കേപ് ടൗൺ : ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിൽ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്ക മികച്ച നിലയിൽ. രണ്ട് ദിവസത്തെ മത്സരം ശേഷിക്കെ ആതിഥേയർക്ക് ജയിക്കാൻ 111 റൺസ് മതി. ഇന്ത്യക്ക് വേണ്ടത് 8 വിക്കറ്റും.മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ഓപ്പണർ എയ്ഡൻ മർക്റാം (22 പന്തിൽ 16), ക്യാപ്റ്റൻ ഡീൻ എൽഗാർ (96 പന്തിൽ 30) എന്നിവരാണു പുറത്തായത്. 61 പന്തുകൾ നേരിട്ട് 48 റൺസെടുത്തു കീഗൻ പീറ്റേഴ്‌സൻ പുറത്താകാതെ നിൽക്കുന്നു.

ടെസ്റ്റ് കരിയറിലെ നാലാം സെഞ്ചുറിയുമായി പന്ത് പടനയിച്ചതോടെ കേപ് ടൗൺ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ ഇന്ത്യ ഉയർത്തിയത് 212 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 67.3 ഓവറിൽ 198 റൺസിന് പുറത്തായതോടെയാണ് 13 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് കൂടി ചേർത്ത് ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ 212 റൺസ് വിജയലക്ഷ്യം ഉയർന്നത്. പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിൽ ഇരു ടീമുകളും ഓരോ വിജയം നേടിയതിനാൽ മൂന്നാം ടെസ്റ്റ് ജയിക്കുന്നവർക്ക് പരമ്പര നേടാം.

ഋഷഭ് പന്ത് 139 പന്തിൽ ആറു ഫോറും നാലു സിക്‌സും സഹിതം 100 റൺസുമായി പുറത്താകാതെ നിന്നു. ഒരുവശത്ത് വിക്കറ്റുകൾ യഥേഷ്ടം കൊഴിയുമ്പോഴാണ് മറുവശത്തു തകർപ്പൻ ഇന്നിങ്‌സുമായി പന്ത് ഇന്ത്യയെ കാത്തത്. ഏകദിന ശൈലിയിൽ തകർത്തടിച്ച പന്ത് 133 പന്തിലാണ് ടെസ്റ്റിലെ നാലാം സെഞ്ചുറി കുറിച്ചത്. ആറു ഫോറും നാലു സിക്‌സും ഉൾപ്പെടുന്നതാണ് പന്തിന്റെ സെഞ്ചുറി. നേരത്തേ, നാലിന് 58 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ വിരാട് കോലിക്കൊപ്പം പന്ത് പടുത്തുയർത്തിയ 94 റൺസിന്റെ കൂട്ടുകെട്ടാണ് കരുത്തായത്. കോലി 143 പന്തിൽ നാലു ഫോറുകൾ സഹിതം 29 റൺസെടുത്ത് പുറത്തായി.

ചേതേശ്വർ പൂജാര (15 പന്തിൽ ഏഴ്), അജിൻക്യ രഹാനെ (ഒൻപത് പന്തിൽ ഒന്ന്), രവിചന്ദ്രൻ അശ്വിൻ (15 പന്തിൽ ഏഴ്), ഷാർദുൽ ഠാക്കൂർ (13 പന്തിൽ അഞ്ച്), ഉമേഷ് യാദവ് (0), മുഹമ്മദ് ഷമി (0), ജസ്പ്രീത് ബുമ്ര (2) എന്നിവരാണ് ഇന്ന് പുറത്തായ മറ്റുള്ളവർ. ഓപ്പണർമാരായ കെ.എൽ. രാഹുൽ (22 പന്തിൽ 10), മയാങ്ക് അഗർവാൾ (15 പന്തിൽ ഏഴ്) എന്നിവർ രണ്ടാം ദിനം അവസാന സെഷനിൽ പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ ജാൻസൻ നാലും ലുങ്കി എൻഗിഡി, കഗീസോ റബാദ എന്നിവർ മൂന്നു വിക്കറ്റ് വീതവും വീഴ്‌ത്തി.