തിരുവനന്തപുരം: കെ സുധാകരനും വി ഡി സതീശനും ചേർന്നുള്ള കൂട്ടുകെട്ട് സംസ്ഥാനത്തെ കോൺഗ്രസിനെ രക്ഷിക്കും എന്നു കരുതിയവർക്ക് തീർത്തും നിരാശ സമ്മാനിക്കുന്ന നീക്കങ്ങളാണ് ഏതാനും ദിവസങ്ങളായി പുറത്തുവരുന്നത്. കോൺഗ്രസ് ജില്ലാ അധ്യക്ഷന്മാരെ നിയമിക്കുന്നതിന് വേണ്ടി ഡൽഹിയിൽ ഹൈക്കമാൻഡിനെ കാണാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വണ്ടി കയറാൻ പോകുകയാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ പലരെയും തൃപ്ത്തിപ്പെടുത്തി കൊണ്ടുള്ള ഡിസിസി ലിസ്റ്റിൽ ഇനിയും തർക്കങ്ങൾ തീർന്നിട്ടില്ല.

രണ്ട് ജില്ലകളിൽ ഒഴികെ മറ്റെല്ലായിടത്തും ഒറ്റപ്പേരുമായാണ് സുധാകരൻ ഡൽഹിക്ക് പുറപ്പെടുന്നത്. അപ്പോഴും കോൺഗ്രസ് യുവജനങ്ങളെയും സ്ത്രീകളെയും ദളിതരെയുമെല്ലാം നിരാശ്ശപ്പെടുത്തുന്നു. ഇതിന് കാരണം നേതാക്കൾ ഗ്രൂപ്പു താൽപ്പര്യം പരിഗണിച്ചു തയ്യാറാക്കിയ ഡിസിസി അധ്യക്ഷ പട്ടികയിൽ ദളിത് പ്രാധിനിത്യവും വനിതാ പ്രാധിനിത്യവും ഇല്ലെന്നതാണ് ഇതിന് കാരണം. ഇപ്പോഴുള്ള ഡിസിസിമാരുടെ കൂട്ടത്തിൽ വയനാട്ടിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ ആദിവാസി പ്രതിനിധിയായി ഉണ്ട്്. കൂടാതെ കൊല്ലത്ത് ബിന്ദു കൃഷ്ണ വനിതാ പ്രതിനിധി എന്ന നിലയിലും ഇടംപിടിച്ചിരുന്നു. എന്നാൽ, ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു.

നേതാക്കൾ തമ്മിൽചർച്ച ചെയ്തു അവരുടെ ഗ്രൂപ്പു താൽപ്പര്യവും മറ്റു പരിഗണിച്ചു തയ്യാറാക്കിയ പട്ടിക ഇങ്ങനെയാണ്:

തിരുവനന്തപുരം - ജി.എസ്.ബാബു
ആലപ്പുഴ - ബാബുപ്രസാദ്
കോട്ടയം - നാട്ടകം സുരേഷ്
ഇടുക്കി - സി പി മാത്യു
വയനാട് - കെ.കെ എബ്രഹാം
കാസർകോട് - ഖാദർ മങ്ങാട്
തൃശൂർ - ജോസ് വെള്ളൂർ
പത്തനംതിട്ട -സതീഷ് കൊച്ചുപറമ്പിൽ
മലപ്പുറം - വി എസ്. ജോയ്
കോഴിക്കോട് പ്രവീൺ കുമാർ
എറണാകുളം - മുഹമ്മദ് ഷിയാസ്
കണ്ണൂർ - മാർട്ടിൻ ജോർജ്

പാലക്കാട് - തങ്കപ്പൻ, എ വി ഗോപിനാഥ്,
കൊല്ലം- എം എം നസീർ, രാജേന്ദ്ര പ്രസാദ്, ആർ ചന്ദ്രശേഖരൻ

 

പാലക്കാട്, കൊല്ലം ജില്ലകളിലാണ് തർക്കം രൂക്ഷമായി നിലനിൽക്കുന്നത്. രാജേന്ദ്ര പ്രസാദിനെ നിയമിക്കാൻ വേണ്ടി കൊടിക്കുന്നിൽ സുരേഷ് കടുംപിടുത്തം തുടരുകയാണ്. പാലക്കാട് പ്രശ്‌നം എ വി ഗോപിനാഥിന് വേണ്ടി സുധാകരൻ ശക്തമായി വാദിക്കുന്നതാണ്. ജനപിന്തുണയുള്ള നേതാവായ ഗോപിനാഥിനെ ഡിസിസി അധ്യക്ഷനാക്കണം എന്നാണ് സുധാകരന്റെ ആവശ്യം. എന്നാൽ, ഇവിടെ പരിഗണിക്കപ്പെട്ടിരുന്ന വി ടി ബൽറാമും ഗ്രൂപ്പു താൽപ്പര്യം വന്നപ്പോൾ പുറത്തു പോകേണ്ടി വന്നു.

തിരുവനന്തപുരം ജില്ലയിൽ നേരത്തെ മണക്കാട് സുരേഷിന്റെ പേരാണ് പരിഗണിച്ചിരുന്നത്. എന്നാൽ, എതിർപ്പു ശക്തമായപ്പോൾ ജി എസ് ബാബുവിലേക്ക് എത്തി. ശശി തരൂരിന് കൂടി താൽപ്പര്യമുള്ള നേതാവാണ് ജി എസ് ബാബു. കെ സുധാകരന്റെ പിന്തുണയും കൂടിയായപ്പോൾ ബാബുവെന്ന പേരിലേക്ക് ചുരുക്കുകയായിരുന്നു. അതേസമയം ആദിവാസി മേഖലയായ വയനാട്ടിൽ പോലും ഒരു ദളിത് നേതാവിനെ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല. പകരം കണ്ടെത്തിയ കെ കെ എബ്രഹാം ആകട്ടെ വേണുഗോപാലിന്റെ നോമിനാണ് താനും. ഇവിടെ ലിസ്റ്റിൽ മാറ്റം വരുത്താൻ രാഹുൽ ഇടപെടുമോ എന്നാണ് അറിയേണ്ടത്.

അതേസമയം വനിത ഇല്ലാത്ത ലിസ്റ്റ് അംഗീകരിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തയ്യാറാകുമോ എന്നും കണ്ടറിയണം. അതിനിടെ ഉമ്മൻ ചാണ്ടി - ചെന്നിത്തല ഗ്രൂപ്പുകൾക്ക് പ്രാതിനിധ്യം ലഭിക്കാതെ വന്നതോടെ കലാപത്തിന് ഒരുങ്ങുന്ന എ, ഐ ഗ്രൂപ്പുകളുടെ നീക്കം നടക്കുന്നുണ്ടെന്ന സൂചനകൾ ഇന്നലെ പുറത്തുവരുന്നിരുന്നു. രമേശ് ചെന്നിത്തലയുടെ സോഷ്യൽ മീഡിയ പ്രചരണത്തിനായുള്ള 'ആർസി ബ്രിഗേഡ്' എന്ന വാട്സപ്പ് ഗ്രൂപ്പിലെ ചർച്ചകൾ പുറത്തായപ്പോൾ അതിനെ തള്ളിക്കൊണ്ട് ചെന്നിത്തല രംഗത്തുവരികയും ചെയ്തു.

ഡിസിസി പ്രസിഡന്റ് പട്ടിക പുറത്തുവന്നാലുടൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ പ്രചരണം കടുപ്പിക്കണമെന്നും വാട്സപ്പ് സന്ദേശങ്ങളിൽ പ്രവർത്തകർ പറയുന്നുണ്ട്. ഡിസിസി പ്രസിഡന്റ് ആകാൻ നിന്ന നേതാക്കളുടെ ഫാൻസുകാരെ ഇളക്കിവിടണം, രമേശ് ജിയെ പുതിയ ഗ്രൂപ്പുകാർ മനഃപൂർവ്വം ആക്രമിക്കുന്നതായി വരുത്തണം, ഉമ്മൻ ചാണ്ടിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരുമായി ബന്ധപ്പെട്ട് ജോയിന്റ് അറ്റാക്ക് നൽകണം, ഗ്രൂപ്പ് കളിക്കുന്നത് ആർസിയും ഒസിയും അല്ലായെന്നും തെളിയിക്കണം, പുതിയ ലിസ്റ്റിനെതിരെ ഗ്രൂപ്പിനതീതമായി പ്രതിഷേധം ഉണ്ടാക്കണം- തുടങ്ങിയവയൊക്കെയാണ് ആർസി ബ്രിഗേഡിന്റെ ആഹ്വാനം.

നേരത്തെ എഐസിസി പരിഗണനയിലുള്ള പട്ടികയ്‌ക്കെതിരെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ശക്തമായ എതിർപ്പുയർത്തുകയാണ്. അതിനിടെ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ വെടിപൊട്ടിച്ച് കെ മുരളീധരനും കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും രംഗത്തുവന്നിരുന്നു. എല്ലാവരെയും തൃപ്തിപ്പെടുത്തി പട്ടിക തയ്യാറാക്കാനാകില്ലെന്ന് ഇരുവരും പ്രതികരിച്ചു. ഇതോടെ കൂടുതൽ ചർച്ചകൾ നടത്താതെയാണ് സതീശനും സുധാകരനും ഡൽഹിക്ക് പുറപ്പെടാൻ ഒരുങ്ങുന്നത്. നിലവിൽ ഉള്ള ലിസ്റ്റിൽ മാറ്റം വരുമോ എന്ന കാര്യം വഴിയേ മാത്രമേ അറിയാൻ സാധിക്കൂ..