ചെന്നൈ: കൂനൂരിൽ ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ചവരുടെ വിലാപയാത്രയ്ക്കിടെ അപകടം. ഊട്ടിയിൽ നിന്നും സുലൂർ സൈനിക കേന്ദ്രത്തിലേക്ക് മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെയാണ് മേട്ടുപ്പാളയത്തിന് സമീപത്തുവെച്ച് അപകടം ഉണ്ടായത്. വിലാപയാത്രയ്ക്ക് അകമ്പടി സേവിച്ച പൊലീസുകാർ സഞ്ചരിച്ചിരുന്ന വാൻ മതിലിൽ ഇടിക്കുകയായിരുന്നു.

ഇതേത്തുടർന്ന് വാഹനത്തിലുണ്ടായിരുന്ന പൊലീസുകാർ റോഡിൽ തെറിച്ചുവീണു. 10 പൊലീസുകാർക്ക് പരിക്കേറ്റു. പൊലീസുകാർക്ക് സാരമായ പരിക്കില്ലെന്നാണ് റിപ്പോർട്ട്. കാലിൽ പരുക്കേറ്റ പൊലീസുകാരെ സമീപത്തെ ആശുപത്രിയിലാക്കി. വാഹനത്തിന്റെ യന്ത്രത്തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ള പൊലീസുകാരുമായി വിലാപയാത്ര തുടർന്നു.

പൊലീസുകാർ വാനിൽ നിന്നും റോഡിൽ തെറിച്ചുവീണതിന്് പിന്നാലെയാണ് രണ്ടാമത്തെ അപകടം ഉണ്ടായത്. മൃതദേഹം കൊണ്ടുപോയിരുന്ന ആംബുലൻസ് മുമ്പിൽ പോയ വാഹനവുമായി ഇടിക്കുകയായിരുന്നു. ഇതേത്തുടർന്ന് മറ്റൊരു ആംബുലൻസിലേക്ക് മൃതദേഹം മാറ്റിയാണ് വിലാപയാത്ര തുടർന്നത്. രണ്ടാമത്തെ അപകടത്തിൽ ആർക്കും പരിക്കില്ല.

വിലാപയാത്ര കടന്നുപോകുന്ന റോഡിന്റെ ഇരുവശത്തും നാട്ടുകാർ തടിച്ചുകൂടിയിരുന്നു. അന്തരിച്ച ധീരസൈനികർക്ക് ജനക്കൂട്ടം മുദ്രാവാക്യം മുഴക്കി അഭിവാദ്യം അർപ്പിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. ഊട്ടി വെല്ലിങ്ടണിലെ പൊതു ദർശനത്തിന് ശേഷം സുലൂർ സൈനിക താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ ഇന്ന് വൈകീട്ടോടെ ഡൽഹിയിലേക്ക് കൊണ്ടുപോകും.