ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ പേസിന് മുന്നിൽ ഇന്ത്യൻ ബാറ്റസ്മാന്മാർ ഒരോരുത്തരായി കൂടാരം കയറിയപ്പോൾ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്‌സിൽ ഇന്ത്യയ്ക്ക് തകർച്ച. 202 റൺസിന് എല്ലാവരും പുറത്തായി. ബാറ്റ്‌സ്മാന്മാർ ഭൂരിഭാഹവും നിരാശപ്പെടുത്തിയപ്പോൾ അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലും 46 റൺസെടുത്ത ആർ ആശ്വിനും മാത്രമാണ് ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കക്കായി മാർക്കോ ജാൻസൺ നാലും ഡുനേൻ ഒലിവറും കാഗിസോ റബാഡയും മൂന്ന് വിക്കറ്റ് വീതവും വീഴ്‌ത്തി.

ക്യാപ്റ്റൻ കെ എൽ രാഹുലും മായങ്ക് അഗർവാളും ചേർന്ന് ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. പേസും ബൗൺസുമുള്ള പിച്ചിൽ ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 36 റൺസടിച്ചു. രാഹുൽ പ്രതിരോധിച്ചു നിന്നപ്പോൾ ആക്രമിച്ചു കളിച്ച മായങ്ക് അതിവേഗം സ്‌കോർ ചെയ്‌തെങ്കിലും 26 റൺസുമായി മടങ്ങി. മാർക്കോ ജാൻസണായിരുന്നു മായങ്കിനെ വിക്കറ്റ് കീപ്പർ വെറേനെയുടെ കൈളിലെത്തിച്ചത്. ഇതിന് പിന്നാലെ ഇന്ത്യയുടെ തകർച്ചയും തുടങ്ങി.

മായങ്കിന് പകരമെത്തിയ ചേതേശ്വർ പൂജാര കെ എൽ രാഹുലിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കുമെന്ന് പ്രതീക്ഷ നൽകി. എന്നാൽ 33 പന്തുകൾ തടുത്തിട്ട പൂജാര മൂന്ന് റൺസുമായി മടങ്ങി. ഓഫ് സ്റ്റംപിന് പുറത്തുപോയ ഒലിവറിന്റെ പന്തിൽ ബാറ്റുവെച്ച പൂജാര ബാവുമയുടെ കൈകളിലവസാനിച്ചു. പിന്നാലെയെത്തിയ അജിങ്ക്യാ രഹാനെക്ക് ക്രീസിൽ ഒരു പന്തിന്റെ ആയുസെ ഉണ്ടായിരുന്നുള്ളു. ഒലിവറിന്റെ ആദ്യ പന്തിൽ തന്നെ ഗള്ളിയിൽ കീഗാൻ പീറ്റേഴ്‌സണ് ക്യാച്ച് നൽകി രഹാനെയും മടങ്ങിയതോടെ ഇന്ത്യ 36-0ൽ നിന്ന് 49-3ലേക്ക് കൂപ്പുകുത്തി. ലഞ്ചിന് പിരിയുമ്പോൾ 53-3 എന്ന സ്‌കോറിലായിരുന്നു ഇന്ത്യ.


കൂട്ടത്തകർച്ചയിൽ നിന്ന് ആശ്വാസമായത് ക്യാപ്റ്റൻ കെ എൽ രാഹുലിന്റെയും കോലിയുടെ പകരക്കാരനായി എത്തിയ ഹനുമാ വിഹാരിയുടെയും ബാറ്റിംഗായിരുന്നു. തുടക്കത്തിൽ പ്രതിരോധിച്ചു നിന്ന രാഹുൽ പതുക്കെ ഗിയർ മാറ്റിയതോടെ ഇന്ത്യ സ്‌കോർ ബോർഡിന് അനക്കം വെച്ചു. തുടക്കത്തിൽ ബാവുമ കൈവിട്ട വിഹാരിയും മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യ കൂട്ടത്തകർച്ചയിൽ നിന്ന് കരകയറി. എന്നാൽ ലഞ്ചിനുശേഷം സ്‌കോർ 91ൽ നിൽക്കെ വിഹാരിയെ വീഴ്‌ത്തി കാഗിസോ റബാഡ ഇന്ത്യക്ക് അടുത്ത പ്രഹരമേൽപ്പിച്ചു. വാൻഡർ ഡസ്സൻ ആണ് ഷോർട്ട് ലെഗ്ഗിൽ മനോഹരമായ ക്യാച്ചിലൂടെ വിഹാരിയുടെ ചെറുത്തു നിൽപ്പ് അവസാനിച്ചിച്ചത്.

റിഷഭ് പന്തുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കുമെന്ന് പ്രതീക്ഷ നൽകിയ ക്യാപ്റ്റൻ കെ എൽ രാഹുലിനെയും പിച്ചിലെ ബൗൺസ് ചതിച്ചു. അർധസെഞ്ചുറി നേടിയ നായകൻ കെ.എൽ.രാഹുലിനെ മാർക്കോ ജാൻസൺ കഗിസോ റബാദയുടെ കൈയിലെത്തിച്ചു. രാഹുലിന്റെ അർധസെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യൻ സ്‌കോർ 100 കടന്നത്.രാഹുൽ പുറത്താകുമ്പോൾ ഇന്ത്യൻ സ്‌കോർ ബോർഡിൽ 116 റൺസെ ഉണ്ടായിരുന്നുള്ളു. ഏഴാമനായി ക്രീസിലെത്തിയ ആർ അശ്വിൻ തകർപ്പൻ ഷോട്ടുകളുമായി നല്ല തുടക്കമിട്ടതോടെ ഇന്ത്യ ചായക്ക് പിരിയുമ്പോൾ 146ൽ എത്തി.

പ്രതീക്ഷ നൽകിയശേഷം റിഷഭ് പന്ത് ചായക്ക് ശേഷം വീണത് ഇന്ത്യക്ക് അടുത്ത തിരിച്ചടിയായി. 17 റൺസെടുത്ത പന്ത് മാർക്കോ ജാൻസന്റെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യച്ച് നൽകി മടങ്ങി. ഷർദ്ദുൽ ഠാക്കൂറിന് ക്രീസിൽ അഞ്ചു പന്തിന്റെ ആയുസെ ഉണ്ടായിരുന്നുള്ളു. റൺസെടുക്കും മുമ്പെ ഷർദ്ദുലും മടങ്ങിയതോടെ വാലറ്റത്തെക്കൂട്ടുപിടിച്ച് അശ്വിൻ പോരാട്ടം തുടർന്നു. ഇന്ത്യയെ 200ന് അടുത്തെത്തിച്ച അശ്വിനെ മാർക്കോ ജാൻസൺ വീഴ്‌ത്തിയതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു, അവസാനം ജസ്പ്രീത് ബുമ്ര(11 പന്തിൽ 14*) നടത്തിയ മിന്നലടികൾ ഇന്ത്യയെ 200 കടത്തി.

മറുപടി ബാറ്റിങ്ങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റിന് 14 റൺസെന്ന നിലയിലാണ്