ന്യൂയോർക്ക്: ഓൺലൈൻ അടിമ വിപണി വഴി ഏഷ്യയിലേയും ആഫ്രിക്കയിലേയും ദരിദ്രരായ സ്ത്രീകളെ മദ്ധ്യപൂർവ്വ ദേശങ്ങളിൽ വീട്ടുജോലിക്കെന്ന പേരിൽ വില്പന നടത്തുന്നു എന്ന ആരോപണം ഉയർന്നതിനെ തുടർന്ന് ആപ്പ് സ്റ്റോറിൽ നിന്നും ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം ആപ്പുകൾ നീക്കം ചെയ്യുമെന്ന് ആപ്പിൾ ഭീഷണിമുഴക്കിയതായ റിപ്പോർട്ടുകൾ പുറത്തുവരുന്നു. 2019- ൽ നടന്ന ഈ സംഭവം, ഫേസ്‌ബുക്കിലെ മുൻ ജീവനക്കാരനായിരുന്ന ഫ്രാൻസസ് ഹേഗൻ ഇന്നലെ രേഖകൾ സഹിതം വ്യക്തമാക്കുകയായിരുന്നു. ഫേസ്‌ബുക്കിന്റെ അധാർമ്മിക നിലപാടുകൾക്കെതിരെ കടുത്ത നിലപാടുകൾ എടുത്ത് പുറത്തുവന്ന വ്യക്തിയാണ് ഹേഗൻ.

സൗദി അറേബ്യ, ഈജിപ്ത്, കുവൈറ്റ് എന്നിവിടങ്ങളിലാണ് പ്രധാനമായും വീട്ടുവേലയ്ക്ക് സ്ത്രീകൾ എത്തുന്നത്. തെക്കൻ ഏഷ്യയിൽ, പ്രധാനമായും ഫിലിപൈൻസിൽ നിന്നും പിന്നെ ആഫ്രിക്കയിൽ നിന്നുമാണ് ഇവർ എത്തുന്നത്. തീർത്തും ദരിദ്രമായ പശ്ചാത്തലത്തിൽ നിന്നെത്തുന്ന ഇവർ പലവിധ ചൂഷണങ്ങൾക്കും വിധേയരാകാറുണ്ട്. പിന്നീട്, ഇത്തരത്തിൽ പരസ്യം നൽകുന്ന 1000 ഓളം അക്കൗണ്ടുകൾ ഫേസ്‌ബുക്ക് നീക്കം ചെയ്തതിനെ തുടർന്ന് ആപ്പിൾ തങ്ങളുടെ തീരുമാനം പിൻവലിക്കുകയായിരുന്നു.

ജീവ ചരിത്രം, വീഡീയോകൾ എന്നിവ സഹിതമായിരുന്നു ഇത്തരം അക്കൗണ്ടുകളിൽ പരസ്യം നൽകിയിരുന്നത്. ഈ വിവരം പുറത്തുവരുന്നതിനും ഒരു വർഷം മുൻപ് തന്നെ ഇക്കാര്യം ഫേസ്‌ബുക്കിന് അറിയാമായിരുന്നു എന്നാണ് ഹേഗൻ പറയുന്നത്. മനുഷ്യക്കടത്ത് എന്ന് സൂചിപ്പിക്കുന്നതിനായി ഇത്തരം അക്കൗണ്ടുകളെ എച്ച് എക്സ് എന്ന ഒരു വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നതായും ഹേഗൻ പറഞ്ഞു.

ഇത്തരത്തിൽ വീട്ടുജോലിക്കായി എത്തുന്നവർ തീർത്തും അടിമകളുടേതിനോട് സമാനമായ ജീവിതമാണ് അറബിനാടുകളിൽ ജീവിച്ചു തീർക്കേണ്ടതായി വരുന്നത്. പലരും മർദ്ദനങ്ങൾക്കും പീഡനങ്ങൾക്കും ഇരയായിട്ടുണ്ട്. പാസ്സ്പോർട്ട് തൊഴിലുടമ പിടിച്ചുവയ്ക്കുന്നതിനാൽ ഇവർക്ക് തിരികെ പോരാനും കഴിയില്ല. 2018-ൽ ഇത്തരത്തിൽ പീഡനത്തിനിരയായ ഒരു ഫിലിപ്പിനോ വനിത തൊഴിലുടമയുടെ വീട്ടിലെ റഫ്രിജറേറ്ററിനകത്ത് മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് വീട്ടുജോലിക്കായി പോകുന്നതിൽ നിന്നും ഫിലിപ്പിനോ പൗരന്മാരെ വിലക്കിക്കൊണ്ട് ഫിലിപ്പൈൻസ് ഉത്തരവിറക്കി.

എന്നാൽ, ഈ വിലക്ക് ഏറെ നാൾ നീണ്ടുനിന്നില്ല. ഫിലിപ്പൈൻസിന്റെ ജി ഡി പിയുടെ 10 ശതമാനത്തോളം വരും അറബിനാടുകളിൽ നിന്നും വീട്ടുജോലിക്കാർ അയയ്ക്കുന്ന പണം. വീട്ടുജോലിക്ക് സ്ത്രീകളെ നൽകുന്ന പരസ്യങ്ങളിൽ മുക്കാലും വന്നിരുന്നത് ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമിലായിരുന്നു. അതേസമയം, ഇത്തരത്തിൽ വനിതകളെ നൽകുന്ന മറ്റ് വെബ്സൈറ്റുകളിലേക്ക് സന്ദർശകരെ ആകർഷിക്കുവാനും ഫേസ്‌ബുക്ക് ഫലപ്രദമായി ഉപയോഗിച്ചിരുന്നു.

ഇത്തരത്തിൽ ഗൾഫ് നാടുകളിൽ എത്തപ്പെട്ട ചില വനിതകളുടെ ഇൻസ്റ്റാഗ്രാം ഇൻബോക്സ് ജീവനക്കാർ നോക്കിയപ്പോൾ കാണാൻ കഴിഞ്ഞത് ശാരീരിക പീഡനത്തിന്റെയും ലൈംഗിക പീഡനത്തിന്റെയും ഞെട്ടിക്കുന്ന കഥകളായിരുന്നു എന്നും ഹേഗൻ പറയുന്നു. അത്തരത്തിലുള്ള നിരവധി അക്കൗണ്ടുകൾ ഫേസ്‌ബുക്ക് നീക്കം ചെയ്തെങ്കിലും ഇനിയും ധാരാളം ബാക്കിയുണ്ടെന്നാണ് ഹേഗൻ പറയുന്നത്. ഖാദിമ എന്നോ മെയ്ഡ്സ് എന്നോ അടിച്ച് സെർച്ച് ചെയ്താൽ ഇപ്പോഴും ആഫ്രിക്കയിൽ നിന്നും തെക്കൻ ഏഷ്യയിൽ നിന്നുമുള്ള വനിതകളുടെ വിവരങ്ങൾ ലഭ്യമാകുമെന്നും പറയുന്നു.