തിരുവനന്തപുരം: അഖിലേന്ത്യാ സർവീസുകളുടെ ഡെപ്യൂട്ടേഷൻ ചട്ടങ്ങളിലെ നിർദിഷ്ട ഭേദഗതികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. ഇത് നടപ്പായാൽ സംസ്ഥാന സർക്കാറിന്റെ നയങ്ങൾ നടപ്പിലാക്കാൻ അഖിലേന്ത്യാ സർവീസ് ഓഫീസർമാരിൽ ഭയപ്പാടും വിമുഖതയും ഉടലെടുക്കും.

കേന്ദ്രത്തിലെ ഭരണകക്ഷിക്കെതിരെ നിൽക്കുന്ന രാഷ്ട്രീയ പാർട്ടികൾ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരുകളെ ഇത് ദോഷകരമായി ബാധിക്കും. നിലവിലെ ഡെപ്യൂട്ടേഷൻ ചട്ടങ്ങൾ തന്നെ കേന്ദ്ര സർക്കാറിന് വളരെയധികം മുൻതൂക്കം നൽകുന്ന ഒന്നാണ്. അതേ ദിശയിൽ ഇനിയും നീങ്ങുകയാണെങ്കിൽ ഫെഡറലിസത്തിന്റെ അടിത്തറ തീർത്തും ദുർബലമാകും.

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ സംവിധാനത്തിന് കീഴിൽ കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാരുകൾക്കും തുല്യ പ്രാധാന്യമാണുള്ളത്. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളും വീക്ഷണങ്ങളും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ സംഘടനകളാൽ രൂപീകരിക്കപ്പെടുന്നവയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്നത് ഫെഡറലിസത്തെ ശക്തമായി മുന്നോട്ടു കൊണ്ടു പോകുന്നതിനു വിഘാതമാകരുത്. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കാൻ ഏവരും പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു.