ന്യൂഡൽഹി: ഡിസിസി അധ്യക്ഷന്മാരുടെ നിയമന പട്ടികയിൽ തീരുമാനം വൈകുന്നു. സമുദായ പ്രാതിനിധ്യത്തിനൊപ്പം ദളിത്, വനിതാ പ്രാതിനിധ്യവും പുതിയ പ്രശ്‌നമായി കോൺഗ്രസിനുള്ളിൽ ഉയർന്നു വന്നിരിക്കയാണ്. ഹൈക്കമാൻഡിന് മുന്നിലെ പട്ടികയിൽ ഒരു ജില്ലയിൽ എങ്കിലും വനിതാ പ്രാതിനിധ്യം വേണമെന്നതാണ് നിലപാട്. എന്നാൽ, ഇപ്പോഴത്തെ ചർച്ചകളിൽ ദളിതും വനിതയും ഇല്ലാത്ത പട്ടികയാണ് നേതാക്കൾ തയ്യാറാക്കിയിരിക്കുന്നത്.

ഡിസിസി അധ്യക്ഷന്മാരുടെ രണ്ടാംപട്ടികയുമായി കെ സുധാകരനെത്തിയിട്ടും തീരുമാനമാകുന്നില്ല. അഞ്ച് ജില്ലകളുടെ കാര്യത്തിൽ തുടരുന്ന ആശയക്കുഴപ്പം ചർച്ചകളെ എവിടെയുമെത്തിക്കുന്നില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലെ ആശയക്കുഴപ്പം പരിഹരിക്കാനാണ് ശ്രമം. സാമൂഹിക- സാമുദായിക വിഷയങ്ങളിൽ കൂടുതൽ ചർച്ച വേണ്ടിവരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കി.

തർക്കം തുടരുമ്പോൾ തിരുവനന്തപുരത്ത് ജിഎസ് ബാബു, കൊല്ലത്ത് രാജേന്ദ്ര പ്രസാദ്, ആലപ്പുഴയിൽ ബാബു പ്രസാദ് എന്നിവർക്കാണ് മുൻതൂക്കം. ആലപ്പുഴയിലും പത്തനം തിട്ടയിലും ഹിന്ദു വിഭാഗത്തിന് പ്രാതിനിധ്യം നൽകുമ്പോൾ നിലവിൽ കോട്ടയത്ത് പരിഗണനയിലുള്ള നാട്ടകം സുരേഷിന്റെ പേര് ഒഴിവാക്കേണ്ടി വരും. അങ്ങനെയെങ്കിൽ ഫിൽസൺ മാത്യൂസ്, ജോമോൻ ഐക്കര എന്നിവരിൽ ആരെയെങ്കിലും ഒരാളെ പരിഗണിക്കേണ്ടി വരും. പാലക്കാട് വി ടി ബൽറാമിനായി വിഡി സതീശനും, എ വി ഗോപിനാഥിനായി കെ സുധാകരനും വാദിക്കുമ്പോൾ കെ സി വേണുഗോപാലിന്റെ നോമിനിയായ എ തങ്കപ്പനാണ് മുൻതൂക്കം.

അതേ സമയം ഒറ്റ പേരിലെത്തിയ ചില ജില്ലകളിൽ പരിഗണനയിലുള്ളവരെ മാറ്റണമെന്ന സമ്മർദ്ദവും നേതൃത്വത്തിന് മേലുണ്ട്. സമുദായ സന്തുവലിതാവസ്ഥ പാലിക്കാൻ മലപ്പുറത്ത് വി എസ് ജോയിക്ക് പകരം ആര്യാടൻ ഷൗക്കത്തിനെ പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എറണാകുളത്ത് വിഡി സതീശന്റെ നോമിനിയായ മുഹമ്മദ് ഷിയാസിനെ പരിഗണിക്കുന്നതിലും എതിർപ്പുണ്ട്.

അതേ സമയം പുതിയ നേതൃത്വത്തിന് മേൽ സമ്മർദ്ദം ഏറുമ്പോൾ പ്രവർത്തിക്കാൻ സ്വാതന്ത്രം നൽകണമെന്നാവശ്യപ്പെട്ട് ശശി തരൂർ എംപി രംഗത്തെത്തിയത് ശ്രദ്ധേയമായി. തിരുവനന്തപുരത്ത് തന്റെ നോമിനിയാ ജിഎസ് ബാബുവിനായി തരൂർ രംഗത്തുണ്ടായിരുന്നു. അതേസമയം പാർട്ടി പുനഃസംഘടന നടത്തുമ്പോൾ വനിതകൾക്ക് അർഹമായ പ്രധാന്യം നൽകണമെന്ന നിർദ്ദേശം രാഹുൽ ഗാന്ധി നേരത്തെ തന്നെ നൽകിയിരുന്നു. എന്നാൽ കേരളത്തിൽ നിന്നും സമർപ്പിച്ച സാധ്യത പട്ടികയിൽ ഒരു വനിതകൾ പോലും ഇടം പിടിച്ചിരുന്നില്ല. ബിന്ദു കൃഷ്ണ ഡിസിസിയുടെ തലപ്പത്തുള്ള കൊല്ലത്ത് നിന്നടക്കം പകരം വന്ന പേരുകൾ എല്ലാം പുരുഷൻ മാരുടേതായിരുന്നു.

