ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഡോളർ കടത്തിൽ ആരോപണ വിധേയനാകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തതെന്നും സുധാകരൻ ചോദിച്ചു.

ബിജെപി പ്രാദേശിക നേതാക്കന്മാർ പലരും വാതോരാതെ പ്രസംഗിച്ചത് കണ്ടു. പക്ഷേ നടപടിയെവിടെ ബിജെപിയും സിപിഎമ്മും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടില്ലെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നില്ല. മുഖ്യമന്ത്രിക്കെതിരെ നിയമനടപടിയുമായി കേന്ദ്രം പോകാത്തത് എന്തുകൊണ്ടാണ് ബിജെപി നേതാക്കൾ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യം 75ലെത്തിയിരിക്കേ ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾക്ക് കോൺഗ്രസ് തുടക്കം കുറിക്കുകയാണെന്ന് കെ. സുധാകരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെപിസിസി ഓഫീസ് അങ്കണത്തിൽ 75 ദീപങ്ങൾ തെളിയിച്ച് തുടക്കം കുറിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ബൂത്തു തലം മുതൽ ഞായറാഴ്ച രാവിലെ ദേശീയ പതാക ഉയർത്തും. സ്വാതന്ത്ര്യ സമര സേനാനികളെയും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കും.