കണ്ണൂർ: കണ്ണൂർ നേതാക്കൾ തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിൽ സൈബറിടത്തിൽ കാഴ്‌ച്ചക്കാരുടെ എണ്ണത്തിൽ മുന്നിൽ സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയനെ കടത്തിവെട്ടുന്ന രാഷ്ട്രീയ ബുദ്ധിയോടെയാണ് സുധാകരൻ ബ്രണ്ണൻ വിഷയത്തിൽ അണികളുടെ താരമായത്. സുധാകരനെതിരായ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കണ്ടവരേക്കാൽ കൂടുതലാണ് കൊച്ചി ഡിസിസിയിൽ കെപിസിസി അധ്യക്ഷന്റെ വാർത്താസമ്മേളനം സൈബറിടത്തിൽ കണ്ടത്. മിക്ക ചാനലുകളുടെയും പ്രൈംടൈമിൽ താരമായി നിറഞ്ഞു നിൽക്കുകയായിരുന്നു സുധാകരൻ. അടുത്തകാലത്ത് മുഖ്യമന്ത്രിക്ക് മാത്രം ലഭ്യമായിരുന്ന കാഴ്‌ച്ചക്കാരാണ് സുധാകരനും ഉണ്ടായിരിക്കുന്നത്.

ഇതിൽ നിന്നും തന്നെ പിണറായി വിജയനുള്ള ശക്തനായ എതിരാളിയായി സുധാകരൻ മാറിയെന്ന് വ്യക്തമാണ്. കണ്ണൂർ സിപിഎമ്മിന്റെ നമ്പർ വൺ ശത്രുവായും സുധാകരൻ മാറി. മുഖ്യമന്ത്രിയുടെ വിമർശനത്തിന് അപ്പോൾ തന്നെ മറുപടി നൽകാതെ കാത്തിരുന്ന് സമയം നിശ്ചയിച്ചു മറുപടി നൽകിയതാണ് അദ്ദേഹത്തിന്റെ വിജയമായി മാറിയത്. ഇതോടെ സുധാകരന്റെ മറുപടി എന്താകുമെന്ന ആകാംക്ഷ കേരള സമൂഹത്തിൽ നിറയുകയും ചെയ്തു. അതാകട്ടെ മുഖ്യമന്ത്രിയേക്കാൾ കാഴ്‌ച്ചക്കാരെ സമ്മാനിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നും കണ്ണുരിലെത്തിയ സുധാകരന് പൊലിസ് കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് എണ്ണിപ്പറഞ്ഞതും മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്തതോടെ സിപിഎം പ്രവർത്തകർ സുധാകരനെ നോട്ടമിട്ടു കഴിഞ്ഞു. സുധാകരനെതിരെ സിപിഎം പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടും എത്തി. ഇതോടു കൂടിയാണ് അദ്ദേഹത്തിന്റെ പൊലീസ് സുരക്ഷയും വർധിപ്പിച്ചത്.

അതേസമയം ഇപ്പഴത്തെ വിവാദം കൂടുതൽ മുന്നോട്ടു കൊണ്ടുപോകാൻ കോൺഗ്രസിനും താൽപ്പര്യമില്ല. മരംകൊള്ള ഉൾപ്പെടെ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിവാദ വിഷയങ്ങളിൽ കേന്ദ്രീകരിക്കണമെന്നും മറ്റു വിഷയങ്ങൾ അപ്രസക്തമാണെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോൺഗ്രസിലെ മുതിർന്ന നേതാക്കളും. അതുകൊണ്ടു തന്നെ വിവാദങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനുള്ള സമ്മർദ്ദം കോൺഗ്രസിനകത്തും ശക്തമാണ്.

ഐ.എൻ.ടി.യു.സി നേതാവ് കെ സുരേന്ദ്രന്റെ ഒന്നാം ചരമവാർഷിക ദിനാചരണത്തിനോടനുബന്ധിച്ച് പയ്യാമ്പലത്ത് തിങ്കളാഴ്‌ച്ച രാവിലെ നടക്കുന്ന അനുസ്മരണ പരിപാടിയിൽ കെ.സുധാകരൻ പങ്കെടുക്കടുക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റായതിനു ശേഷം സുധാകരൻ കണ്ണുരിൽ പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിത്. ഇതിൽ അദ്ദേഹം എന്തു പറയും എന്ന ആകാംക്ഷയും നിലനിൽക്കുന്നു.

അതേസമയം സുധാകരൻ നടത്തിയ വിമർശനങ്ങൾ കണ്ണുരിൽ സിപിഎമ്മിനെ അടിമുടി പിടിച്ചുകുലുക്കിയിട്ടുണ്ട്. നാൽപാടി വാസു -സേവ് റി ഹോട്ടൽ ജീവനക്കാരൻ നാണു എന്നിവരുടൈകൊലപാതകങ്ങളിൽ പുനരന്വേഷണം വേണമെന്ന കുടുംബാംഗങ്ങളുടെ ആവശ്യത്തെ മുൻനിർത്തി സുധാകരനെ നിയമകുരുക്കിലാക്കാനുള്ള നീക്കങ്ങളാണ് സിപിഎം നടത്തുന്നത്.ഇവയെല്ലാം സുധാകരന്റെ നിർദ്ദേശപ്രകാരം നടത്തിയതാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ചുണ്ടിക്കാട്ടി.

സേവ് റിഹോട്ടലിന് ബോംബേറിഞ്ഞത് സുധാകരൻ തൃശൂരിലെ തൃപയാറിൽ നിന്നും ഇറക്കിയ ക്വട്ടേഷൻ സംഘമാണ് നാൽപ്പാടി വാസു വധക്കേസിലെ എഫ്.ഐ.ആർ പ്രകരം സുധാകരൻ പ്രതിയാണ് സുധാകരനെ രക്ഷിക്കാനായി വെടിവെച്ചുവെന്നാണ് അന്നത്തെ ഗൺമാൻ കോടതിയിൽ പറഞ്ഞത്. എന്നാൽ ഇപ്പോൾ സുധാകരൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞത് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടത് നിരപരാധിയാണെന്നാണ്.ഇതിൽ വൈരുധ്യമുണ്ട്. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ കെ.സുധാകരൻ തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമോയെന്ന കാര്യം വ്യക്തമാക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

ഇ പി. ജയരാജനെ വെടിവെച്ചു കൊല്ലാൻ തോക്ക് സംഘടിപ്പിച്ചു കൊടുത്തത് സുധാകരനാന്നെന്ന് പിടിയിലായ പ്രതികൾ റെയിൽവേ പൊലിസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ഭരണ സ്വാധീനം ഉപയോഗിച്ചാണ് സുധാകരൻ കേസുകളിൽ നിന്നും രക്ഷപ്പെട്ടതെന്നും ജയരാജൻ പറഞ്ഞു. ഭരണസ്വാധീനമുപയോഗിച്ചാണ് സുധാകരൻ കേസുകളിൽ നിന്നും രക്ഷപ്പെട്ടത്. തലശേരി കലാപത്തെ കുറിച്ച് സുധാകരന് ഒരു ചുക്കുമറിയില്ലെന്നും വിതയത്തിൽ കമ്മിഷൻ റിപ്പോർട്ട് സുധാകരൻ വായിച്ചു നോക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

ഇതിനിടെ സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിന്റെ പരാതിയിൽ വിജിലൻസ് കേസെടുത്തേക്കുമെന്ന സൂചനയുണ്ട്.സുധാകരന്റെ അനധികൃത സ്വത്ത് സമ്പാദാനം, നടാലിലെ ആഡംബര വീട് നിർമ്മാണം, കെ.കരുണാകരൻ ട്രസ്റ്റിനായി ചിറക്കൽ സ്‌ക്കൂൾ ഏറ്റെടുക്കാൻ നടത്തിയ പണപ്പിരിവ് എന്നിവ അന്വേഷിക്കണമെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.