ലണ്ടൻ: കോവിഡാനന്തര ബ്രിട്ടൻ കെട്ടിപ്പടുക്കുന്നതിൽ മാനവവിഭവശേഷി അതുല്യമായ പങ്കാണ് വഹിക്കാൻ പോകുന്നതെന്ന തിരിച്ചറിവാണ് യു കെയുടെ ഇമിഗ്രേഷൻ നിയമങ്ങളിൽ ഷോർട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റ് എന്ന പുതിയ ഏട് എഴുതിച്ചേർക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. പ്രത്യേക നൈപുണികൾ ആവശ്യമായ തൊഴിലുകൾ ചെയ്യാൻ ബ്രിട്ടനിലെ ആഭ്യന്തര തൊഴിൽ വിപണിയിൽ ആവശ്യത്തിന് ആളെ ലഭിക്കാത്ത മേഖലകളിലേക്കാണ് ഈ ലിസ്റ്റ് വഴി ആളുകളെ ജോലിക്കെടുക്കുക. ഇതിൽ ഉൾപ്പെട്ട തൊഴിലുകൾക്കായി അപേക്ഷിക്കുന്നവർക്ക് ബ്രിട്ടനിലെത്തുക കൂടുതൽ അനായാസകരമായി മാറും

പൊതുമേഖലയിലും സ്വകാര്യമേഖലയിലും ആവശ്യത്തിന് മാനവ വിഭവശേഷി ഉറപ്പാക്കുക എന്ന നയമനുസരിച്ച് പല പുതിയ തൊഴിലുകളും ഈ തസ്തികയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. പോയിന്റ് അടിസ്ഥാനത്തിൽ വിസ അംഗീകരിക്കപ്പെടുന്ന പുതിയ നിയമമനുസരിച്ച് തൊഴിലുടമയ്ക്ക് വിദേശരാജ്യങ്ങളിൽ നിന്നും ആവശ്യമുള്ള തൊഴിലാളികളെ നിയമിക്കാൻ സാധിക്കും. ഇതനുസരിച്ച് ഒരു അപേക്ഷകന് വിസ ലഭിക്കുവാൻ കുറഞ്ഞത് 70 പോയിന്റ് നേടേണ്ടതുണ്ട്. തൊഴിലിലെ നൈപുണ്യം, ഇംഗ്ലീഷ് പരിജ്ഞാനം, ശമ്പളം എന്നിവയൊക്കെ പരിഗണിച്ചായിരിക്കും പോയിന്റുകൾ നൽകുക.

2021 മാർച്ച് 4 നാണ് യു കെ ഷോർട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റിൽ ഏറ്റവും അവസാനമായി മാറ്റങ്ങൾ വരുത്തിയത്. ഇതിൽ ഉൾപ്പെട്ടിരുന്ന ഷെഫ് എന്ന വിഭാഗത്തെ ഇതിൽനിന്നും നീക്കം ചെയ്തതിനൊപ്പം പല പുതിയ തൊഴിലുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, വിവിധ ഭാഷാ അദ്ധ്യാപകരെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് വ്യത്യസ്ത ടേബിളുകളായാണ് ഇതിൽ തൊഴിലുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇതിൽ ആദ്യ പട്ടികയിൽ ആരോഗ്യ പ്രവർത്തകർ, പബ്ലിക് ഹെൽത്ത് മാനേജർമാർ, ഡയറക്ടർമാർ കെയർ മാനേജർമാർ, ബയോളജിക്കൽ ശാസ്ത്രജ്ഞർ, ബയോകെമിസ്റ്റുകൾ, ഫിസിക്കൽ സയന്റിസ്റ്റ്, സോഷ്യൽ സയന്റിസ്റ്റ്,സിവിൽ എഞ്ചിനീയർ, മെക്കാനിക്കൽ എഞ്ചിനീയർ, ഇലക്ട്രിക്കൽ എഞ്ചിനീയർ, ഇലക്ട്രോണിക്സ് എഞ്ചിനീയർ, ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് എഞ്ചിനീയർ, പ്രൊഡക്ഷൻ ആൻഡ് പ്രൊസസ് എഞ്ചിനീയർ, ഐ ടി വിദഗ്ദർ, സൊഫ്റ്റ്‌വെയർ വിദഗ്ദർ, വെബ് ഡെവലപ്പർമാർ, വിവിധ മേഖലകളിൽ സ്പെഷലൈസ് ചെയ്ത ഡോക്ടർമാർ, മൃഗഡോക്ടർ, നഴ്സുമാരദ്ധ്യാപകർ, കലാകാരന്മാർ എന്നിവരുൾപ്പെടുന്നു.

ഇതിൽ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവർ അടങ്ങിയതാണ് രണ്ടാമത്തെ പട്ടിക. നാഷണൽ പേ സ്‌കെയിലിന് സമാനമായ ശമ്പളമായിരിക്കും പട്ടിക രണ്ടിൽ ഉൾപ്പെടുന്ന വിഭാഗക്കാർക്ക് ലഭിക്കുക. വിസാ നിയമത്തിലെ സ്‌കിൽഡ് വർക്കർ റൂട്ടിലൂടെ ഇവർക്ക് എളുപ്പത്തിൽ വിസ ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ, ഇതിനാവശ്യമായ അടിസ്ഥന യോഗ്യതകളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ച്ചയും ഉണ്ടാകില്ല. ബ്രിട്ടനിലെ നാല് അംഗരാജ്യങ്ങളിലും ഉള്ള ഒഴിവുകൾ ഇതിന്റെ കീഴിൽ പരിഗണിക്കപ്പെടും.

ഷോർട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന തൊഴിൽ ചെയ്യാനായി ബ്രിട്ടനിൽ എത്തുന്നവർക്ക് പിന്നീട് വേണമെങ്കിൽ മറ്റ് മേഖലകളിലേക്ക് മാറാനുള്ള അവസരവും അനുവാദവും ഉണ്ട്. വിസ നടപടിക്രമങ്ങളുടെ നൂലാമാലകളിൽ ഉൾപ്പെടാതെ ബ്രിട്ടനിലെക്ക് എത്തിച്ചേരുവാൻ നല്ല സമയമാണിത്. എന്നാൽ, ഈ രംഗത്ത് നടക്കാനിടയുള്ള തട്ടിപ്പുകൾക്കെതിരെ ജാഗരൂകരായിരിക്കുകയും വേണം. യു. കെ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ച് നിങ്ങൾക്ക് നൈപുണ്യമുള്ള തൊഴിൽ ഷോർട്ടേജ് ഒക്കുപ്പെഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം ഇതിനായുള്ള ശ്രമങ്ങൾ തുടരുക.