ചെന്നൈ: താൻ പ്രണയിച്ചിരുന്ന പെൺകുട്ടിയുമായി അനിയൻ ഒളിച്ചോടിയതിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഇതറിഞ്ഞ അനിയനും കാമുകിയും ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം.

മധുര പാലമേട് സല്ലിക്കോടങ്കിപ്പട്ടി ഗ്രാമത്തിൽ നിന്നുള്ള പെരിയ കറുപ്പൻ (26) ആണ് ജീവനൊടുക്കിയത്. നിർമ്മാണ കമ്പനിയിൽ സൂപ്പർവൈസറായി ജോലിചെയ്യുകയായിരുന്നു ഇയാൾ. മൈക്ക് സെറ്റ് സ്ഥാപനം നടത്തുകയായിരുന്ന ഇളയ സഹോദരൻ ചിന്ന കറുപ്പൻ (24) ആണ് പെൺകുട്ടിയുമായി ഒളിച്ചോടിയത്.

ബന്ധുവായ 16 കാരിയോട് പെരിയ കറുപ്പന് ഇഷ്ടമുണ്ടായിരുന്നു. എന്നാൽ ഇയാൾ പെൺകുട്ടിയോട് കാര്യം പറയാതെ വിഷയം വീട്ടിൽ അവതരിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ചിന്ന കറുപ്പനും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലാകുന്നതും ഒളിച്ചോടുന്നതും. ഇതിൽ മനം നൊന്ത് യുവാവ് വിഷം കഴിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.