കടയ്ക്കൽ: കുടുംബ വഴക്കിനെ തുടർന്നാണ് കൊല്ലം കടയ്ക്കലിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത്. നിരന്തരമായ വഴക്ക് ഈ കുടുംബത്തിൽ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറുയുന്നത്. കോട്ടപ്പുറം മേവനക്കോണം ലതാമന്ദിരത്തിൽ ജിൻസി (27) ആണ് മരിച്ചത്. കൊലപാതകത്തിന് പിന്നാലെ ഭർത്താവ് ദീപു (28) കടയ്ക്കൽ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. തലയിലും ശരീരമാസകലവും വെട്ടേറ്റ ജിൻസി തൽക്ഷണം മരിച്ചു. 25ലെറെ വെട്ടുകളായിരുന്നു ജിൻസിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.

ഒരാഴ്ച മുമ്പുണ്ടായ വഴക്കിനെതുടർന്ന് ജിൻസി മാതാവിനൊപ്പം പൊലീസ് സ്‌റ്റേഷനിൽ എത്തി ദീപുവിനെതിരെ പരാതി നൽകിയിരുന്നു. പ്രശ്‌നത്തിൽ ഇടപെട്ട പൊലീസ് ഒത്തുതീർപ്പാക്കി വിടുകയായിരുന്നു. ഈ പൊലീസ് പരാതി ദീപുവിൽ കൂടുതൽ പകയ്ക്ക് ഇടയാക്കി. ചുണ്ട പട്ടാണിമുക്ക് സ്വദേശിയായ ദീപു രണ്ടുമാസം മുമ്പാണ് മേവനക്കോണത്ത് വീടുവെച്ച് കുടുംബസമേതം താമസമാക്കിയത്. പുതിയ വീട്ടിലും കലഹം തുടരുകയായിരുന്നു. ഇതോടെ

ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു അതിക്രൂരമായ കൊലപാതകം നടന്നത്. കലഹത്തെ തുടർന്ന് ജിൻസി ജിൻസിയുടെ വീട്ടിലും ദീപു സ്വന്തം വീട്ടിലുമായിരുന്നു താമസം. ഇവർക്കിടയിലെ പ്രശ്നങ്ങൾ തീർക്കാനുള്ള അനുരഞ്ജന ശ്രമങ്ങൾ നടന്നിരുന്നെങ്കിലും അതൊന്നും ഫലവത്തായില്ല.

ഇന്ന് വൈകീട്ടോടെ ജിൻസിയുടെ വീട്ടിലേക്ക് അതിക്രമിച്ചു എത്തിയ ദീപു, വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ജിൻസിയുടെ തലയ്ക്കാണ് വെട്ടേറ്റത്. സംഭവം കണ്ട് ആക്രമണം തടയാൻ ശ്രമിച്ച മകനെയും ദീപു ആക്രമിച്ചു. തുടർന്ന് കുട്ടി ഓടിരക്ഷപ്പെട്ട് അൽപം ദൂരെയുള്ള കടയിലെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴേക്കും ജിൻസി മൃതപ്രായ ആയിരുന്നു.

25-ൽ അധികം വെട്ടുകൾ ജിൻസിക്ക് ഏറ്റിരുന്നു. ജിൻസിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറച്ച് ഉൾപ്രദേശത്താണ് ജിൻസിയുടെ വീട്. അതുകൊണ്ടു തന്നെ ഇവരെ ആശുപത്രിയിൽ എത്തിക്കാൻ വൈകുകയും ചെയ്തിരുന്നു. ആക്രമണത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ട ദീപു, പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

പാരിപ്പള്ളിയിലെ ഒരു സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ സൂപ്പർ വൈസറായിരുന്നു ജിൻസി. ഇരുവരും തമ്മിൽ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാവാം ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. രണ്ടു കുട്ടികളാണ് ജിൻസി-ദീപു ദമ്പതിമാർക്ക്. മത്സ്യവണ്ടിയുടെ ഡ്രൈവറാണ് ദീപു. മൃതദേഹം കടയ്ക്കൽ താലൂക്കാശുപത്രി മോർച്ചറിയിൽ. മക്കൾ: ധീരജ്, ദിയ.