തുടക്കത്തിൽ മൂന്നോളം വന്നിതകൾ ചർച്ചകളിൽ ഇടം പിടിച്ചിരുന്നു. അതിൽ ഏറ്റവും പ്രധാനം തൃശൂരിലായിരുന്നു. പത്മജാ വേണുഗോപാലിന്റെ പേരായിരുന്നു ഇവിടെ നിന്നും ഉയർന്ന് വന്നത്. എന്നാൽ ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോൾ പത്മജ പുറത്താവുകയായിരുന്നു. വയനാട്ടിലും അവസാന നിമിഷം വരെ പികെ ജയലക്ഷ്മിയുണ്ടായിരുന്നു. എന്നാൽ പട്ടിക ഹൈക്കമാൻഡിലേക്ക് എത്തിയപ്പോൾ ജില്ലയിൽ നിന്നും ഇടം പിടിച്ചവർ പുരുഷന്മാർ മാത്രമായി. അതേസമയം പി കെ ജയലക്ഷ്മിയെ വയനാട് ഡിസിസി അധ്യക്ഷ ആക്കി ഉൾപ്പെടുത്തിയാൽ ദളിത് - വനിതാ പ്രാതിനിധ്യം ഒന്നിൽ ഒതിക്കാമെന്ന ഫോർമുലയും നേതാക്കൾക്ക് മുന്നിലുണ്ട്. എന്നാൽ, ഇതിനൊക്കം തയ്യാറാകുമോ എന്നാണ് അറിയേണ്ടത്.

വനിതകളെ പട്ടികയിൽ ഉൾപ്പെടുത്താത്തിനെതിരെ കോൺഗ്രസിൽ നിന്ന് തന്നെ എതിർ ശബ്ദങ്ങൾ ഉയർന്നിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് സരിൻ ഉൾപ്പടേയുള്ളവരാണ് വിഷയത്തിൽ ഫേസ്‌ബുക്കിലൂടെ പ്രതികരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നിലപാട് കർശനമാക്കി രാഹുൽ ഗാന്ധിയും രംഗത്ത് എത്തിയത്. ഇതോടെ സംസ്ഥാന നേതൃത്വം വെട്ടിലായി. വനിതകൾ ഒഴിവായ സാഹചര്യ രാഹുൽ ഗാന്ധിയെ ബോധിപ്പിക്കാൻ സംസ്ഥാന നേതൃത്വം ശ്രമിക്കും. എന്നിട്ടും രാഹുൽ ഗാന്ധി വഴങ്ങിയില്ലെങ്കിലും ഒരു ജില്ലയിലെങ്കിലും വനിതയെ പരിഗണിക്കേണ്ടി വരും. അങ്ങനെയെങ്കിൽ തൃശൂർ, വയനാട് ജില്ലകളാവും പരിഗണനയിൽ. അതിൽ തന്നെ ഏറ്റവും കൂടുതൽ സാധ്യത വയനാട്ടിലാണ്.

വനിതകൾ ഉണ്ടാവുമോയെന്ന കാര്യം സുധാകരനും ഹൈക്കമാൻഡും തമ്മിൽ നടത്തുന്ന ചർച്ചയിൽ വ്യക്തമാവും. പട്ടിക പ്രസിദ്ധീകരിക്കും മുൻപ് താരിഖ് അൻവറുമായി അന്തിമ കൂടിക്കാഴ്‌ച്ച നടത്തുക എന്നതാണ് കെ സുധാകരൻ ഡൽഹിയിലേക്ക് എത്തുന്നതിന്റെ പ്രധാന ഉദ്ദേശമെങ്കിലും കേരളത്തിലെ നിലവിലെ സ്ഥിതിഗതികൾ ചർച്ചയാവും. വൈകുന്നേരം പട്ടികയിൽ വീണ്ടും ചർച്ച നടക്കും. അന്തിമ രൂപമെത്തിയാൽ സോണിയ ഗന്ധിക്ക് കൈമാറും. അങ്ങനെയെങ്കിൽ പ്രഖ്യാപനം വൈകാതെ ഉണ്ടാകും.