കോഴിക്കോട്: വടകര താലൂക്ക് ഓഫിസ് തീപിടിത്തത്തിൽ അട്ടിമറിസാധ്യതയെന്നും സംശയം. ഇക്കാര്യത്തിൽ കൃത്യത വരുത്താൻ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. ഇക്കാര്യം എസ്‌പി എ.ശ്രീനിവാസ് വ്യക്തമാക്കി. അന്വേഷണത്തിന് വടകര ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തീപിടിത്തം പൊലീസും ഇലക്ട്രിക് വിഭാഗവും അന്വേഷിക്കുമെന്ന് കലക്ടർ എൻ.തേജ് ലോഹിത റെഡ്ഡി വ്യക്തമാക്കി. രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകാൻ നിർദേശിച്ചു.

താലൂക്ക് ഓഫിസ് പ്രവർത്തിക്കാൻ പകരം സംവിധാനം ഏർപ്പെടുത്തും. ഫയലുകൾ പരമാവധി വീണ്ടെടുക്കുമെന്നും സ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. വടകര താലൂക്ക് ഓഫിസിലെ തീപിടിത്തം അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സമഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി. എന്തെങ്കിലും തരത്തിലുള്ള ഇടപെടൽ നടന്നോയെന്ന് പരിശോധിക്കും. പ്രാഥമിക റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് വടകര എംഎൽഎ കെ.കെ.രമ ആവശ്യപ്പെട്ടു. സമീപത്തെ ലാൻഡ് അക്വിസിഷൻ തഹസീൽദാർ ഓഫിസിന്റെ ശുചിമുറിയിലും തീ കണ്ടിരുന്നു. അന്ന് ആരും പരാതി കൊടുത്തില്ലെന്നും എംഎൽഎ പറഞ്ഞു.

അതിനിടെ, തീപിടിത്തമുണ്ടായ വടകര താലൂക്ക് ഓഫിസിൽ എത്തിയ നാദപുരം എംഎൽഎ ഇ.കെ.വിജയന് ദേഹാസ്വാസ്ഥ്യമുണ്ടായി. എംഎൽഎയെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പുലർച്ചെയാണ് വടകര താലൂക്ക് ഓഫിസിന് തീപിടിച്ചത്. ഓഫിസിലെ ഉപകരണങ്ങളും ഫയലുകളും കത്തിപ്പോയി. തൊട്ടുത്തുള്ള പഴയ ട്രഷറി കെട്ടിടവും ഭാഗികമായി നശിച്ചു.