തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പാർട്ടിക്കുള്ളിലെ പോര് ബാധിക്കില്ലെന്ന് സംസ്ഥാന നേതൃത്വം അവകാശപ്പെടുമ്പോഴും ഈ വാ​​ദത്തെ മുഖവിലയ്ക്കെടുക്കാതെ ദേശീയ നേതൃത്വം. കുറഞ്ഞത് 8000 വാർഡുകളിൽ വിജയം നേടുകയും 200 തദ്ദേശ സ്ഥാപനങ്ങളിൽ ഭരണത്തിലെത്തുകയും ചെയ്യുക എന്നതാണ് കേരളത്തിലെ ബിജെപി നേതൃത്വം ലക്ഷ്യം വെക്കുന്നത്. എന്നാൽ, ഈ ലക്ഷ്യം സ്വന്തമാക്കാനാവില്ല എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടിയിലെ ഉൾപ്പോര് തെരഞ്ഞെടുപ്പ് വിജയത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് ദേശീയ നേതൃത്വം കണക്ക് കൂട്ടുന്നത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏതാണ്ട് 1500ഓളം സീറ്റുകളിലും 15 പഞ്ചായത്തുകളിലും ഒരു നഗരസഭയിലും ബിജെപി വിജയിച്ചിരുന്നു. ഇക്കുറി സംസ്ഥാനമൊട്ടാകെ 8000 വാർഡുകൾ, 190 പഞ്ചായത്തുകൾ, 24 നഗരസഭകൾ, തിരുവനന്തപുരം കോർപ്പറേഷൻ എന്നിങ്ങനെ വിജയിക്കാൻ കഴിയുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ ഈ കണക്ക് വിശ്വാസത്തിലെടുക്കാൻ കേന്ദ്ര നേതൃത്വം ഇത് വരെ തയ്യാറായിട്ടില്ല.

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുന്നതിന് വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ എത്തിക്കാൻ കേരള നേതൃത്വം ശ്രമിച്ചിരുന്നുവെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. തമിഴ്‌നാട്ടിൽ രണ്ട് ദിവസത്തെ സന്ദർശത്തിന് വേണ്ടി എത്തിയ അമിത് ഷാ പക്ഷെ കേരള നേതൃത്തിന്റെ ആവശ്യം നിരസിക്കുകയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും മുൻനിർത്തി ലോക്‌സഭ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് അഞ്ച് ലോക്‌സഭ സീറ്റുകൾ സ്വന്തമാക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്തോട് അവകാശപ്പെട്ടിരുന്നത്. എന്നാൽ തിരുവനന്തപുരം മണ്ഡലത്തിലൊഴിച്ച് ബാക്കിയെല്ലായിടത്തും മൂന്നാം സ്ഥാനത്താണ് ബിജെപി എത്തിയത്. അതുകൊണ്ട് തന്നെ ഇക്കുറിയും കേരള നേതൃത്വത്തിന്റെ അവകാശവാദങ്ങളെ കേന്ദ്ര നേതൃത്വം വിലക്കെടുക്കുന്നില്ല.

സംസ്ഥാന നേതൃത്തിലെ ഉൾപ്പാർട്ടി പോര് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണൻ അമിത് ഷായെ നേരിട്ട് ബോധിപ്പിച്ചിട്ടുണ്ട്. പാർട്ടിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങളെ ഈ പോര് ബാധിക്കുന്നുവെന്നും സിപി രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.