സെഞ്ചൂറിയൻ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ദക്ഷിണാഫ്രിക്കയെ 197 റൺസിന് പുറത്താക്കിയ ഇന്ത്യയ്ക്ക് 130 റൺസിന്റെ നിർണായക ഒന്നാം ഇന്നിങ്സ് ലീഡ്. 16 ഓവറിൽ 44 റൺസിന് അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിയാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ജസ്പ്രീത് ബുംറയും ഷാർദുൽ താക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. 103 പന്തിൽ നിന്ന് 10 ബൗണ്ടറികളടക്കം 52 റൺസെടുത്ത ടെംബ ബവുമയാണ് പ്രോട്ടീസിന്റെ ടോപ് സ്‌കോറർ.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. 14 പന്തിൽ നാല് റൺസ് എടുത്ത് നിൽക്കെ ഓപ്പണർ മായങ്ക് അഗർവാളിന്റെ വിക്കറ്റ് നഷ്ടമായി. മാർക്കോ യാൻസെന്റെ പന്തിൽ ക്വിന്റൺ ഡി കോക്ക് ക്യാച്ച് എടുത്ത് പുറത്താക്കുകയായിരുന്നു. ഇന്ത്യ നിലവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എന്ന നിലയിലാണ്. മൂന്നാം ദിനം കളി നിർത്തുമ്പോൾ അഞ്ച് റൺസ് എടുത്ത ഓപ്പണർ കെ എൽ രാഹുലും നാല് റൺസുമായി ഷാർദൂൽ ഠാക്കൂറുമാണ് ക്രീസിൽ.

ഒന്നാം ഇന്നിങ്‌സിൽ ലുങ്കി എൻഗിഡിയുടെ പേസ് ആക്രമണത്തിന് മുന്നിൽ പതറിയ ഇന്ത്യ ആതിഥേയർക്ക് അതേ പേസ് ആക്രമണത്തിലൂടെ മറുപടി നൽകി. മൂന്ന് വിക്കറ്റിന് 272 എന്ന സ്‌കോറിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ ആദ്യ സെഷനിൽത്തന്നെ 327 റൺസിന് ഓൾഔട്ടായിരുന്നു. 71 റൺസിന് 6 വിക്കറ്റെടുത്ത ലുങ്കി എൻഗിഡി, 72 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത കഗീറോ റബാദ എന്നിവരുടെ ഉജ്വല ബോളിങ്ങാണു ദക്ഷിണാഫ്രിക്കയ്ക്കു കരുത്തായത്. മാർക്കോ യാൻസെൻ ഒരു വിക്കറ്റെടുത്തു.

തുടർന്ന് ഒന്നാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഡീൻ എൽഗാർ (1), കീഗൻ പീറ്റേഴ്സൺ (15), എയ്ഡൻ മാർക്രം (13), റസ്സി വാൻ ഡെർ ദസ്സൻ (3) എന്നിവർ സ്‌കോർബോർഡിൽ 32 റൺസ് ചേർക്കുന്നതിനിടെ തന്നെ മടങ്ങി.

തുടർന്ന് ക്രീസിൽ ഒന്നിച്ച ടെംബ ബവുമ - ക്വിന്റൺ ഡിക്കോക്ക് സഖ്യമാണ് സ്‌കോർ 100 കടത്തിയത്. 63 പന്തിൽ നിന്ന് 34 റൺസെടുത്ത ഡിക്കോക്കിനെ മടക്കി ഷാർദുൽ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അഞ്ചാം വിക്കറ്റിൽ 72 റൺസ് ചേർത്ത ഈ സഖ്യമാണ് ദക്ഷിണാഫ്രിക്കയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.

