കൊച്ചി: കൊച്ചിയുടെ വികസനത്തിന് വേണ്ടി തങ്ങളെ വിജയിപ്പിക്കണം എന്നാണ് വി4 കൊച്ചി കൂട്ടായ്മ ആവശ്യപ്പെടുന്നത്. മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് മാതൃകയാകുന്ന ചില വഴികൾ കൂടി ഇവർ പരിചയപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിയും മുമ്പ് തന്നെ കിട്ടിയ സംഭാവനകൾ കിട്ടിയ കണക്കുകൾ ഫേസ്‌ബുക്കിൽ പരസ്യപ്പെടുത്തി ഇതുവരെ സംഭാവനകൾ കിട്ടിയ തുക ഫേസ് ബുക്കിൽ 3 ഘട്ടമായാണ് പരസ്യപ്പെടുത്തിയത്. മറ്റ് രാഷ്ട്രീയ കക്ഷികൾക്ക് ഇതേ മാതൃക തുടരാൻ ധൈര്യമുണ്ടോ എന്നും ഇവർ ചോദിക്കുന്നു.

കൂട്ടായ്മയ്ക്ക് ഇത് വരെ ഏകദേശം 4.5 ലക്ഷം രൂപ സംഭാവന ആയി മെയിൻ അക്കൗണ്ടിൽ ലഭിച്ചിട്ടുണ്ട്. ജനങ്ങളിൽ നിന്ന് തന്നെ തുക സമാഹരിക്കുന്ന രീതിയാണ് വി 4 കൊച്ചി സ്വീകരിച്ചിരിക്കുന്നത്. പണം ബാങ്ക് വഴി മാത്രമാണ് സ്വീകരിക്കുന്നത്, ക്യാഷ് ആയി ആരുടെ കയ്യിൽ നിന്നും ഇത് വരെ പണം സ്വീകരിച്ചിട്ടില്ല.

മെയിൻ അക്കൗണ്ട് കൂടാതെ, 59 സ്ഥാനാർത്ഥികളുടെയും, ഓരോ ഡിവിഷൻ ഫിനാൻസ് കോൺട്രോളറുടെ പേരിലും ജോയിന്റ് അക്കൗണ്ട് കൂടി വി 4 കൊച്ചിക്കുണ്ട്. ഇതും താമസിയാതെ തന്നെ പരസ്യപ്പെടുത്തും. ഇത് വഴി 100 % സുതാര്യത എന്ന കാര്യത്തിൽ കൂട്ടായ്മ മാതൃക കാട്ടിയിരിക്കുകയാണ്. ഇടതു, വലതു, ചഉഅ മുന്നണികളും,, ഇത് പോലെ സംഭാവന കിട്ടിയ കണക്കുകൾ തുറന്നു കാട്ടണം എന്ന് വി 4 കൊച്ചി ഫിനാൻസ് ലീഡ് വിൻസന്റ് ജോൺ ആവശ്യപ്പെട്ടു.

കൊച്ചി കോർപറേഷനിൽ മത്സരിക്കുന്ന വി4 കൊച്ചി സ്ഥാനാർത്ഥികൾക്കു ചിഹ്നമായി കപ്പലാണ് അനുവദിച്ചിരിക്കുന്നത്. രജിസ്റ്റേഡ് പാർട്ടി അല്ലാഞ്ഞിട്ടും കോർപറേഷനിൽ മത്സരിക്കുന്ന 59 സ്ഥാനാർത്ഥികൾക്കും ഒരേ ചിഹ്നം ലഭിച്ചതിനു പിന്നിലൊരു തന്ത്രമുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥികൾ പൊതുവെ ആവശ്യപ്പെടാത്ത, എന്നാൽ കൊച്ചിയുമായി അടുത്ത ബന്ധമുള്ള കപ്പലിൽ നോട്ടമിട്ടു. വി4കൊച്ചി സ്ഥാനാർത്ഥികൾ എല്ലാവരും ആ ചിഹ്നത്തിന് ആദ്യ പരിഗണന നൽകി. ഈ വിവരം രഹസ്യമായി സൂക്ഷിച്ചു. മറ്റു സ്വതന്ത്രർ ആരും കപ്പൽ ആവശ്യപ്പെടാതിരുന്നതോടെ എല്ലാ സ്ഥാനാർത്ഥികൾക്കും കപ്പൽ ചിഹ്നം അനുവദിച്ചു. കൊച്ചി കപ്പൽശാല പ്രവർത്തിക്കുന്ന കൊച്ചി നഗരത്തിനു കപ്പൽ ചിഹ്നം മറക്കാനാവില്ലെന്നു വി4 കൊച്ചി പറയുന്നു.

കൊച്ചി നഗരത്തിൽ ഗാർഹികോപയോഗത്തിനു വെള്ളം സൗജന്യമായി നൽകുമെന്നു വി4 കൊച്ചിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനം. അഴിമതി രഹിത, സുതാര്യ ഭരണം ഉൾപ്പെടെ , അധികാരത്തിലെത്തിയാൽ നടപ്പാക്കുന്ന കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രകടന പത്രിക സംഘടന പുറത്തിറക്കി. ഇ ഗവേണൻസ് നടപ്പാക്കും. വിവരാവകാശ നിയമം പൂർണ അർഥത്തിൽ നടപ്പിൽ വരുത്തും. നഗരസഭാ പരിധിയിലെ തോട്, ഭൂമി, കായൽ, പുറമ്പോക്ക് ഇവ സംബന്ധിച്ച സർവേ റിപ്പോർട്ട് ജനങ്ങൾക്കു കൂടി ലഭ്യമാകുന്ന വിധത്തിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. നഗരസഭയ്ക്കു ലഭിക്കേണ്ട പരസ്യ നികുതി, കെട്ടിട നികുതി എന്നിവ കൃത്യമായി പിരിച്ചെടുക്കുമെന്നും വി4 കൊച്ചി അവകാശപ്പെടുന്നു.