വാരാണസി: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.പശുക്കളേക്കുറിച്ച് സംസാരിക്കുന്നത് ചിലരെ സംബന്ധിച്ചിടത്തോളം എന്തോ കുറ്റം പോലെയാണ്. പക്ഷേ ഞങ്ങളെ സംബന്ധിച്ച് പശു മാതാവാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.വാരാണസി മണ്ഡലത്തിൽ 870 കോടിയോളം ചെലവുവരുന്ന 22 പദ്ധതികളുടെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ക്ഷീരോത്പാദന മേഖലയെ വികസിപ്പിക്കുകയെന്നത് സർക്കാരിന്റെ പ്രധാന കർമ്മ പരിപാടികളിൽ ഒന്നാണ്.പശുക്കളേയും എരുമകളേയും കളിയാക്കുകയും അവരെക്കുറിച്ച് തമാശ പറയുകയും ചെയ്യുന്നവർ രാജ്യത്ത് എട്ട് കോടിയോളം ആളുകളുടെ ഉപജീവന മാർഗം പശുക്കളാണെന്ന് മറക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ആറ്, ഏഴ് വർഷകാലയളവിൽ രാജ്യത്ത് ക്ഷീരോത്പാദന മേഖലയിൽ 45 ശതമാനത്തോളം വളർച്ച നേടാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധവളവിപ്ലവത്തിലുണ്ടായിട്ടുള്ള പുതിയ ഊർജത്തിന് രാജ്യത്തെ കർഷകരുടെ ജീവിത സാഹചര്യത്തിൽ വലിയ മാറ്റം കൊണ്ടുവരാനാകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പത്ത് കോടിയോളം വരുന്ന ചെറുകിട കർഷകർക്ക് മൃഗസംരക്ഷണത്തിലൂടെ നേട്ടം കൈവരിക്കാൻ കഴിയും. ഇന്ത്യയിലെ ക്ഷീരോത്പന്നങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ പോലും വലിയ വിപണിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മുൻ പ്രധാനമന്ത്രി ചരൺസിങ്ങിനേയും മോദി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഓർമദിവസമായ ഇന്ന് രാജ്യം കർഷകദിനം ആചരിക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു