ന്യൂയോർക്ക്: സമുദ്ര സുരക്ഷക്ക് തുരങ്കം വയ്ക്കുന്ന തീവ്രവാദ ശക്തികളെ നേരിടാൻ കൂട്ടായ സഹകരണം വേണമെന്ന് ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. സമുദ്ര വ്യാപാരമേഖലയിലെ തടസങ്ങൾ നീങ്ങേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതാദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി സുരക്ഷ കൗൺസിൽ യോഗത്തിന്റെ അധ്യക്ഷനാകുന്നത്.

സമുദ്രസുരക്ഷയിലും സമുദ്രത്തിലൂടെയുള്ള വാണിജ്യരംഗത്തും ഇന്ത്യ ശക്തമായ സാന്നിദ്ധ്യമായി രംഗത്തുണ്ടാകുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. ഈ മാസം മുഴുവൻ സുരക്ഷാ സമിതി യോഗത്തിൽ ഇന്ത്യയാണ് അദ്ധ്യക്ഷത വഹിക്കുന്നത്. സമുദ്രമേഖലയിലെ സുരക്ഷയിൽ ആഗോളതലത്തിലെ പങ്കാളിത്തമെന്ന വിഷയത്തെ ഊന്നിയാണ് നരേന്ദ്ര മോദി സംസാരിച്ചത്.

കൊവിഡിൽ ജീവൻ നഷ്ടപ്പെട്ടവരെ അനുസ്മരിച്ച് തുടങ്ങിയ യോഗത്തിന്റെ പ്രധാന അജണ്ട സമുദ്ര സുരക്ഷയായിരുന്നു. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തെ അറിയിച്ചു. സമുദ്രസുരക്ഷക്ക് തുരങ്കം വയ്കുന്ന ശക്തികളെ നേരിടാൻ അന്താരാഷ്ട്ര തലത്തിൽ സഹകരണം കൂടുതൽ മെച്ചപ്പെടുത്തണം. കടൽകൊള്ളക്കാരുടെ ആധിപത്യത്തിലുള്ള സമുദ്രപാതകൾ തിരിച്ച് പിടിക്കണം, രാജ്യങ്ങൾക്കിടയിലെ തർക്കങ്ങൾ രമ്യമായി പരിഹരിക്കപ്പെടണമെന്നും നരേന്ദ്ര മോദി പറഞ്ഞു.

അഞ്ചുവിഷയങ്ങളാണ് സമുദ്ര സുരക്ഷയും വാണിജ്യരംഗവും ചർച്ച ചെയ്യുന്‌പോൾ ലോകരാജ്യങ്ങൾ പരിഗണിക്കണം. സമുദ്രം നമ്മുടെ ഏറ്റവും വലിയ സമ്പത്താണ്. ഇന്ന് കടൽക്കൊള്ളക്കാരും ഭീകരരുമാണ് സമുദ്രത്തെ ഭരിക്കുന്നത്. ഇതിന് എല്ലാ രാജ്യങ്ങളും ഒരു പോലെ ഉത്തരവാദികളാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഓരോ രാജ്യങ്ങളും അതാത് മേഖലയിലെ സുരക്ഷയ്ക്കൊപ്പം മറ്റ് രാജ്യങ്ങളുമായി വാണിജ്യപാതയിലെ സുരക്ഷയിൽ ഏറെ ശ്രദ്ധചെലുത്തണ്ടതുണ്ട്.

പ്രകൃതി ദുരന്തങ്ങളിലും സമുദ്രതീരത്തെ രാജ്യങ്ങൾ തുല്യമായി കഷ്ടനഷ്ടങ്ങൾ സഹിക്കുന്നവരാണ്. പരസ്പരം ആശ്രയിക്കേണ്ട അത്തരം അവസ്ഥയിൽ ഏതൊക്കെ കാര്യങ്ങളിൽ സ്ഥിരമായ സംവിധാനം വേണമെന്നതിൽ ചർച്ച നടക്കണമെന്ന് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. സമുദ്രസുരക്ഷയിൽ എല്ലാ രാജ്യങ്ങളുടേയും തുല്യപങ്കാളിത്തമാണ് വേണ്ടതെന്നും ഒരു രാജ്യത്തിന്റെ മാത്രം ആശയങ്ങളോ തീരുമാനങ്ങളോ പ്രശ്നപരിഹാരത്തിന് ഉതകില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.

