ലഖ്നൗ: താണ്ഡവ് വെബ് സീരിസിന്റെ അണിയറക്കാർക്കും, ആമസോൺ പ്രൈമിനും എതിരെ കേസെടുത്ത് ഉത്തർ പ്രദേശ് പൊലീസ്. ആമസോൺ ഒറിജിനൽ കണ്ടെന്റ് മേധാവി അപർണ പുരോഹിത്, സംവിധായകൻ അലി അബ്ബാസ്, നിർമ്മാതാവ് ഹിമാൻഷു മെഹ്‌റ, രചയിതാവ് ഗൗരവ് സോളങ്കി എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ, പ്രധാന താരങ്ങളായ സെയ്ഫ് അലി ഖാൻ, ഡിംപിൾ കപാഡിയ എന്നിവർക്കെതിരെയും കേസുണ്ട്. ദൈവങ്ങളെയും മതപരമായ ചടങ്ങുകളെയും അപകീർത്തിപ്പെടുത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്. എൻഡി ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന പരാതിയിലാണ് കേസ്. ചിലപ്പോൾ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കാം എന്നാണ് റിപ്പോർട്ടുകൾ. താണ്ഡവ് സീരിസിനെതിരെ മഹാരാഷ്ട്ര ബിജെപി എംഎൽഎ റാം കഥം നൽകിയ പരാതിയിൽ ആമസോൺ പ്രൈമിൽ നിന്നും വാർത്ത വിനിമയമന്ത്രാലയം വിശദീകരണം തേടി എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ വാർത്ത വരുന്നത്.

ആമസോൺ പ്രൈം വെബ്‌സീരിസ് താണ്ഡവിനെതിരെ കേന്ദ്ര സർക്കാരും നീക്കം ഊർജ്ജിതമാക്കിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വിവാദം സംബന്ധിച്ച് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ നിന്ന് വാർത്താ പ്രക്ഷേപണ മന്ത്രാലയം വിശദീകരണം തേടിയതായാണ് റിപ്പോർട്ടുകൾ. സിരീസിനെതിരെ ബിജെപിയുടെ പരാതികൾ ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നീക്കം.

താണ്ഡവിൽ ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ഇന്ത്യൻ വെബ്‌സീരീസ് താണ്ഡവിനെതിരെ ബിജെപി പ്രതിഷേധവുമായി രം​ഗത്തെത്തിയത്. താണ്ഡവ് വെബ് സീരിസ് നി രോധിക്കണമെന്നാവശ്യപ്പെട്ടാണ് വാർത്താ പ്രക്ഷേപണമന്ത്രിക്ക് ബിജെപി പരാതി നൽകിയിരിക്കുന്നത്. ആമസോൺ പ്രൈമിൽ ജനുവരി 15 നാണ് സീരീസ് റിലീസ് ചെയ്തത്.ഇതിന്റെ പശ്ചാത്ത ലത്തിൽ ആമസോൺ പ്രൈമിനെതിരെയും ്പ്രതിഷേധം ശക്തമായിട്ടുണ്ട്.

അവി അബാസ് സഫർ സംവിധാനം ചെയ്യുന്ന സീരിസിൽ സെയ്ഫ് അലി ഖാൻ, ഡിംപിൾ കപാഡിയ, തിഗ്മാനഷു ധുലിയ, കുമുദ് മിശ്ര എന്നിവരാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന താണ്ഡവിന്റെ ട്രെയ്‌ലർ ചർച്ചയായിരുന്നു. ഇന്ത്യയിലെ പവർ പൊളിറ്റിക്സ് ആണ് താണ്ഡവ് ചർച്ച ചെയ്യുന്നത്. വമ്പൻ നേതാക്കൾ മുതൽ വിദ്യാർത്ഥി നേതാക്കളെക്കുറിച്ച് വരെയുള്ള വിഷയങ്ങൾ താണ്ഡവ് കൈകാര്യം ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി പദവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കളികളുമെല്ലമാണ് കഥാപരിസരം. സീരിസ് റിലിസ് ആയാൽ വിവാദങ്ങളും ബഹിഷ്‌ക്കരണാഹ്വാനവും വരാൻ സാധ്യതയുണ്ടെന്ന നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നതുമാണ്.

അതേസമയം, താണ്ഡവ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് കപിൽ മിശ്ര രംഗത്തുവന്നിരുന്നു. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ഇവരുടെ വാദം. താണ്ഡവ് ഹിന്ദുക്കൾക്കെതിരായ വർഗീയ വിദ്വേഷം നിറഞ്ഞതാണെന്നും നിരോധിക്കണമെന്നും ഇയാൾ പറഞ്ഞിരുന്നു.