവരും വിജയമുറപ്പിച്ചെന്ന് സിപിഐ. പറയുന്നു. പുനലൂരിൽ മുസ്ലിംലീഗിന്റെ അബ്ദുറഹ്മാൻ രണ്ടത്താണിയും ചടയമംഗലത്ത് കോൺഗ്രസിലെ എം.എം. നസീറും പ്രചാരണത്തിൽ പിന്നിലായിരുന്നില്ല.

കുന്നത്തൂരിൽ അഞ്ചാംവിജയത്തിനിറങ്ങിയ ആർ.എസ്‌പി. ലെനിനിസ്റ്റിലെ കോവൂർ കുഞ്ഞുമോനെതിരേ ഉല്ലാസ് കോവൂർ അട്ടിമറിവിജയം നേടുമെന്ന് ആർ.എസ്‌പി. പറയുന്നു.

പത്തനാപുരത്ത് കേരള കോൺഗ്രസ് (ബി)യിലെ ഗണേശ്‌കുമാറിന്റെ വിജയത്തിൽ എൽ.ഡി.എഫിന് തെല്ലും ആശങ്കയില്ല. ശക്തമായ പ്രചാരണം നടത്തിയ കോൺഗ്രസിലെ ജ്യോതികുമാർ ചാമക്കാലയ്ക്ക് വിജയിക്കണമെങ്കിൽ കാറ്റ് മാറിവീശണം. കൊട്ടാരക്കരയിൽ സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാലിനെതിരേ കോൺഗ്രസിന്റെ ജില്ലാപഞ്ചായത്തംഗം ആർ. രശ്മി കടുത്തമത്സരത്തിന്റെ പ്രതീതിയുണ്ടാക്കി. ഇരവിപുരത്ത് വീണ്ടും എം. നൗഷാദ് ജയിച്ചുകയറുമെന്ന് സിപിഎമ്മിന് ഉറച്ച വിശ്വാസമുണ്ട്. മുന്മന്ത്രി ബാബു ദിവാകരന്റെ മികവിലാണ് ആർ.എസ്‌പി.യുടെ പ്രതീക്ഷ.

ആലപ്പുഴയിൽ നില മെച്ചപ്പെടുത്താൻ യുഡിഎഫ്

നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ യു.ഡി.എഫ്. നില മെച്ചപ്പെടുത്തിേയക്കും. ഒമ്പതുസീറ്റിൽ ഹരിപ്പാട്ടു മാത്രമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ചത്. പിന്നീട് ഉപതിരഞ്ഞെടുപ്പിലൂടെ അരൂരും. ഇത്തവണ നാലുസീറ്റുവരെ കിട്ടിയേക്കാം. ഒരു തരംഗമുണ്ടായാൽ അതിൽക്കൂടുതലും.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാടിനു പുറമേ കുട്ടനാട്, അമ്പലപ്പുഴ, ആലപ്പുഴ മണ്ഡലങ്ങളാണ് യു.ഡി.എഫ്. ഉറപ്പിക്കുന്നത്. അരൂർ, ചേർത്തല, കായംകുളം മണ്ഡലങ്ങളിൽ കടുത്തമത്സരമായിരുന്നു. ഫലം എന്തുമാവാം. ചെങ്ങന്നൂർ, മാവേലിക്കര മണ്ഡലങ്ങളിൽ എൽ.ഡി.എഫ്. മേൽക്കൈ നേടിയിട്ടുണ്ട്. ചേർത്തല, അരൂർ, കായംകുളം മണ്ഡലങ്ങളിലും അവർ വിജയം പ്രതീക്ഷിക്കുന്നു. ഇവിടെ ബിജെപി.യുടെ മുഴുവൻ വോട്ടും ബി.ഡി.ജെ.എസിനു ലഭിക്കുമോയെന്ന സംശയം എൽ.ഡി.എഫിനുണ്ട്.

ചേർത്തല മണ്ഡലത്തിൽ സിപിഎം. ശക്തികേന്ദ്രങ്ങളായ വയലാർ, മുഹമ്മ, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽ ലഭിക്കുന്ന ലീഡിനെ മറ്റിടങ്ങൾക്കൊണ്ട് മറികടക്കാൻ യു.ഡി.എഫിനു കഴിയില്ലെന്ന് എൽ.ഡി.എഫ്. കരുതുന്നു. ഇവിടങ്ങളിലെ എൽ.ഡി.എഫ്. ലീഡ് നന്നായി കുറയ്ക്കാൻ കഴിഞ്ഞാൽ യു.ഡി.എഫിനും പ്രതീക്ഷവെക്കാം.

ഏതു സാഹചര്യത്തിലും കായംകുളത്ത് യു. പ്രതിഭയ്ക്കു ജയിക്കാൻ കഴിയുമെന്ന് സിപിഎം. കരുതുന്നു. സിപിഎമ്മിനു മേൽക്കൈയുള്ള മണ്ഡലത്തിൽ വലിയതരംഗം സൃഷ്ടിക്കാൻ എതിരാളി അരിതാ ബാബുവിനു കഴിഞ്ഞിരുന്നു. മികച്ച എംഎ‍ൽഎ.യെന്ന പ്രതിച്ഛായയാണ് പ്രതിഭയുടെ അനുകൂലഘടകം. മണ്ഡലത്തിലെ നായർവോട്ടുകൾ നിർണായകമാണ്. ബി.ഡി.ജെ.എസ്. സ്ഥാനാർത്ഥിക്ക് ഇത് എത്രമാത്രം കിട്ടുമെന്നതിനെ ആശ്രയിച്ചിരിക്കും അന്തിമഫലം.

ആലപ്പുഴയിലും അമ്പലപ്പുഴയിലും അവസാനദിനങ്ങളിൽ അടിയൊഴുക്കുകളുണ്ടായിട്ടുണ്ട്. ഇത് അനുകൂലമാകുമെന്ന് യു.ഡി.എഫ്. കരുതുന്നു. ബിജെപി. ജില്ലയിൽ നിലമെച്ചപ്പെടുത്തുമെന്നുറപ്പാണ്. ചെങ്ങന്നൂരിലാണ് ഏറ്റവും മികച്ചമത്സരം കാഴ്ചവെച്ചത്. ബി.ഡി.ജെ.എസ്. മത്സരിച്ച നാലുമണ്ഡലങ്ങളിൽ ബിജെപി. വോട്ടുകൾ പൂർണമായി ഇവർക്കു ലഭിച്ചോയെന്നാണ് അറിയേണ്ടത്.