പിന്നാലെ 12 റൺസെടുത്ത വിയാൻ മൾഡറെ ഷമി മടക്കി. ഇന്ത്യൻ പേസർമാരെ നേരിട്ട് 103 പന്തിൽ നിന്നും 52 റൺസെടുത്ത ബവുമയുടെ ഊഴമായിരുന്നു അടുത്തത്. താരത്തെ ഷമി ഋഷഭിന്റെ കൈകളിലെത്തിക്കുകയായിരുന്നു. മാർക്കോ യാൻസൻ (19), കാഗിസോ റബാദ (25), കേശവ് മഹാരാജ് (12) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

അതേസമയം ബൗളിങ്ങിനിടെ ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 11-ാം ഓവർ ബൗൾ ചെയ്യുന്നതിനിടെ ഫോളോ ത്രൂവിന് ശേഷം ബുംറയുടെ വലതുകാലിന്റെ ഉപ്പൂറ്റിക്ക് പരിക്കേൽക്കുകയായിരുന്നു. വൈദ്യസഹായം തേടിയ ബുംറ വൈകാതെ മൈതാനം വിട്ടു. എന്നാൽ 50 ഓവർ പിന്നിട്ട ശേഷം ബുംറ കളത്തിലേക്ക് മടങ്ങിയെത്തി.

നേരത്തെ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 327 റൺസിന് പുറത്തായിരുന്നു. മഴമൂലം പൂർണമായും നഷ്ടമായ രണ്ടാം ദിനത്തിനു ശേഷം മൂന്നാം ദിനം കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് 55 റൺസ് കൂടി മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ.

മൂന്നാം ദിനം മൂന്നിന് 272 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ ആറു വിക്കറ്റുകൾ 49 റൺസിനിടെ നിലംപൊത്തി. ആറു വിക്കറ്റുകൾ വീഴ്‌ത്തിയ ലുങ്കി എൻഗിഡിയാണ് ഇന്ത്യയെ തകർത്തത്.

260 പന്തിൽ നിന്ന് ഒരു സിക്‌സും 16 ഫോറുമടക്കം 123 റൺസെടുത്ത കെ.എൽ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. താരത്തിന്റെ ഏഴാം ടെസ്റ്റ് സെഞ്ചുറിയാണിത്. വദേശ മണ്ണിൽ ആറാമത്തേതും. രഹാനെ 102 പന്തുകൾ നേരിട്ട് 48 റൺസെടുത്തു.

ഋഷഭ് പന്ത് (8), ആർ. അശ്വിൻ (4), ഷാർദുൽ താക്കൂർ (4) എന്നിവരെല്ലാം തന്നെ നിരാശപ്പെടുത്തി. 14 റൺസെടുത്ത ജസ്പ്രീത് ബുംറയ്ക്കാണ് പിന്നീട് രണ്ടക്കം കാണനായത്. ഷമി എട്ടു റൺസെടുത്ത് പുറത്തായി. സിറാജ് നാലു റൺസോടെ പുറത്താകാതെ നിന്നു.

ക്ഷമയോടെ പിടിച്ചുനിന്ന് ഓപ്പണിങ് വിക്കറ്റിൽ 117 റൺസ് കൂട്ടിച്ചേർത്ത കെ.എൽ രാഹുൽ - മായങ്ക് അഗർവാൾ സഖ്യം ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചിരുന്നു. 123 പന്തിൽ 9 ബൗണ്ടറിയടക്കം 60 റൺസെടുത്ത മായങ്കിനെ മടക്കി ലുങ്കി എൻഗിഡിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച രാഹുൽ - ക്യാപ്റ്റൻ വിരാട് കോലി സഖ്യം ഇന്ത്യയെ 150 കടത്തി. 82 റൺസ് സ്‌കോർ ബോർഡിലേക്ക് ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.

94 പന്തിൽ നിന്ന് 4 ബൗണ്ടറിയടക്കം 35 റൺസെടുത്ത കോലിയേയും എൻഗിടി തന്നെയാണ് മടക്കിയത്. രാജ്യാന്തര ക്രിക്കറ്റിൽ ഒരു സെഞ്ചുറിക്കായുള്ള കോലിയുടെ കാത്തിരിപ്പ് രണ്ടു വർഷം പിന്നിട്ടുകഴിഞ്ഞു.മൂന്നാം ദിനം 15.3 ഓവർ മാത്രമാണ് ഇന്ത്യയ്ക്കു ബാറ്റു ചെയ്യാനായത്. 20 റൺസ് ചേർക്കുന്നതിനിടെ 6 വിക്കറ്റുകളാണ് ഇന്ത്യ നഷ്ടമാക്കിയത്.