ധൻബാദ്: സ്ത്രികൾക്കെതിരെ അതിക്രമവും അനീതിയുമൊക്കെ ഉണ്ടാകുമ്പോൾ ചെറുതായെങ്കിലും വിവിധ തരത്തിലുള്ള പ്രതിഷേധങ്ങളെക്കുറിച്ചു നാം കേൾക്കാറുണ്ട്. എന്നാൽ തനിക്ക് നിതി നിഷേധിച്ചപ്പോൾ ഒരു നാടിനെത്തന്നെ നിശ്ചലമാക്കി നീതി നേടിയെടുത്ത ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്.ഭർത്താവ് വിവാഹമോചനം നൽകാതെ മറ്റൊരു വിവാഹം ചെയ്തപ്പോൾ പരാതിയുമായി സ്റ്റേഷനിലെത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.തുടർന്നാണ് വേറിട്ട പ്രതിഷേധവുമായി യുവതിയും കുടുംബവും രംഗത്തെത്തിയത്.

ദേശീയപാത ഉപരോധിച്ചായിരുന്നു ഇവരുടെ പ്രതിഷേധം.ഝാർഖണ്ഡിലെ ധൻബാദിലാണ് സംഭവം. ഗാർഹിക പീഡനത്തിനും തനിക്ക് വിവാഹമോചനം നൽകാതെ ഭർത്താവ് രണ്ടാമത് വിവാഹം ചെയ്യുന്നുവെന്നും പൊലീസിൽ പരാതിയുമായി സമീപിച്ച് നടപടിയുണ്ടാവാതെ വന്നതോടെയാണ് ജാർഖണ്ഡ് സ്വദേശിയായ പുഷ്പ ദേവിയും ബന്ധുക്കളും ദേശീയപാത ഉപരോധിച്ചത്.

വിവാഹത്തിന് പിന്നാലെ ഭർത്താവ് ഉമേഷ് യാദവ് പുഷ്പയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു. ഇതിന് പിന്നാലെ ഉമേഷ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുകയും ചെയ്തു. ഇതോടെയാണ് പുഷ്പ ദേവി പൊലീസ് സഹായം തേടിയത്. പരാതിയുമായി ഝാർഖണ്ഡിലെ നിർസ പൊലീസ് സ്റ്റേഷനിൽ നിരവധി തവണ എത്തിയെങ്കിലും പൊലീസ് പരാതി കേൾക്കാൻ പോലും തയ്യാറായില്ലെന്നാണ് പുഷ്പ ദേവി ആരോപിക്കുന്നത്. ഉന്നത അധികാരികളെ ഹിന്ദു വിവാഹ നിയമം ചൂണ്ടിക്കാണിച്ച് സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് പുഷ്പ ദേവിയും കുടുംബവും കടുത്ത നടപടികളിലേക്ക് കടന്നത്.

ജാർഖണ്ഡ് മഹിളാ സമിതിക്കും കുടുംബത്തിനും ഒന്നിച്ചാണ് പുഷ്പ ദേവി റോഡ് ഉപരോധിച്ചത്. ജിടി റോഡിൽ നടത്തിയ പ്രതിഷേധം തിരക്കേറിയ ഡൽഹി ഹൗറ ദേശീയപാതയിൽ വരെ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിന് കാരണമാവുകയായിരുന്നു. പശ്ചിമ ബംഗാളിലേക്ക് പോവുകയായിരുന്നു നിരവധി ട്രക്കുകൾ അടക്കമുള്ളവയാണ് ഗതാഗതക്കുരുക്കിൽ കുടുങ്ങിയത്. ഇതോടെ സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായി. പുഷ്പയുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിക്കാൻ ഉപരോധത്തിന് പിന്നാലെ തീരുമാനമായി.