കോട്ടയം: പിറവം മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോട്ടയത്തെ സിപിഎമ്മിൽ രണ്ട് ശബ്ദം. പിറവത്ത് സ്ഥാനാർത്ഥിയായത് സിപിഎം അംഗമായ സിന്ധുമോൾ ജേക്കബായിരുന്നു. എന്നാൽ സിപിഎം പ്രദേശിക നേതൃത്വം ഇവർ സ്ഥാനാർത്ഥിയായത് അറിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ ഉഴവൂർ ബ്രാഞ്ച് കമ്മറ്റിയിൽ നിന്നും സിന്ധുമോളെ പുരത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് സിന്ധുമോളെ പുറത്താക്കിയത്. അതേസമയം സിന്ധുമോൾക്കെതിരായ എതിർപ്പ് പ്രാദേശികം മാത്രമാണെന്നാണ് സിപിഎം കോട്ടയം ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്.

പാർട്ടി പ്രാദേശിക നേതൃത്വത്തോട് ആലോചിക്കാതെയാണ് സിന്ധുമോൾ കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥിത്വത്തിലേക്ക് പോയതെന്നാണ് സിപിഐഎം ബ്രാഞ്ച് കമ്മറ്റിയുടെ പ്രധാന വിമർശനം. ഇതേത്തുടർന്ന് ഇന്ന് രാവിലെ ബ്രാഞ്ച് കമ്മറ്റി യോഗം ചേർന്ന് സിന്ധുവിനെ പുറത്താക്കാൻ ശുപാർശ ചെയ്യുകയും ലോക്കൽ കമ്മറ്റി ഇത് നടപ്പാക്കുകയുമായിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനം ചെയ്തതിന് പുറത്താക്കുന്നു എന്നാണ് കമ്മറ്റികളുടെ വിശദീകരണം.

എന്നാൽ സിപിഐഎം കോട്ടയം ജില്ലാ കമ്മറ്റി സിന്ധുവിനെ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ സിന്ധു മത്സരിച്ചത് സ്വതന്ത്രയായിട്ടാണെന്നും സ്വതന്ത്രമായ തീരുമാനമെടുക്കാൻ അവർക്ക് അവകാശമുണ്ടെന്നുമാണ് കോട്ടയം ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്.

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പിറവത്തുണ്ടായ എതിർപ്പ് കാര്യമാക്കുന്നില്ലെന്ന് സിപിഎം അംഗവും പിറവത്തെ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ സ്ഥാനാർത്ഥിയുമായ സിന്ധുമോൾ ജേക്കബ് വ്യക്തമാക്കി. 'സിപിഎം അംഗത്വം രാജി വെച്ച് കേരളാ കോൺഗ്രസിൽ ചേർന്ന് രണ്ടില ചിഹ്നത്തിൽ മത്സരിക്കും. പ്രശ്‌നങ്ങൾ പാർട്ടി പരിഹരിക്കും. ജിൽസ് പെരിയപ്പുറം പാർട്ടിയോടാപ്പമുണ്ടാകും. പിറവത്തെ സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമായിരുന്നുവെന്നും പേമന്റ് സീറ്റല്ലെന്നും' സിന്ധുമോൾ ജേക്കബ് പ്രതികരിച്ചു.

നേരത്തെ പിറവത്തേക്ക് പരിഗണിച്ചിരുന്ന കേരളാ കോൺഗ്രസിലെ ജിൽസ് പെരിയപുറത്തെ വെട്ടിയാണ് സിപിഎം അംഗവും ഉഴവൂര് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിന്ധുമോൾ ജോസ് വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായത്. നടപടിയിൽ പ്രതീക്ഷിച്ച് ജിൽസ് പാർട്ടിവിട്ടു. പണവും ജാതിയും നോക്കിയാണ് പാർട്ടി സ്ഥാനാർത്ഥിയെ നിർണയിച്ചതെന്നും പിറവം സീറ്റ് ജോസ് കെ മാണി വിറ്റുവെന്നും ജിൽസ് ആരോപിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ് ജിൽസ്.

ആദ്യഘട്ടത്തില് സ്ഥാനാർത്ഥി പരിഗണന പട്ടികയിൽ ജിൽസിന്റെ പേര് ഉയർന്നിരുന്നു. എന്നാൽ അന്തിമ പട്ടിക പുറത്ത് വന്നപ്പോൾ സിന്ധു മോൾ ജേക്കബിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സിപിഐഎം അംഗമായ സിന്ധുമോൾ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തംഗവുമാണ്. കഴിഞ്ഞ ദിവസവമാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടത്. കുറ്റ്യാടി ഒഴികെ 12 സീറ്റുകളിലേക്ക് കേരള കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കുറ്റ്യാടി സീറ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. നാല് ദിവസം മുമ്പ് കോൺഗ്രസ് വിട്ട് കേരള കോൺഗ്രസിലേക്ക് ചേർന്ന ഡെന്നീസ് കെ ആന്റണിയെ ഉൾപ്പെടുത്തികൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക.