ലണ്ടന്‍: തിരഞ്ഞെടുപ്പ് വേളയില്‍ ആരൊക്കെയാകും ലേബര്‍ അധികാരത്തില്‍ എത്തിയാല്‍ മുന്‍ നിരയില്‍ ഉണ്ടാവുക എന്ന ചോദ്യത്തോട് മുഖം തിരിച്ചു നടന്ന കീര്‍ സ്റ്റാര്‍മാര്‍ പ്രധാനമന്ത്രി ആയതോടെ പ്രതിപക്ഷത്തിരുന്നപ്പോള്‍ തനിക്കൊപ്പം ഷാഡോ ടീമില്‍ പ്രവര്‍ത്തിച്ച മിക്കവര്‍ക്കും മന്ത്രിസഭയില്‍ ഇരിപ്പിടം നല്‍കി. ഇക്കൂട്ടത്തില്‍ ബ്രിട്ടന് ആദ്യമായി വനിതാ ചാന്‍സലര്‍ ആയ റേച്ചല്‍ റീവ്‌സും ഉള്‍പ്പെടുന്നു. ആരോഗ്യമന്ത്രിയായി വെസ് സ്ട്രീറ്റിങ് ചുമതലയേറ്റതും നിര്‍ണായക നീക്കമായി.

പ്രസ്റ്റീജ് വകുപ്പുകളും മന്ത്രിസഭയില്‍ ലേബറിന്റെ വന്‍തോക്കുകളായ ആഞ്ചേല റെയ്നര്‍, യുവറ്റ് കൂപ്പര്‍, ഡേവിഡ് ലാമി എന്നിവരുടെ നിയമനം ശ്രദ്ധേയമായി. ആഞ്ചേല റെയ്നര്‍ ഉപ പ്രധാനമന്ത്രി ആയപ്പോള്‍ സീനിയര്‍ നേതാവ് യുവറ്റ കൂപ്പര്‍ ആഭ്യന്തര സെക്രട്ടറി ആകും. ഒട്ടേറെ നേതാക്കള്‍ നോട്ടമിട്ടിരുന്ന വിദേശകാര്യ വകുപ്പ് ഡേവിഡ് ലാമി സ്വന്തമാക്കി. കേരളത്തെ ഇഷ്ടപെടുന്ന, കേരളത്തില്‍ ആഴ്ചകളോളം താമസിച്ചിട്ടുള്ള നേതാവ് കൂടിയാണ് ഡേവിഡ് ലാമി. ഇതേക്കുറിച്ചു അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ എഴുതുകയും ചെയ്തിരുന്നു.

കീര്‍ സ്റ്റര്‍മാരുടെ മന്ത്രിസഭയില്‍ കഴിവും പ്രാപ്തിയും സീനിയോറിറ്റിയും ഉള്ള നേതാക്കളുടെ വമ്പന്‍ പട തന്നെയാണ് എത്തിയിരിക്കുന്നത്. അതിനാല്‍ ഓരോ വകുപ്പിലും കാര്യമായ തരത്തിലുള്ള മാറ്റങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാറ്റത്തിനു വേണ്ടി ഒരു വോട്ട് എന്ന പ്രചാരണവുമായി മുന്നേറി നീണ്ട 14 വര്‍ഷത്തെ ടോറി ഭരണത്തിന് അറുതി വരുത്തിയ ജനങ്ങള്‍ക്ക് ആ മാറ്റം അനുഭവ ഭേദ്യമാകാന്‍ ചടുലമായ നീക്കങ്ങള്‍ക്കാകും മന്ത്രിമാര്‍ തയ്യാറാവുക. സാമ്പത്തിക രംഗത്ത് ഋഷി സുനക് വരുത്തിയ മാറ്റങ്ങള്‍ മൂലം 20 മാസം മുന്‍പുള്ള അവസ്ഥയില്‍ നിന്നും ബ്രിട്ടന്‍ അതിവേഗമുള്ള തിരിച്ചു വരവാണ് നടത്തിയത്.

നാണയപ്പെരുപ്പം കുറഞ്ഞതും വിലക്കയറ്റം പിടിച്ചു നിര്‍ത്തിയതും കര്‍ക്കശ നിലപാടിലൂടെയാണ്. ഇത് തന്നെയാകും പുതിയ ചാന്‍സലര്‍ റേച്ചല്‍ റീവ്സിന്റെ ഏറ്റവും വലിയ വെല്ലുവിളിയും. മെച്ചപ്പെട്ട നിലയില്‍ നിന്നും അല്‍പമെങ്കിലും സാമ്പത്തിക രംഗം ചാഞ്ചാടിയാല്‍ റീവ്സ് പഴി കേള്‍ക്കും എന്നുറപ്പ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ എക്കണോമിസ്റ്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള റേച്ചല്‍ റീവ്സിനു മന്ത്രിപ്പണിയില്‍ ചുവട് പിഴക്കില്ല എന്ന ധാരണയിലാണ് സ്റ്റാര്‍മര്‍ സാമ്പത്തികം തന്നെ നല്‍കിയിരിക്കുന്നത്.

സൗഹൃദം കലര്‍ന്ന കൂടിക്കാഴ്ചയുമായി സ്റ്റാര്‍മറും ചാള്‍സ് രാജാവും

ബ്രിട്ടീഷ് വംശജനെ വീണ്ടും പ്രധാനമന്ത്രിക്കസേരയില്‍ എത്തിയ ബ്രിട്ടീഷ് ജനതയുടെ ആഗ്രഹ പൂര്‍ത്തീകരണം നടന്ന ദിവസം തന്നെ പുതിയ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും ബ്രിട്ടീഷ് രാജാവ് ചാള്‍സും തമ്മിലുള്ള കൂടിക്കാഴ്ചയും നടന്നു. നമ്പര്‍ പത്തില്‍ എത്തിയ ശേഷം നേരെ രാജകൊട്ടാരത്തിലേക്ക് പത്നി വിക്ടോറിയയുമായി എത്തിയ സ്റ്റാര്‍മര്‍ ഔപചാരികമായ ചടങ്ങുകളുടെ ഭാഗമായാണ് ചാള്‍സ് രാജാവിനെ സന്ദര്‍ശിച്ചത്.

തികച്ചും സൗഹൃദാന്തരീക്ഷത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ തമാശകളും നിറഞ്ഞു. കണ്ടപ്പോള്‍ തന്നെ നന്നായി പണിയെടുത്തു മുട്ടുകാല്‍ തേഞ്ഞു കാണുമല്ലോ എന്ന സരസമായ ചോദ്യമാണ് ചാള്‍സ് ഉന്നയിച്ചത്. മറുപടിയായി ഉറക്കം നഷ്ടമായ ശേഷമുള്ള വരവാണ് എന്ന് സ്റ്റാര്‍മര്‍ പറഞ്ഞത് ചിരി പടര്‍ത്തി. പുതിയ പ്രധാനമന്ത്രി നിരീശ്വരവാദിയാണ് എന്നതും കൗതുകം ഉണര്‍ത്തുന്ന വസ്തുതയാണ്. ബാരിസ്റ്റര്‍ ആയ സ്റ്റാര്‍മര്‍ തന്നെയാണ് ആദ്യമായി നിരീശ്വരവാദിയെന്നു തുറന്നു പറയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയും.