തിരുവനന്തപുരം: കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുമ്പോഴും കേരളത്തിലെ കോൺഗ്രസിലെ ഗ്രൂപ്പു രാഷ്ട്രീയത്തിന് മാത്രം ഒരു കുറവും ഇല്ല. സ്ഥാനം നഷ്ടമായ മുതിർന്ന നേതാക്കൾ തന്നെ അണികളെ കൊണ്ടു ഗ്രൂപ്പു രാഷ്ട്രീയം പൊടിപൊടിക്കുമ്പോൾ ജനസേവനം മാത്രം കാര്യമായി നടക്കുന്നുമില്ല. കെപിസിസി അധ്യക്ഷനായി കെ സുധാകരൻ വന്നപ്പോൾ ഉണ്ടായ ആവേശം ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനം നീളുമ്പോൾ ചോരുകയാണ്. ഗ്രൂപ്പു മാനേജർമാരും കെ സി വേണുഗോപാലും ഒരു വശത്തു ചരടുവലികൾ നടത്തുമ്പോൾ ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയിലെ പ്രഖ്യാപനം നീളുകയാണ്.

ഡിസിസി പ്രസിഡന്റുമാരുടെ പേരുകൾ അന്തിമമാക്കാൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഇന്നു ഡൽഹിക്ക് പോകുന്നുണ്ട്. തർക്കമുള്ള സീറ്റുകളിൽ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളും. പാലക്കാട്, കൊല്ലം, ആലപ്പുഴ ഒഴികെ ജില്ലകളിൽ ഒറ്റപ്പേരിലേക്ക് എത്തിയതായാണു സൂചന. അതേസമയം ചിലയിടങ്ങളിൽ ഇപ്പോഴും പ്രശ്‌നങ്ങൾ നിലനിൽക്കുകയും ചെയ്യുന്നു.

കൊല്ലത്ത് പി.രാജേന്ദ്രപ്രസാദിന്റെ പേര് തീരുമാനിച്ചതാണെങ്കിലും പ്രായം സംബന്ധിച്ചു ചിലർ എതിർപ്പുയർത്തുന്നു. എന്നാൽ ഇദ്ദേഹത്തിനു വേണ്ടി കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് ഉറച്ചു നിൽക്കുകയാണ്. പാലക്കാട്ട് എ.വി.ഗോപിനാഥിനു വേണ്ടി ഒരു വിഭാഗം വാദിക്കുമ്പോൾ കെ.സി. വേണുഗോപാലിന്റെ അനുയായിയായ ഡിസിസി സെക്രട്ടറി കെ.ജി.തങ്കപ്പന്റെ പേരും ചർച്ചയിലുണ്ട്. ഇവിടെ വി ടി ബൽറാമെനെ പോലെ ഗ്രൂപ്പില്ലാത്ത വ്യക്തികളെ പരിഗണിക്കുന്നു പോലുമില്ലെന്നതും ശ്രദ്ധേയമാണ്.

മുൻപു ഡിസിസി പ്രസിഡന്റായിരുന്ന ഗോപിനാഥിനെ പരിഗണിക്കുന്നതു മാനദണ്ഡത്തിനു വിരുദ്ധമാണെന്ന വാദം തങ്കപ്പനെ അനുകൂലിക്കുന്നവർ മുന്നോട്ടു വയ്ക്കുന്നു. വി.കെ.ശ്രീകണ്ഠൻ എംപിക്കും ഗോപിനാഥിനോടു താൽപര്യമില്ല. എന്നാൽ സംഘടനാപരമായി പാർട്ടിയെ ചലിപ്പിക്കാനുള്ള ശേഷിയും തിരഞ്ഞെടുപ്പു സമയത്തുണ്ടാക്കിയ ഫോർമുലയും ഗോപിനാഥിന് അനുകൂല ഘടകമാണ്. ജനപിന്തുണയുള്ള ഗോപിനാഥിനെ ഡിസിസി അധ്യക്ഷനായി വേണമെന്നാണ് കെ സുധാകരനും താൽപ്പര്യം. മുമ്പ് ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ സമ്മതം മൂളിയിരുന്നതുമാണ്. അതുകൊണ്ട് തന്നെ വാക്കു പാലിക്കാൻ വേണ്ടി എ വി ഗോപിനാഥിന് സ്ഥാനം വേണമെന്നാണ് സുധാകരന്റെയും അഭിപ്രായം.

അതേസമയം രമേശ് ചെന്നിത്തലയ്ക്കും വേണുഗോപാലിനും ഒരുപോലെ താൽപര്യമുള്ള ആലപ്പുഴയിൽ ഒറ്റപ്പേരിലേക്ക് എത്താൻ കെപിസിസി നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. ബാബു പ്രസാദ് എന്ന വിശ്വസ്തന് വേണ്ടിയാണ് ചെന്നിത്തല നിലകൊള്ളുന്നത്. എന്നാൽ, ഇദ്ദേഹത്തെ കെ സി വേണുഗോപാലിന് താൽപ്പര്യമില്ലാത്ത അവസ്ഥയാണ്. അതിനിടെ ഡിസിസി പ്രസിഡന്റ് ആരെന്ന തീരുമാനം വരും മുമ്പു തന്നെ പൊട്ടിത്തെറിക്കാൻ കാത്തിരിക്കയാണ് നേതാക്കൾ.

പട്ടികയിലുള്ള പേരുകളെക്കുറിച്ചു സൂചന പുറത്തു വന്നതോടെ ചില ജില്ലകളിൽ പ്രതിഷേധവും പോസ്റ്റർ പ്രചാരണവും തുടങ്ങി. തിരുവനന്തപുരത്തു ശശി തരൂർ എംപിക്കെതിരെ പോസ്റ്റർ പതിച്ചു. ഇന്നലെ രാവിലെ ഡിസിസി ഓഫിസിനു മുൻപിൽ പതിപ്പിച്ച പോസ്റ്റർ വൈകാതെ നീക്കം ചെയ്തു.

ഇതിനിടെ ചെന്നിത്തലയുടെ അനുയായികളെന്ന പേരിൽ ചില പ്രവർത്തകർ ആർസി ബ്രിഗേഡ്‌സ് എന്ന വാട്‌സാപ് ഗ്രൂപ്പിലൂടെ നടത്തിയ പ്രചാരണം വിവാദമായി. പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയ്‌ക്കെതിരെ ജില്ലകളിൽ പ്രതിഷേധമുണ്ടാക്കണമെന്നും ഡിസിസി പ്രസിഡന്റ് പദം ആഗ്രഹിച്ചവരുടെ അനുയായികളെ ഇളക്കിവിടണമെന്നുമെല്ലാമുള്ള ആഹ്വാനമാണു ഗ്രൂപ്പിലെ സന്ദേശങ്ങളിലുള്ളത്. വാട്‌സാപ് ഗ്രൂപ്പിനെ ചെന്നിത്തല തള്ളിപ്പറഞ്ഞു. രമേശ് ചെന്നിത്തലയുടെ അറിവോടെ തുടങ്ങിയ ഗ്രൂപ്പല്ലെന്നും അതുമായി അദ്ദേഹത്തിനു ബന്ധമില്ലെന്നും രമേശിന്റെ ഓഫിസ് അറിയിച്ചു.

കെ.സുധാകരൻ ഇന്നലെ ഡൽഹിക്കു തിരിക്കാൻ ആലോചിച്ചിരുന്നെങ്കിലും കൂടുതൽ ചർച്ചകൾക്കായി യാത്ര ഇന്നത്തേക്കു മാറ്റി. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരുമായി സുധാകരൻ നാളെ കൂടിക്കാഴ്ച നടത്തും. പട്ടിക ഈയാഴ്ച തന്നെ പ്രഖ്യാപിക്കാനാണു ശ്രമം.

കോൺഗ്രസ് ഹൈക്കമാണ്ടിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിരിക്കുന്ന സാധ്യതാ പട്ടികയിലെ പറഞ്ഞു കേൾക്കുന്ന 14 ജില്ലാ അധ്യക്ഷന്മാരുടെ നാമനിർദ്ദേശത്തിലും ചില നേതാക്കളുടെ താൽപ്പര്യം പ്രകടമാണ്. മുൻപ് പറഞ്ഞുകേട്ടിരുന്ന വ ടി ബലറാം, ശബരിനാഥ് എടക്കമുള്ളവർ ലിസറ്റിൽ നിന്നും പുറത്തു പോയിരിക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ , വയനാട് ജില്ലകളിൽ കെ. സിവേണുഗോപലിനൊപ്പം നിൽക്കുന്നവരെ ഡിസിസി പ്രസിഡന്റുമാരാക്കാൻ കെ സി ശ്രമിക്കുന്നത്. തിരുവനന്തപുരത്ത് പറഞ്ഞു കേട്ടിരുന്നു ഐ വിഭാഗത്തിൽ നിന്നും വി എസ് ശിവകുമാർ, ശരത്ചന്ദ്രപ്രസാദ്, എ ഗ്രൂപ്പിൽ നിന്നും പാലോട രവി തുടങ്ങിയവരുടേപേരുകളായിരുന്നു. എന്നാൽ ഇവരാരും പുതിയ ലിസ്റ്റിൽ ഇല്ലാത്ത അവസ്ഥയാണ്.