ന്യൂഡൽഹി: തന്റെ സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ ആഗോളതലത്തിൽ ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറ്റിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത 27 വർഷങ്ങളാണ് ആഗോളതലത്തിൽ ഇന്ത്യയുടെ പദവി തീരുമാനിക്കുകയെന്നും അതിനാൽ രാഷ്ട്ര നിർമ്മാണത്തെ സംബന്ധിച്ച് ആസൂത്രണം ചെയ്യാനും അതിനനുസരിച്ച് പ്രവർത്തിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യയിലെ മുൻനിര വാണിജ്യ സംഘടനകളിലൊന്നായ അസോസിയേറ്റഡ് ചേംബേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ വളർച്ചയ്ക്ക് വ്യവസായമേഖലയ്ക്കുള്ള പങ്കിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യയുടെ സ്ഥാനം സംബന്ധിച്ച് ലോകത്ത് വളരെയധികം പോസിറ്റിവിറ്റിയാണ് ഉള്ളത്. 130 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് അതിന് കാരണമെന്നും മോദി കൂട്ടിച്ചേർത്തു.

ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടി ചൊവ്വാഴ്ചയാണ് ആരംഭിച്ചത്.അസോച്ചാം എന്റർപ്രൈസ് ഓഫ് ദ സെഞ്ചുറി അവാർഡ് രത്തൻ ടാറ്റയ്ക്ക് അദ്ദേഹം സമ്മാനിക്കുകയും ചെയ്തു.രത്തൻ ടാറ്റയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ പുരോഗതിക്കായി ടാറ്റ ഗ്രൂപ്പ് ഒരുപാട് സംഭവാനകൾ നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുരസ്‌കാരം സമ്മാനിച്ചതിന് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ രത്തൻ ടാറ്റ, കോവിഡ് 19 മഹാമാരിക്കാലത്തെ മോദിയുടെ കരുത്തുററ നേതൃപാടവത്തെ അഭിനന്ദിക്കുകയും ചെയ്തു.