ന്യൂഡൽഹി: കാശി വിശ്വനാഥ ധാം ഇടനാഴി ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലി പ്രോംപ്റ്റർ ഉപയോഗിച്ചതിനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ്. ക്ഷേത്രത്തിലേക്ക് ടെലി പ്രോപ്റ്ററുമായി പോകുന്നത് ഹിന്ദുത്വവാദികൾ മാത്രമാണെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

'ഒരു ഹിന്ദുവും ക്ഷേത്രദർശനത്തിന് പോകുമ്പോൾ ടെലി പ്രോംപ്റ്റർ സംവിധാനവുമായി പോകില്ല. എന്നാൽ ഹിന്ദുത്വവാദികൾ അങ്ങനെ ചെയ്യും', എന്നായിരുന്നു ശ്രീനിവാസിന്റെ പോസ്റ്റ്. പ്രധാനമന്ത്രി ടെലി പ്രോംപ്റ്റർ ഉപയോഗിച്ച് കാശിയിൽ പ്രസംഗിക്കുന്ന ചിത്രം പോസ്റ്റുചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

മുൻകൂട്ടി എഴുതി തയ്യാറാക്കിയ പ്രസംഗം നോക്കി വായിക്കുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണമാണ് ടെലി പ്രോംപ്റ്റർ. കാശിയിലെ പരിപാടിയിൽ പ്രധാനമന്ത്രിയുടെ വേദിയിൽ ഇത് ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ പരിപാടിക്കെത്തുമ്പോഴും ടെലി പ്രോംപ്റ്ററുമായി എത്തിയതിനെ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലെ ആശയം സൂചിപ്പിച്ചുകൊണ്ടാണ് ബി.വി ശ്രീനിവാസ് വിമർശിച്ചത്.

ഹിന്ദുവും ഹിന്ദുത്വവാദിയും തമ്മിലുള്ള വ്യത്യാസം ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നടത്തിയ പ്രസംഗം. 'ഹിന്ദുവും ഹിന്ദുത്വവാദിയും വ്യത്യസ്ത അർഥങ്ങളുള്ള വാക്കുകളാണ്. ഞാൻ ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല. മഹാത്മാ ഗാന്ധി ഒരു ഹിന്ദുവായിരുന്നു. ഗോഡ്‌സെ ഹിന്ദുത്വവാദിയും. മഹാത്മഗാന്ധി സത്യാന്വേഷണത്തിനായി തന്റെ ജീവിതം ചെലവഴിച്ചു. നാഥുറാം ഗോഡ്‌സെ മൂന്ന് വെടിയുണ്ടകൾകൊണ്ട് അദ്ദേഹത്തിന്റെ ജീവനെടുത്തു', രാഹുൽ പറഞ്ഞു.

ഹിന്ദുത്വവാദികൾ ജീവിതം മുഴുവൻ അധികാരം തേടിയാണ് ചെലവഴിക്കുന്നതെന്നും അധികാരത്തിനായി അവർ എന്തും ചെയ്യുമെന്നും രാഹുൽ പറഞ്ഞു. എല്ലാവരെയും ആശ്ലേഷിക്കുന്ന, ആരെയും ഭയക്കാത്ത, എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവൻ ആണ് ഹിന്ദു. എല്ലാവരേയും ഉൾക്കൊള്ളുന്ന എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന സത്യത്തിന്റെ പാതയിലുള്ള ഹിന്ദുക്കളുടെ ഭരണം നമുക്ക് തിരികെ കൊണ്ടുവരണമെന്നും രാഹുൽ പഞ്ഞിരുന്നു.