പാലക്കാട്: മൂലത്തറ ഡാം നിർമ്മാണ അഴിമതി ആരോപണത്തിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി രാജിവെക്കണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷം രംഗത്ത്. വിജിലൻസ് അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷ കക്ഷികൾ നിലപാട് കടുപ്പിച്ച് രംഗത്തെത്തുന്നത്.

അഞ്ച് മന്ത്രിമാർക്കായിരുന്നു ഒന്നാം പിണറായി സർക്കാറിൽ നിന്നും രാജിവെച്ച് ഒഴിയേണ്ടി വന്നത്. ഇതിൽ ഇപി ജയരാജനും എകെ ശശീന്ദ്രനും പിന്നീട് ആരോപണങ്ങളിൽ കുറ്റ വിമുക്തനാക്കപ്പെട്ടതിനെ തുടർന്ന് മന്ത്രി സഭയിലേക്ക് തിരികെ എത്തുകയും ചെയ്തും. സർക്കാർ അധികാരത്തിലേറി ആറ് മാസം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെയായിരുന്നു ബന്ധു നിയമന വിവാദത്തെ തുടർന്നുള്ള ഇപി ജയരാജന്റെ രാജി.

എന്നാൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ഒന്നരമാസം തികയുന്നതിന് മുമ്പ് തന്നെ ഒരു മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് യുഡിഎഫ്. പാലക്കാട് മൂലത്തറ ഡാമിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ജെഡിഎസ് നേതാവും ഒന്നാം പിണറായി സർക്കാറിലെ വൈദ്യുതി വകുപ്പ് മന്ത്രിയുമായ കെ കൃഷ്ണൻകുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം തുടങ്ങിയത്.

ഇടത് സർക്കാരിന്റെ കാലത്ത് പൂർത്തീകരിച്ച ഡാമിന്റെ നിർമ്മാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ തന്നെയാണ് രംഗത്തെത്തിയിരുന്നത്. ക്രമക്കേട് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ ചിറ്റൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പരാതി സമർപ്പിക്കുകയായിരുന്നു. ഡാമിന്റെ നിർമ്മാണ കരാറിൽ പറഞ്ഞതിനേക്കാൾ 11 കോടിയിലധികം രൂപ ചെലവായത് എങ്ങനെയെന്ന് പരിശോധിക്കണമെന്നായിരുന്നു ആവശ്യം.

പഴയഡാമിന്റെ ഷട്ടറുകളും കോൺക്രീറ്റ് തൂണുകളും ഏതാനും മിനുക്ക് പണികൾ വരുത്തി പുതിയ ഡാം പൂർത്തീകരിക്കുകയായിരുന്നു. ഇത് ഭാവിയിൽ അപകടത്തിന് ഇടയാക്കും എന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. കരാറിൽ ഉറപ്പിച്ചതിനേക്കാൾ 11 കോടിയിലധികം രൂപ ചെലവായത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും പരാതിയിൽ പറയുന്നു.

പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചതിന് തൊട്ട് പിന്നാലെയാണ് മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്ത് എത്തിയത്. ഒന്നാം പിണറായി സർക്കാറിൽ ജലവിഭവ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു കെ കൃഷ്ണൻകുട്ടി. കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്ന്.

അതേസമയം അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും ഡാം നിർമ്മാണത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ കുറ്റക്കാർ ശിക്ഷ കിട്ടണമെന്നുമാണ് കെ കൃഷ്ണന് കുട്ടി പ്രതികരിച്ചത്. അന്വേഷണത്തെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ടെൻഡർ മറികടന്ന് അധികമായി ചെലവാക്കിയ തുകയുടെ കണക്ക് മന്ത്രി കെ കൃഷ്ണൻ കുട്ടി എവിടെയും വ്യക്തമാക്കിയിട്ടില്ലെന്ന് ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് ജെഡിഎസിൽ നിന്നുള്ള കൃഷ്ണൻ കുട്ടിയുടെ രാജിക്കായി പ്രതിഷേധിക്കുന്നത്. സർക്കാരിന്റെ അറിവോടെയാണ് കരാറുകാരൻ പണം തട്ടിയതെന്നാണ് ആരോപണം. പണി പൂർത്തിയാകുന്ന ഘട്ടത്തിൽ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കൃഷ്ണൻ കുട്ടിക്ക് ഈ ക്രമക്കേടിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും പ്രതിപക്ഷം പറയുന്നു.

വിഷയം സംസ്ഥാന തലത്തിലേക്ക് ഉയർത്തിക്കൊണ്ട് വരാനുള്ള ശ്രമവും യുഡിഎഫ് നടത്തുന്നുണ്ട്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡാമിലേക്ക് കോൺഗ്രസ് കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ മാർച്ച് പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്തു.

ടെൻഡറിനെ മറികടന്ന് അധികമായി അനുവദിച്ച പതിമൂന്ന് കോടിയുടെ കണക്ക് മന്ത്രി ഒരിടത്തും പറഞ്ഞിട്ടില്ലെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. കരാറുകാരൻ പണം തട്ടിയത് സർക്കാറിന്റെ അറിവോടെയാണ്. മന്ത്രിയുടെ കൃത്യമായ ഇടപെടൽ ഇതിനകത്ത് ഉണ്ടായിട്ടുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു.

ഡാം നിർമ്മാണം പൂർത്തിയാക്കുമ്പോൾ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയെന്ന നിലയിൽ അഴിമതിയുടെ ഉത്തരവാദിത്തത്തിൽ നിന്നും കൃഷ്ണൻ കുട്ടിക്ക് ഒഴിഞ്ഞ് മറാനാവില്ല. അതുകൊണ്ട് തന്നെ രാജിവെ വെച്ച് അന്വേഷണം നേരിടണം. അതിന് തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോവുമെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കുന്നു.