തിരുവനന്തപുരം: ജീവനക്കാരുടെയും മുതലാളിയുടെയും ഇ എസ് ഐ വിഹിതമായ 1.19 ലക്ഷം രൂപ അടക്കാത്ത ചിക്കൻ ഷോപ്പുടമക്കെതിരെ തിരുവനന്തപുരം അഞ്ചാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി കേസെടുത്തു. നാലാഞ്ചിറ ബെഥനി കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഡങ്കിൻസ് ചിക്കൻ ഷോപ്പുടമ അജീം അബ്ദുൾ റഹീമിനെ (50) പ്രതി ചേർത്താണ് കോടതി കേസെടുത്തത്. ഫെബ്രുവരി 16 ന് പ്രതി ഹാജരാകാനും മജിസ്‌ട്രേട്ട് അശ്വതി നായർ ഉത്തരവിട്ടു.

2012-14 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2013 ഏപ്രിൽ 1 മുതൽ 2014 ഓഗസ്റ്റ് 31 വരെയുള്ള തൊഴിലാളികളുടെയും മുതലാളിയുടെയും സ്റ്റേറ്റ് ഇൻഷുറൻസ് വിഹിതമായ 1,18, 512 രൂപ അടക്കാതെയും 2012 സെപ്റ്റംബർ , 2013 മാർച്ച് , 2013 സെപ്റ്റംബർ , 2014 മാർച്ച് , 2014 സെപ്റ്റംബർ എന്നീ മാസങ്ങളിലെ ഇ എസ് ഐ വിഹിത റിട്ടേൺസ് സമർപ്പിക്കാതെയും ശിക്ഷാർഹമായ കുറ്റം ചെയ്തുവെന്നാണ് കേസ്.

1948 ൽ നിലവിൽ വന്ന ഇ എസ് ഐ നിയമത്തിലെ 85 (എ) (ഇഎസ്‌ഐ വിഹിതം അടക്കാതിരിക്കൽ) , 85 (ഇ) (റിട്ടേൺസ് സമർപ്പിക്കാതിരിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കോടതി കേസെടുത്തത്. കുറ്റ സ്ഥാപനത്തിൽ വകുപ്പ് 85 (എ) പ്രകാരം മൂന്നു വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്നതാണ്. കൂടാതെ കുറ്റ സ്ഥാപനത്തിൽ 85 (ഇ) പ്രകാരം ഒരു വർഷം വരെ തടവോ 4,000 രൂപ വരെ ആകാവുന്ന പിഴയോ രണ്ടും കൂടിയോ ചേർത്ത് ശിക്ഷ വിധിക്കാവുന്നതാണ്.