കോഴിക്കോട്: സ്വർണ കള്ളക്കടത്ത് കേസിൽ സിപിഎമ്മിനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വർണ്ണക്കടത്ത് സംഘത്തിന് സിപിഎമ്മുമായി നേരിട്ട് ബന്ധമുണ്ട് എന്നത് വ്യക്തമാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. കള്ളക്കടത്തിന് ഉപയോഗിച്ച കാറ് ഇതുവരെ പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. പൊലീസിന്റെ സഹായത്തോടുകൂടിയാണ് ക്രിമിനിൽ സംഘം കാറ് കടത്തിയത്. കസ്റ്റംസ് പിടികൂടുമെന്നുറപ്പായപ്പോഴാണ് കണ്ണൂരിലെ പാർട്ടിയുടെ സഹായത്തോട് കൂടി കാറ് കടത്തിയതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

ഉന്നതനായ ഒരു സിപിഎം നേതാവിന്റേതാണ് കാറ്. സഹകരണ ബാങ്കിലെ ഒരു ജീവനക്കാരനാണ് ഇയാൾ. സ്വർണ കള്ളക്കടത്ത് പണം സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നതായിട്ട് കേന്ദ്ര ഏജൻസികൾക്ക് മനസ്സിലായിട്ടുണ്ട്. ഗുണ്ടാ സംഘങ്ങൾക്ക് ലൈക്കടിക്കരുതെന്ന് ഫേസ്‌ബുക്കിലൂടെ പ്രസ്താവന ഇറക്കിയ ഡിവൈഎഫ്ഐ നേതാവ് ഹലാൽ-ഇസ്ലാമിക് ബാങ്കിന്റെ കണ്ണൂർ ജില്ലയിലെ ചുമതലക്കാരനെന്നും സുരേന്ദ്രൻ പറഞ്ഞു.

കൊടുവള്ളിയിലെ കാരാട്ട് റസാഖിന്റേയും ഫൈസലിന്റേയും ബന്ധങ്ങളാണ് സിപിഎം കള്ളകടത്തിന് ഉപയോഗിക്കുന്നത്. സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘമാണ് കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രവർത്തിച്ചിട്ടുള്ളത് എന്നത് വ്യക്തമാണ്. തിരുവനന്തപുരത്തും ഇതുതന്നെയാണ് സംഭവിച്ചിട്ടുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.

'രാമനാട്ടുകര അപകടത്തെ തുടർന്നുള്ള സ്വർണ കള്ള കടത്ത് കേസ് അന്വേഷണം പാർട്ടിയിലേക്ക് എത്തിയപ്പോൾ നിലച്ചിരിക്കുകയാണ്. ആകാശ് തില്ലങ്കേരിയും കൊടി സുനിയും അർജുൻ ആയങ്കിയുമൊക്കെ സിപിഎമ്മിന്റെ ആളുകളാണ്. എന്നിട്ട് പറയുകയാണ് ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ 3000 കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്ന്. ആരെ പറ്റിക്കാനാണ് ജയരാജാ ഈ തട്ടിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. എന്തൊരു ബിഡലാണിത്. എന്താ നിങ്ങൾ ഉദ്ദേശിക്കുന്നത്. ഒരു സംഭവത്തിൽ മാത്രമല്ല ഈ ഇരട്ടത്താപ്പ്' കെ.സുരേന്ദ്രൻ കോഴിക്കോട് നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിൽ സ്ത്രീകൾക്കെതിരായ അക്രമങ്ങളും കൊലപാതകങ്ങളും നാൾക്കുനാൾ വർധിച്ചുവരികയാണ്. പൊലീസിൽ നിന്ന് യാതൊരു നീതിയും ലഭിക്കുന്നില്ലെന്ന് വനിതാ കമ്മീഷൻ തന്നെ പറയുന്നു. ജനങ്ങളുടെ സമ്മർദ്ദംമൂലമാണ് ജോസഫൈൻ രാജിവെച്ച് പുറത്ത് പോയതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.