സമുദ്രം വഴിയുള്ള വാണിജ്യമാണ് മറ്റൊരു പ്രധാന മേഖല. ആയിരക്കണക്കിന് വർഷം മുന്നേ സമുദ്രത്തിലൂടെ നടത്തിയ വാണിജ്യ യാത്രകൾ നരേന്ദ്ര മോദി ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഭാരതം എന്നും സുതാര്യവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ സമുദ്രയാത്രകളും വാണിജ്യവുമാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷിതവും സുസ്ഥിരവും സ്വതന്ത്രവുമായ വാണിജ്യപാതയുണ്ടാകണം. എല്ലാ രാജ്യങ്ങളുടെ സൈനിക വ്യവസ്ഥയേയും പരസ്പരം പരിഗണിക്കണം. അത് വഴി വിശ്വശാന്തിയും സ്ഥിരതയും പുലരണം. ഇന്ത്യ ബംഗ്ലാദേശുമായി സമുദ്രതീരം പങ്കുവെച്ച് എടുത്ത നയം ഏറെ ഫലപ്രദമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

സുനാമി, ചുഴലിക്കാറ്റ്, മലിനീകരണം എന്നിവ നേരിടാൻ ഭാരതം എന്നും മുന്നിലുണ്ട്. കടൽക്കൊള്ളക്കാരെ ഇന്ത്യൻ നാവികസേന ശക്തമായിട്ടാണ് നേരിടുന്നത്. ഒപ്പം ഇന്ത്യൻ മഹാസമുദ്രത്തിലെ എല്ലാ രാജ്യങ്ങൾക്കും സമുദ്രഗവേഷണത്തിനും സമുദ്രമലിനീകരണ വിഷയത്തിലും ഇന്ത്യ സഹായസഹസ്തവുമായി മുന്നിലുണ്ടെന്നും മോദി വ്യക്തമാക്കി. ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷയുടെ കാര്യത്തിൽ സമീപകാലത്ത് ഇന്ത്യ എല്ലാ രാജ്യങ്ങൾക്കും സഹായം നൽകുന്ന കാര്യവും നരേന്ദ്ര മോദി ഓർമ്മിപ്പിച്ചു.

സമുദ്രത്തിലെ വിഭവങ്ങളെ നാം എന്നും പരിരക്ഷിക്കണമെന്ന് എടുത്ത പറഞ്ഞ പ്രധാനമന്ത്രി കടലിൽ നിറയുന്ന പ്ലാസ്റ്റിക്, എണ്ണ എന്നിവയുണ്ടാക്കുന്ന വിപത്തിനെ ഒരുമിച്ച് നേരിടണമെന്നും പറഞ്ഞു. എല്ലാ സമുദ്ര പാതയിലും അതിർത്തി ലംഘിച്ചുള്ള അനധികൃതമായ മത്സ്യബന്ധനം ഓരോ രാജ്യവും കർശനമായി നിയന്ത്രിക്കണമെന്നും കൂട്ടിച്ചേർത്തു.

ഉത്തരവാദിത്വത്തോടെയുള്ള സമുദ്രസുരക്ഷയും വാണിജ്യത്തിനുമായി എല്ലാവരും പരസ്പരം കൈകോർക്കേണ്ടത്. സമുദ്രശാസ്ത്ര രംഗത്തെ ഗവേഷണ പങ്കാളിത്തവും ഇതിന്റെ ഭാഗമാണ്. ഇതിന് രാജ്യങ്ങളുടെ സാമ്പത്തിക നിലയെ പരിഗണിച്ചുള്ള പങ്കാളിത്തമാണ് ആവശ്യം. ഇന്ത്യ ഇത്തരം എല്ലാ വിഷയത്തിലും ചർച്ചയിലും സുരക്ഷാ കൗൺസിൽ അംഗങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും നരേന്ദ്ര മോദി പറഞ്ഞു.

തീവ്രവാദ ശക്തികൾക്കെതിരായ പോരാട്ടത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. സമുദ്രസുരക്ഷ നേരിടുന്ന വെല്ലുവിളികളെ ഒന്നിച്ച് നേരിടാമെന്ന് മറ്റ് രാജ്യങ്ങളും വ്യക്തമാക്കി. സമുദ്ര സുരക്ഷയ്ക്കു പുറമെ സമാധാന ദൗത്യം, ഭീകരവാദ വിരുദ്ധ നടപടി തുടങ്ങിയ വിഷയങ്ങളിൽ കൂടി പ്രത്യേക യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അടുത്ത രണ്ടു യോഗങ്ങളിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ആകും അദ്ധ്യക്ഷൻ.