കേപ്ടൗൺ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരം നാളെ തുടങ്ങും. കേപ്ടൗണിൽ ആണ് മത്സരം. ആദ്യ ടെസ്റ്റിൽ ഇന്ത്യയും രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുമാണ് ജയിച്ചത്. കേപ്ടൗണിൽ ജയിക്കുന്നവർക്ക് പരമ്പര നേടാം.

കേപ്ടൗണിൽ വീണ്ടുമൊരു മത്സരത്തിന് അരങ്ങുണരുമ്പോൾ ആദ്യം ഓർമ്മയിലെത്തുക മലയാളി പേസർ ശ്രീശാന്തിന്റെ മാജിക്കൽ സ്‌പെല്ലാണ്.കേപ്ടൗണിൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ഒരേയൊരു ഇന്ത്യൻ പേസർ ശ്രീശാന്താണ്. 2011ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലായിരുന്നു ശ്രീശാന്തിന്റെ ഇന്ദ്രജാലം. നിർണായകമായ മൂന്നാം ടെസ്റ്റിൽ കൂറ്റൻ സ്‌കോറിലേക്ക് പോവുകയായിരുന്ന ആതിഥേയരെ പിടിച്ചുകെട്ടിയത് മലയാളി താരത്തിന്റെ തകർപ്പൻ സ്പെൽ.

ഹാഷിം അംല, എബി ഡിവില്ലിയേഴ്സ്, ആഷ്വെൽ പ്രിൻസ്, മാർക്ക് ബൗച്ചർ, മോണി മോർക്കൽ എന്നിവരാണ് ആദ്യ ഇന്നിങ്സിൽ ശ്രീശാന്തിന് മുന്നിൽ വീണത്. സച്ചിൻ ടെണ്ടുൽക്കറിന്റെ സെഞ്ച്വറിയോടെ തിരിച്ചടിച്ച ഇന്ത്യ മത്സരവും പരമ്പര സമനിലയിലാക്കി. രണ്ടാം ഇന്നിങ്സിൽ ഹർഭജൻ സിംങ്ങിന്റെ തകർപ്പൻ ബൗളിങ്ങും കേപ്ടൗണിലെ ഇന്ത്യയുടെ നല്ല ഓർമയാണ്.ഏഴ് വിക്കറ്റാണ് ഭാജി രണ്ടാം ഇന്നിങ്സിൽ നേടിയത്.

അന്നത്തെ പരമ്പരയ്ക്ക് സമാനമായി നിർണായകമായ മൂന്നാം ടെസ്റ്റിന് കേപ്ടൗണിൽ ഇറങ്ങുമ്പോൾ ഫലമെന്താകുമെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. വാണ്ടറേഴ്സിൽ കളിക്കാതിരുന്ന ഇന്ത്യൻ നായകൻ വിരാട് കോലി അന്തിമ ഇലവനിലേക്ക് തിരിച്ചെത്തുമെന്നത് ഇന്ത്യക്ക് അനുകൂലമാണ്.അതേസമയം പരിക്കേറ്റ മുഹമ്മദ് സിറാജിന് പകരം ഉമേഷ് യാദവോ ഇഷാന്ത് ശർമയോ ഇന്ത്യൻ ടീമിൽ എത്തിയേക്കും.