ന്യൂഡല്‍ഹി: ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയ്ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്ക്കെതിരേ പോലീസ് കേസെടുത്തു. വനിതാ കമ്മിഷന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഡല്‍ഹി പോലീസാണ് മഹുവയ്ക്കെതിരേ കേസെടുത്തത്.

സമൂഹമാധ്യമങ്ങളിലൂടെയാണ് മഹുവ വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്കെതിരേ പരാമര്‍ശം നടത്തിയത്. കേസെടുത്തതിന് പിന്നാലെ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡല്‍ഹി പോലീസ് പ്രത്യേകസെല്ലിലെ ഐ.എഫ്.എസ്.ഒ യൂണിറ്റ് സമൂഹമാധ്യമമായ എക്സില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കും. വ്യാഴാഴ്ചയാണ് മഹുവ രേഖ ശര്‍മ്മയ്ക്കെതിരേ ആഞ്ഞടിച്ചത്. ഉത്തര്‍പ്രദേശിലെ ഹഥ്റാസില്‍ മതചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121-പേര്‍ മരിച്ച സ്ഥലത്ത് രേഖ സന്ദര്‍ശനം നടത്തിയിരുന്നു.

ഇതിന്റെ വീഡിയോ പങ്കുവെച്ചാണ് മഹുവ എക്സില്‍ രേഖ ശര്‍മ്മയ്ക്ക് െേനേര തിരിഞ്ഞത്. വീഡിയോയില്‍ രേഖയ്ക്ക് പിന്നില്‍ നില്‍ക്കുന്ന വ്യക്തി അവര്‍ക്ക് കുടപിടിച്ചുകൊടുക്കുന്നുണ്ടായിരുന്നു. ഇതടക്കം വിമര്‍ശിച്ചാണ് മഹുവ രംഗത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് തുടര്‍നടപടികളിലേക്ക് കടന്നേക്കും.