തിരുവനന്തപുരം: പ്രതിപക്ഷ നേതാക്കളെ പിന്‍ ഡ്രോപ് സൈലന്‍സില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്നതാണ് തീരുമാനമെങ്കില്‍ മുഖ്യമന്ത്രിയും പിന്‍ ഡ്രോപ് സൈലന്‍സില്‍ പ്രസംഗിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമസഭാ മീഡിയറൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിലപാട് വ്യക്തമാക്കിയത്.

ക്രിമിനലുകളെ മുഴുവന്‍ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. എല്ലാ കാമ്പസുകളിലും ഇരുണ്ട മുറികളുണ്ട്. അവിടെ കുട്ടികള്‍ ആള്‍ക്കൂട്ട വിചാരണയ്ക്കും പ്രാകൃത ശിക്ഷാനടപടികള്‍ക്കും വിധേയരാകുന്നു. പൂക്കോട് കോളജില്‍ സിദ്ധാര്‍ത്ഥിനെ വിചാരണ ചെയ്ത് തല്ലിക്കൊന്ന് കെട്ടിത്തൂക്കി. കേരളത്തില്‍ ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിയും സര്‍ക്കാരും നിയന്ത്രിക്കുമെന്നാണ് അപ്പോള്‍ കരുതിയത്. നവകേരള യാത്രയില്‍ കല്യാശേരിയില്‍ നടന്ന അക്രമസംഭവത്തെ രക്ഷാപ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ വാക്കുകളാണ് പിന്നീട് കേരളത്തില്‍ നടന്ന അക്രമങ്ങള്‍ക്കൊക്കെ ഊര്‍ജമായി മാറിയത്. രക്ഷാപ്രവര്‍ത്തനം എന്ന വാക്ക് അന്ന് പറഞ്ഞത് ശരിയാണെന്നും ഇനിയും പറയുമെന്നുമാണ് മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ചത്. അപ്പോള്‍ തിരുത്താന്‍ തയാറല്ലെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്-വിഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം തടസപ്പെടുത്താന്‍ ഒരു സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. അതിന് മന്ത്രിമാരാണ് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. ഇന്ന് പാര്‍ലമെന്ററികാര്യ മന്ത്രി എത്ര തവണയാണ് എഴുന്നേറ്റത്. അതിന് എന്ത് അര്‍ഹതയാണ് അദ്ദേഹത്തിനുള്ളത്? പാര്‍ലമെന്ററി പ്രവര്‍ത്തനത്തെ കുറിച്ചും ഫളോര്‍ മാനേജ്‌മെന്റിനെ കുറിച്ചും അറിയാത്ത ആളാണോ പാര്‍ലമെന്ററി കാര്യമന്ത്രി? ധനകാര്യമന്ത്രിയും പാര്‍ലമെന്ററി കാര്യമന്ത്രിയും ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ എത്ര തവണയാണ് പ്രസംഗം തടസപ്പെടുത്തിയത്. സ്പീക്കര്‍ നിസഹായനാണ്. പിന്‍ ഡ്രോപ് സൈലന്‍സില്‍ വാക്കൗട്ട് പ്രസംഗം നടത്താന്‍ പറ്റില്ലെന്നും ബഹളത്തിനിടയില്‍ പ്രസംഗിച്ചു പോകണമെന്നുമാണ് സ്പീക്കര്‍ പറയുന്നത്.

ഇത് സ്പീക്കറുടെ നിസഹായാവസ്ഥയാണ്. സ്പീക്കര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത സംഘത്തെയാണ് ബഹളമുണ്ടാക്കുന്നതിന് വേണ്ടി നിയോഗിച്ചിരിക്കുന്നത്. അവര്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ വാക്കൗട്ട് പ്രസംഗം തടസപ്പെടുത്തുകയാണ്. ഞങ്ങളുടെ വാക്കുകളെ തടസപ്പെടുത്തി രക്ഷപ്പെടാമെന്നാണോ കരുതുന്നത്? 98 പേരും ബഹളമുണ്ടാക്കിയാലും പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ. നിയമസഭയിലും ഇവര്‍ ഗുണ്ടായിസം തുടങ്ങിയിരിക്കുകയാണ്. പ്രതിപക്ഷ നേതാക്കളെ പിന്‍ ഡ്രോപ് സൈലന്‍സില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്നതാണ് തീരുമാനമെങ്കില്‍ മുഖ്യമന്ത്രിയും പിന്‍ ഡ്രോപ് സൈലന്‍സില്‍ പ്രസംഗിക്കില്ല.

തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടായിട്ടും, കേരളീയ പൊതുസമൂഹം തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഞാന്‍ തിരുത്തില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. മഹാരാജാവാണെന്ന ധാരണയില്‍ മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. തിരുത്താതെ പോയാല്‍ ബംഗാളിലും ത്രിപുരയിലും ഉണ്ടായത് സി.പി.എമ്മിന് കേരളത്തിലും സംഭവിക്കുമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.