മുംബൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം ഈമാസം 16ന് യാത്ര തിരിക്കും. മൂന്ന് വീതം ടെസ്റ്റും ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കളിക്കുക. നാല് ടി20 മത്സരങ്ങൾകൂടി പരമ്പരയിൽ ഉണ്ടായിരുന്നുവെങ്കിലും ഓമിക്രോൺ ഭീഷണിയെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു.

ടെസ്റ്റ് പരമ്പര കഴിയുന്നത് വരെ, 44 ദിവസം ഇന്ത്യൻ താരങ്ങൽ ബയോബബിളിൽ കഴിയേണ്ടിവരും. ഏകദിന പരമ്പരയിൽ കളിക്കുന്നവർ എട്ട് ദിവസം അധികം ബയോബബിളിൽ കഴിയേണ്ടി വരും. 12ന് ഇന്ത്യൻ താരങ്ങൾ മുംബൈിൽ ഒത്തുച്ചേരും. അവിടെ നാല് ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷം ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും.

താരങ്ങളുടെ സുരക്ഷ മുന്നിൽകണ്ടാണ് ദക്ഷിണാഫ്രിക്കയിലെത്തിയാൽ പര്യടനം തീരുന്നതു വരെ ബയോബബിളിനകത്തു തന്നെ തുടരണമെന്ന നിർദ്ദേശം ബിസിസിഐ നൽകിയിരിക്കുന്നത്. നേരത്തെ ഓമിക്രോൺ ഭീഷണിയെ തുടർന്ന് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം നേരത്തേ അനിശ്ചിതത്വത്തിലായിരുന്നു.

പിന്നാലെ രണ്ട് രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോർഡുകൾ സംസാരിച്ചതിനെ തുടർന്ന് കുറച്ച് വൈകി തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ നിശ്ചയിച്ചത് പ്രകാരം ടെസ്റ്റ് പരമ്പര 17നും ആരംഭിക്കേണ്ടതായിരുന്നു. പുതുക്കിയ ഷെഡ്യൂൾ പ്രകാരം 26ലേക്ക് മാറ്റുകയായിരുന്നു.

സെഞ്ചൂറിയനാണ് ആദ്യ ടെസ്റ്റിനു ആതിഥേയത്വം വഹിക്കുന്നത്. രണ്ടാം ടെസ്റ്റ് ജനുവരി മൂന്നു മുതൽ ജൊഹന്നാസ്ബർഗിലും മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് 11 മുതൽ കേപ്ടൗണിലും നടക്കും.